ഉപതെരഞ്ഞെടുപ്പ്; 18 ൽ 10 സീറ്റും നേടി എൽഡിഎഫ്

12 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ എൽഡിഎഫിന് വൻ വിജയം. 18 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പത്ത് സീറ്റുകളിൽ എൽഡിഎപും ഏഴ് സീറ്റുകളിൽ യുഡിഎഫും ഒരു സീറ്റിൽ ബിജെപിയും വിജയിച്ചു.
12 ജില്ലകളിലെ മൂന്ന് നഗരസഭ ഡിവിഷനിലേക്കും ഒരു ബ്ലോക്ക് പഞ്ചായത്ത് വാർഡിലേക്കും 14 പഞ്ചായത്ത് വാർഡിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് നേടിയ സീറ്റുകളിൽ 4 എണ്ണം യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായിരുന്നു. മലപ്പുറത്ത് രണ്ട് യുഡിഎഫ് സിറ്റിംഗ് സീറ്റും എൽഡിഎഫ് നേടി. തലക്കാട് കാരയിൽ പഞ്ചായത്ത് വാർഡ്, എടക്കര പഞ്ചായത്ത് പള്ളിപ്പടി വാർഡ് എന്നിവയാണ് ലീഗിൽ നിന്ന് സി പി ഐ എം പിടിച്ചെടുത്തത്.
കോട്ടയം പാമ്പാടി നൊങ്ങൽ വാർഡും എൽഡിഎഫ് പിടിച്ചെടുത്തു. ഉദയനാപുരത്തും കല്ലറയിലും എൽഡിഎഫ് സീറ്റ് നിലനിർത്തി. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് തൃക്കുന്നപ്പുഴ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിലെ ശ്രീകല വിജയിച്ചു. പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിലെ ഏഴാം വാർഡും യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here