Advertisement

വ്യാപം അഴിമതി; ചുരുളഴിയാത്ത ദുരൂഹ മരണങ്ങളുടെ പട്ടികയിലേക്ക് ഒരാൾ കൂടി

July 26, 2017
1 minute Read
the mysterious deaths associated with vyapam scam

ഇന്ത്യയിലെ ഏറ്റവും നിഗൂഢവും, ആയിരക്കണക്കിന് പേർ ഉൾപ്പെട്ടതുമായ കേസാണ് വ്യാപം അഴിമതി കേസ്. ഒരു പക്ഷേ ഇത്രയധികം പേർ ഉൾപ്പെട്ട മറ്റൊരു കുറ്റകൃത്യവും ലോക ചരിത്രത്തിൽ തന്നെ ഉണ്ടാകില്ല. അഴിമതിയുമായി ബന്ധപ്പെട്ട ആളുകളുടെ ദുരൂഹ മരണങ്ങളാണ് ഇടപാട് ശ്രദ്ധയാകർഷിക്കാൻ കാരണം. വ്യാപം അവിമതിയുമായി ബന്ധപ്പെട്ട മരണങ്ങൾ ഇന്നും ചുരുളഴിയാത്ത രഹസ്യങ്ങളായി നില നിൽക്കുന്നു…

വ്യാപം അഴിമതി ചുരുക്കത്തിൽ

മധ്യപ്രദേശ് വ്യാവസായിക് പരീക്ഷാ മണ്ഡൽ (മധ്യപ്രദേശ് പ്രഫഷനൽ എക്‌സാമിനേഷൻ ബോർഡ്) എന്നതിന്റെ ഹിന്ദി ഭാഷയിലെ ചുരുക്കപ്പേരാണ് വ്യാപം. പബ്‌ളിക് സർവിസ് കമ്മീഷൻ വഴി നികത്താത്ത സംസ്ഥാനത്തെ വിവിധ പോസ്റ്റുകളിലേക്ക് വ്യാപം ബോർഡ് നടത്തുന്ന പരീക്ഷകൾ വഴിയാണ് നിയമനം നടത്തി വരുന്നത്. ഒരു വർഷം ശരാശരി 21 പരീക്ഷകളിലായി ഉദ്ദേശം 14 ലക്ഷം ഉദ്യോഗാർത്ഥികൾ/ വിദ്യാർത്ഥികൾ വ്യാപം നടത്തുന്ന പരീക്ഷയിൽ പങ്കെടുക്കുന്നുണ്ട്.

പ്രധാനമായും മൂന്ന് വിധത്തിലാണ് തിരിമറി നടന്നിരിക്കുന്നത്. മുൻ വർഷങ്ങളിൽ പരീക്ഷ പാസായ മിടുക്കന്മാരായ വിദ്യാർത്ഥികളേയും ഉഗ്യോഗസ്ഥന്മാരേയും എജന്റുമാർ പണം നൽകി പകരം പരീക്ഷാർത്ഥികളാക്കുന്നു. എക്‌സാമിനേഴ്‌സിന്റേയും പരീക്ഷ ഉദ്യോഗസ്ഥരുടേയും സഹായത്തിൽ ഹാൾ ടിക്കറ്റിലെ ഫോട്ടോ മാറ്റി ഒട്ടിച്ചാണ് ചെയ്യുന്നത്. മിടുക്കന്മാരെ ഡമ്മി ഹാൾ ടിക്കറ്റ് കൊടുത്ത് പരീക്ഷാർത്ഥിയുടെ അടുത്ത് സീറ്റ് ക്രമീകരിച്ച് കോപ്പി അടിയ്ക്കാൻ അവസരം ഒരുക്കികൊടുക്കുന്നു. പരീക്ഷാർത്ഥികൾ ഉത്തരം എഴുതാതെ പരീക്ഷയിൽ പങ്കെടുക്കുന്നു, പിന്നീട് ഉത്തരമെഴുതിയ കടലാസുകൾ അവർക്കു വേണ്ടി സമർപ്പിക്കുന്നു.

1995 മുതൽ വ്യാപം അഴിമതി വെളിച്ചത്ത് വന്നുതുടങ്ങിയിരുന്നു. 2000ൽ ചറ്റാർപൂർ ജില്ലയിൽ ആദ്യത്തെ എഫ്.ഐ.ആർ. റജിസ്റ്റർ ചെയ്യുകയും ചെയ്തു. 2004ൽ കാണ്ട്‌വ ജില്ലയിൽ ഏഴ് കേസുകൾ റജിസ്റ്റർ ചെയ്തു. എന്നാലും ഇതെല്ലാം ഒറ്റപ്പെട്ട കേസുകളായാണ് കണ്ടിരുന്നത്. എന്നാൽ 2013 ലാണ് വ്യാപം അഴിമതിയുടെ വ്യാപ്തി പുറം ലോകമറിഞ്ഞത്.

ഇന്ത്യയിൽ ഇതുവരെ ഉണ്ടായതിൽവെച്ച് ഏറ്റവും കൂടുതൽ പേർ പ്രതികളായ അഴിമതിയാണ് വ്യാപം അഴിമതി. വ്യാപം അഴിമതിയുടെ പിന്നിൽ പ്രവർത്തിച്ച മുഴുവൻ രാഷ്ട്രീയ ഉന്നത ഉദ്യോഗസ്ഥരെയും വെളിച്ചത്ത് കൊണ്ടുവരാൻ ഡോ. ആനന്ദ് റായ് മധ്യപ്രദേശ് ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് കോടതി ഉത്തരവിട്ട പ്രകാരം ബി.ജെ.പി സർക്കാർ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. 2000 പ്രതികളെ കസ്റ്റഡിയിലെടുത്ത കേസിൽ 300 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. 400 പ്രതികൾ ഒളിവിലാണ്.

മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ലക്ഷ്മികാന്ത് ശർമ്മ, ഡോ. വിനോദ് ഭണ്ടാരി, വ്യാപം സ്‌പെഷ്യൻ ഓഫീസർ ഒ.പി. ശുക്ല, വ്യാപം പരീക്ഷാ കണ്ട്രോളർ
പങ്കജ് ത്രിവേദി, വശിവഹരി. ഐ പി എസ്, മുഖ്യ ഇടനിലക്കാരൻ ഡോ. ജഗ്ദീഷ് ശിവ, എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടവരിൽ പ്രമുഖർ.

എന്നാൽ ഇത്രയധികം ആളുകൾ ഉൾപ്പെട്ട അഴിമതി എന്നതിലുപരി ഇതുമായി ബന്ധപ്പെട്ട ദുരൂഹ മരണങ്ങളാണ് ഇടപാട് ശ്രദ്ധയാകർഷിക്കാൻ കാരണം.

ദുരൂഹ മരണങ്ങൾ

വ്യാപം അഴിമതിയുടെ പിന്നാമ്പുറ കഥകൾ പുറത്ത് വന്നതോടെ സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേർ ദുരൂഹ സാഹചര്യങ്ങളിൽ മരണപ്പെട്ടു.

വ്യാപം അഴിമതിയെ വെളിച്ചത്തു കൊണ്ടുവന്നവരും വാർത്ത റിപ്പോർട്ട് ചെയ്തവരും അന്വേഷണ സംഘത്തെ സഹായിച്ചവരും ഇടനിലക്കാരും പകരം പരീക്ഷ എഴുതിയവരും ഡമ്മി പരീക്ഷാർത്ഥികളും, അന്വേഷണ ഉദ്യോഗസ്ഥരും, വ്യാപം ജീവനക്കാരുമെല്ലാമാണ് സംശയാസ്പദമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടവർ. ജൂലൈ 26, 2017 ന് വ്യാപം ഇടപാടിലെ മുഖ്യപ്രതിയായ പ്രവീൺകുമാർ കൂടി മരണപ്പെട്ടതോടെ ഇതുവരെ മരിച്ചവരുടെ സംഘ്യ 50 ൽ എത്തി നിൽക്കുന്നു. ഇത് കണക്കിൽപ്പെട്ട സംഘ്യ. എന്നാൽ പുറം ലോകമറിയാത്ത മരണങ്ങളും സംഭവവുമായി ബന്ധപ്പെട്ട് നടന്നിരിക്കാം എന്ന് പറയപ്പെടുന്നു.

2009 നവംബർ 21 നാണ് അഴിമതിയുമായി ബന്ധപ്പെട്ട് ആദ്യ അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. വ്യാപം കേസിലെ ഇടനിലക്കാരനായ വികാസ് സിംഗ് താക്കൂറാണ് അന്ന് മരിച്ചത്. മരുന്നിന്റെ റിയാക്ഷൻ മൂലമാണ് വികാസ് മരിച്ചത് എന്നായിരുന്നു മരണകാരണം രേഘപ്പെടുത്തിയത്.

മധ്യപ്രദേശ ഗവർണറുടെ മകൻ ഷൈലേഷ് യാദവിന്റെ കൊലപാതകം, കേസിൽ സാക്ഷിയായ നമ്രദ ദാമോദർഎന്നിവരുടെ മരണമാണ് പിന്നീട് റിപ്പോർട്ട് ചെയ്യപ്പെട്ടത്. നമ്രദ ദാമോദറിന്റെ മൃതദേഹം ഉജ്ജയിനിലെ റെയിൽവേ പാളത്തിൽനിന്നാണ് കണ്ടെടുത്തത്. നമ്രദ ദാമോറിന്റെ മാതാപിതാക്കളെ കണ്ടിറങ്ങിയ ഉടനെ ആജ്തക്ക് ചാനൽ ലേഖകൻ അക്ഷയ് സിങ്, അന്വേഷണ സംഘത്തെ സഹായിച്ച ജബൽപൂർ മെഡിക്കൽ കോളജ് ഡീൻ ഡോ. അരുൺ ശർമ എന്നിവർ കൊല്ലപ്പെട്ടു.

പിന്നീട് എൻ എസ്. മെഡിക്കൽ കോളേജ് ഡീനായിരുന്ന ടി കെ സകാല്ലേ, സബ് ഇൻസ്‌പെക്ടർ ട്രെയിനി അനാമിക കുശ്വാഹയെ, വ്യാപം അഴിമതിയിൽ ഉൾപ്പെട്ട രണ്ട് പ്രവേശന പരീക്ഷകളുടെ നിരീക്ഷകനായിരുന്ന ഐ.എഫ്.എസ് ഓഫീസറായി വിരമിച്ച വിജയ് ബഹാദൂർ, വ്യാപം അഴിമതി റിപ്പോർട്ട് ചെയ്തിരുന്ന ആജ് തക് റിപ്പോർട്ടർ അക്ഷയ് സിംഗ്, വ്യാപം കുംഭകോണം പുറത്തുകൊണ്ടുവന്ന നാലു ആൾക്കാരിൽ ഒരാളാണ് ആശിഷ് ചതുർവേദി എന്നിവരാണ് കൊല്ലപ്പെട്ടവരിൽ പ്രമുഖർ.

ഇപ്പോൾ ജീവിച്ചിരിക്കുന്നവരും, സംഭവത്തിൽ ശിക്ഷ അനുഭവിക്കുന്നവരുമടക്കം അഴിമതിയുമായി ബന്ധപ്പെട്ട നിരവധി പേർ ഭീതിയോടെയാണ് ഓരോ മരണവാർത്തയും കേട്ടറിയുന്നത്. ഒരു ത്രില്ലർ ചിത്രത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഈ കൊലപാതക പരമ്പരയുടെ പിന്നിൽ പ്രവർത്തിക്കുന്ന കൈകൾ ആരുടേതാണെന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്.

the mysterious deaths associated with vyapam scam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top