‘ഡീക്കോയ്’- പി സി ജോർജിനറിയാത്ത അന്വേഷണ വഴിയിലെ പോലീസ് കൺകെട്ട്

അരവിന്ദ് വി
പി സി ജോർജ് കുറച്ചു ദിവസമായി ചാനലുകളിൽ ഇരുന്നും നിന്നും ചരിഞ്ഞും നടൻ ദിലീപിന് വേണ്ടി നടത്തുന്ന ‘വെർബൽ വക്കാലത്ത് ഷോ’ ചിലരെയെങ്കിലും ആകർഷിക്കുന്നുണ്ട് എന്നതിനാൽ അദ്ദേഹം അതിനെ ഗംഭീരമായി മാർക്കറ്റ് ചെയ്യുന്നുമുണ്ട്. കേരളത്തിൽ പി സി ജോർജിന് എന്തുമാകാം എന്നൊരു പുതിയ നിയമം ഉണ്ടോ എന്നറിയില്ല. കോടതി വിധി വരുന്നത് വരെ ദിലീപിനെ വെറുതെ വിടൂ എന്ന ക്യാമ്പയിൻ ഒരു വശത്ത് കൊഴുക്കുമ്പോൾ ദിലീപ് ഈ തെറ്റ് ചെയ്തിട്ടേ ഇല്ല എന്ന് ആഞ്ഞടിച്ചാണ് പി സി ജോർജ്ജ് ചാനൽ ഷോകളിൽ തകർക്കുന്നത്.
പീസീ എന്ന ‘ബാർക്ക്’ മുതൽ
ഒരു പക്ഷെ പൊലീസ് സേനയ്ക്കും ചിലപ്പോൾ നീതി വ്യവഹാരങ്ങളിൽ ഏർപ്പെടുന്നവർക്കും മാത്രം പരിചിതമായ ‘ഡീക്കോയ്’ എന്ന പദം പി സി ജോർജിന് പരിചയമുണ്ടാവില്ല. അത് കൊണ്ടാണ് പൾസർ സുനി ജയിലിൽ നിന്നും ദിലീപിന് അയച്ച കത്തുമായി പി സി ഇങ്ങനെ ചാനലുകളായ ചാനലുകൾ കയറിയിറങ്ങുന്നത്. ചാനലുകളുടെ ടി ആർ പി റേറ്റിങ് അളക്കുന്ന കൗൺസിൽ ഇപ്പോൾ ബാർക്ക് (BARC) എന്നാണ് അറിയപ്പെടുന്നത്. പി സി ജോർജ് ഒന്നാന്തരം ഒരു ‘ബാർക്ക്’ മുതലാണ്. മുതലെന്ന് വെറുതെ പറഞ്ഞാൽ പോരാ . തല്ലാൻ പറഞ്ഞാൽ തല്ലും , ചാടാൻ പറഞ്ഞാൽ ചാടും, പി സി തോക്കെടുക്കും , നല്ല മുട്ടൻ തെറി പറയും , ലൈവിൽ ഇരുന്ന് ആരുടേയും തന്തയ്ക്കും പറയും. കേരളത്തിലെ ഏതു കവലയിലും കാണും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചാൽ ഇമ്മാതിരി പ്രകടനം നടത്തുന്ന ഐറ്റംസ്. പക്ഷെ അവരാരും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ ഒറ്റയ്ക്ക് നിന്ന് ജയിക്കുകയോ പാവം കുറെ മനുഷ്യരെ പ്രതിനിധീകരിച്ചു നിയമസഭയിൽ എത്തുകയോ ചെയ്തിട്ടില്ല. ഒരു ‘ഡീക്കോയ്’ മുതലാണ് പി സി യുടെ കയ്യിലിരിക്കുന്ന കടലാസ്സ് എന്ന് പോലീസ് പറയുന്ന നിമിഷം ആ ബലൂണിലെ കാറ്റ് പോകും. അത് വരെ പി സി , കയ്യിലിരിക്കുന്ന പൾസറിന്റെ കത്തിന്റെ കോപ്പി, ഇടയ്ക്കിടെയുള്ള ”സി ബി ഐ സി ബി ഐ ..” എന്ന വിളി എന്നിവ തുടരുമെന്നതിന്റെ ഏക കാരണം ചാനലുകളുടെ ‘ബാർക്ക് റേറ്റിങ്’ മാത്രമായിരിക്കും; അതല്ലാതെ ഒന്നുമായിരിക്കില്ല.
‘ഡീക്കോയ്’ എന്ന വാക്കിനായി ഡിക്ഷ്ണറികളിൽ കിടന്നലയണ്ട
‘ഡീക്കോയ്’ എന്ന വാക്ക് തിരയാൻ വക്കീലന്മാർ ആ തടിയൻ ബുക്കുകളിൽ ഊളിയിടണ്ട; കാണില്ല. ബാക്കിയുള്ളവർ ഗൂഗിളിലെ അസംഖ്യം ഡിക്ഷ്ണറികളിലും കിടന്നലയണ്ട; കൺഫൂഷനാകും. നല്ല ഇരുത്തം വന്ന ഒരു പോലീസ് അന്വേഷണ ഉദ്യോഗസ്ഥനോ ക്രിമിനൽ അഭിഭാഷകനോ അത് ഉറപ്പായും അറിയാം. അന്വേഷണ വഴികളിൽ പോലീസ് നടത്തുന്ന കൺകെട്ട് വിദ്യയാണ് ‘ഡീക്കോയ് തെളിവുകൾ’. പൾസർ സുനിയുടെ ദിലീപിനുള്ള എഴുത്ത് കണ്ടാൽ അതിലെ വരികൾ വായിച്ചാൽ ഒരു ക്രിമിനൽ എഴുതിയതാണെന്ന് പറയില്ല എന്നാണ് പി സി യുടെ വാദം. ശരിയാണ് ; റിക്കവറി സൂട്ട് ഫയൽ ചെയ്യാൻ ഒരു അഭിഭാഷകൻ തയ്യാറാക്കിയ പെറ്റീഷൻ പോലെ മനോഹരവും ഗംഭീരവും സാങ്കേതികവുമാണ് പൾസറിന്റെ കത്ത്. ഒരു നിയമ വിദഗ്ദ്ധനോ പോലീസ് ഓഫീസറോ ആണ് ആ കത്ത് തയ്യാറാക്കിയതെന്ന് ഒരു ആരോപണം വന്നാൽ അതിൽ അതിശയമൊന്നും ഇല്ല. കത്ത് കണ്ട ആദ്യ ദിവസം മുതൽ അത് അങ്ങനെ തന്നെയാണെന്ന് കേരളത്തിലെ സാധാരണയിൽ സാധാരണ ആളുകൾക്ക് വരെ തോന്നുകയും ചെയ്തു. അല്ലാതെ പി സി ജോർജിന്റെ ഭയങ്കര ബുദ്ധിയൊന്നും അതിന് ആവശ്യമില്ല. അത് മനസിലാക്കിയ ജനങ്ങൾ പക്ഷെ ഒന്ന് കൂടി ഊഹിച്ചു. ”ഇത് പോലീസിന്റെ തന്ത്രം ആയിരിക്കണം. പോലീസ് ഒരു വലയിട്ടതാ മോനെ …” എന്ന് മനസ്സിൽ പറഞ്ഞ എത്രയോ മനുഷ്യർ ഉണ്ട് കേരളത്തിൽ. ജനത്തിന്റെ ബുദ്ധിപരമായ ഈ ഊഹം പക്ഷെ പി സി മനഃപൂർവ്വം വിട്ടുകളയുന്നത് എന്തിനെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ.
”പോലീസ് ഒരു വലയിട്ടതാ മോനെ …”
കേരളത്തിലെ ഒരു സാധാരണക്കാരന് ഊഹിക്കാൻ കഴിഞ്ഞ ഈ ‘വല’ ഉണ്ടല്ലോ അതാണ് ‘ഡീക്കോയ്’. കുറച്ചു കൂടി ലളിതമായി പറഞ്ഞാൽ ഇരയിട്ടു മീൻ പിടിക്കുക , ആടിനെ കെട്ടി പുലി വേട്ട നടത്തുക തുടങ്ങിയ സർവസാധാരണ നാട്ടുനടപ്പിന്റെ സാങ്കേതികവും പോലീസ് ഭാഷയുമായ പ്രയോഗവുമാണ് ‘ഡീക്കോയ് തെളിവ്’. വെള്ളത്തിൽ ഇളകുന്ന മണ്ണിര തന്റെ ഇന്നത്തെ അത്താഴം ആണെന്ന് മീൻ ധരിക്കും. ആ ധാരണ ഉണ്ടാക്കിയെടുക്കുന്നതാണ് ‘ഡീക്കോയിങ്’. ഇതങ്ങനെ കൃത്യമായ ഒരു നിയമമോ ചട്ടമോ നടപടിക്രമമോ അല്ല. ഋഷിരാജ് സിംഗ് ലോറി ഡ്രൈവറായി വേഷം മാറി കൈക്കൂലിക്കാരായ പൊലീസുകാരെ പൂട്ടിയതും, പെൺവാണിഭ സംഘത്തെ പിടികൂടാൻ ‘ആവശ്യക്കാരനായി’ ചെന്ന് പണം നൽകി ആ സംഘത്തെ പിടികൂടുന്നതും മേല്പറഞ്ഞ ‘ഡീക്കോയ്’ തന്നെ. ഇതൊക്കെ കോടതിയിലെത്തുന്ന വിലപ്പെട്ട തെളിവുകളൊന്നും ആകില്ല. ആക്കാൻ പറ്റില്ല. പക്ഷെ പിടിക്കൂടേണ്ടവരെ പിടികൂടിയ ശേഷം തെളിവുകൾ ശേഖരിക്കാനുള്ള വലിയ വഴിവിളക്കായി ഇത്തരം മാർഗ്ഗങ്ങൾ സാധൂകരിക്കപ്പെടും.
അന്വേഷണ ഉദ്യോഗസ്ഥൻ രാജാവാണ്
ഇപ്പോൾ പലരും കോടതിയെ വാനോളം പുകഴ്ത്തുകയും കോടതിവിധിയാണ് ഏറ്റവും പരമം എന്നും പരാമർശിച്ചു കണ്ടു. സാധാരണ മനുഷ്യരുടെ വിശ്വാസം അത്രയുണ്ട് കോടതിക്ക് മേൽ. നീതി വ്യവസ്ഥയിൽ കോടതികളുടെ സ്ഥാനം ചെറുതല്ല. പക്ഷെ ഒരു കേസിന്റെ അന്വേഷണം നടത്തുന്ന ‘ഇൻവെസ്റ്റിഗേറ്റിങ് ഓഫിസർ’ എന്നത് അത്ര ചെറിയ മീനല്ല. ഇടയ്ക്കിടെ കോടതി പോലീസിനെ ശാസിക്കുന്നു, ശകാരിച്ചു എന്നൊക്കെ ബ്രെക്കിങ് ന്യൂസുകൾ അടിച്ചു വിടാം എന്നല്ലാതെ ഒരു പരിധിക്കപ്പുറം അന്വേഷണ ഉദ്യോഗസ്ഥന്റെ അധികാര പരിധിയിലേക്ക് കടന്നുകയറാൻ ആർക്കും കഴിയില്ല എന്നതാണ് സത്യം. തെളിവ് ശേഖരണത്തിൽ അന്വേഷണ ഏജൻസിയുടെ പരമാധികാരം അത്ര വലുതാണ്. അന്വേഷണത്തിന്റെ ഒടുവിൽ കോടതിയിലേക്ക് ഏതൊക്കെ തെളിവുകൾ കൊടുക്കണം ഏതൊക്കെ കൊടുക്കണ്ട എന്നൊക്കെ പോലീസ് തീരുമാനിക്കും. ആദ്യം തെളിവുകളായി പറഞ്ഞു കേൾക്കുന്നതൊക്കെ എവിടെ എന്നൊന്നും കോടതി ചോദിക്കില്ല. അന്തിമ അന്വേഷണ വിവരം മാത്രമേ വിചാരണയ്ക്കായി ഉദ്യോഗസ്ഥൻ സമർപ്പിക്കേണ്ടതുള്ളൂ. അതായത് ”ആ കത്ത് ഞങ്ങളുടെ ഒരു ചൂണ്ടയായിരുന്നു …” എന്ന് പ്രോസിക്യൂഷൻ മതിയായ രീതിയിൽ ബോധിപ്പിച്ചാൽ അവിടെ തീരും കത്തിന്റെ കഥ.
പൾസറിന്റെ കത്ത് അഥവാ ദിലീപിനുള്ള ‘ആട്’
പെൺകുട്ടി നടുറോഡിൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഒരു ഗൂഢാലോചന ഉണ്ട് എന്നതിൽ പൊലീസിന് ആദ്യം മുതലേ തർക്കമില്ലായിരുന്നു. പക്ഷെ അതാര് എന്നത് കുറ്റവാളിയായി പോലീസ് പിടികൂടിയ സുനിൽകുമാറിൽ നിന്നും പോലിസ് ചൂഴ്ന്നെടുത്തു. പക്ഷെ അവിടേക്കെത്തുന്നത് അത്ര എളുപ്പമല്ല എന്നറിയാവുന്ന പോലീസ് പല വളഞ്ഞ വഴികളും തേടുമെന്ന് പോലീസിനെ കുറിച്ചും അന്വേഷണത്തെ കുറിച്ചും ബാലപാഠങ്ങൾ അറിയാവുന്നവർക്ക് പോലും മനസിലാകുന്ന കാലത്ത് അത് പി സി ജോർജ് മറച്ചു വയ്ക്കുന്നതിന്റെ പിന്നിലെ ശാസ്ത്രം എന്നത് പൊതുസേവനം മാത്രമല്ല എന്നൂഹിക്കാൻ എം എൽ എ ഒന്നും ആകണ്ട. ജയിലിലെ സീൽ വച്ച്, ജയിലിൽ നിന്ന് തന്നെ ഒരു ക്രിമിനലിന്റെ കത്ത് പുറത്തേക്ക് പോയത് അങ്ങനെ ആരുമറിയാത്ത ഒരു മിടുമിടുക്കൊന്നും അല്ല പീസീ . അത് പീസിക്കും നന്നായി അറിയാം.
ഇതൊരു ‘ഡീക്കോയ്’ ആണെന്ന് പോലീസ് പറയുന്ന ആ ദിവസം വരെ മാത്രമേ പിസിയുടെ ഈ ഷോയ്ക്ക് പ്ലേടൈം ലഭിക്കുകയുള്ളൂ. ആസ്വദിച്ചാട്ടെ ! പീസീയും അതുവഴി ‘ബാർക്ക്’ ഉയർത്തി കേരളത്തിലെ വാർത്താ ചാനലുകളും നന്നായിട്ടാസ്വദിച്ചാട്ടെ !
p c george confusing actress assault case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here