Advertisement

2017 ലെ ആദ്യ ആറ് മാസത്തിനകം മലയാള സിനിമയിൽ സംഭവിച്ചത്

August 4, 2017
3 minutes Read
2017 malayalam film overall analysis

കൊച്ചിയിൽ നടിയെ അക്രമിച്ച സംഭവത്തിൽ ദിലീപ് അറസ്റ്റിലായതോടെ മലയാള സിനിമാ മേഖലയ്ക്ക് തന്നെ മോശം കാലഘട്ടമാണ് 2017 സമ്മാനിച്ചത്. പിന്നീടങ്ങോട് നിരവധി ആരോപണങ്ങളും, പിന്നാമ്പുറ കഥകൾകളും, കേരള ജനതയെ ഞെട്ടിച്ച വെളിപ്പെടുത്തലുകൾ കൊണ്ടും ചലച്ചിത്ര മേഖലയ്ക്ക് പൊതുവെ ക്ഷീണമായിരുന്നു. എന്നാൽ സിനിമ ഇപ്പോഴും പിടിച്ച് നിൽക്കുന്ന 2017 തുടക്കം മുതൽ ഇന്ന് വരെ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു പിടി നല്ല ചിത്രങ്ങൾ കൊണ്ടാണ്.

റിയലിസ്റ്റിക് ചിത്രങ്ങൾ ‘ഇൻ’

റിയലിസ്റ്റിക് ചിത്രങ്ങളോടുള്ള പ്രേക്ഷകരുടെ ഇഷ്ടക്കൂടുതലാണ് വർഷാരംഭത്തിൽ തന്നെ നാം കണ്ടത്. കാട് പൂക്കുന്ന നേരം, അങ്കമാലി ഡയറീസ്, തൊണ്ടി മുതലും ദൃക്‌സാക്ഷിയും, എന്നീ റിയലിസ്റ്റിക് ചിത്രങ്ങൾ യുവ പ്രേക്ഷകരെ സിനിമയിലേക്കടുപ്പിച്ചപ്പോൾ, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, സൈറ ബാനു, ഗ്രേറ്റ് ഫാദർ, രക്ഷാധികാരി ബൈജു എന്നിവ കുടുംബ പ്രേക്ഷകരുടെ മനസ്സിലും കൂടുകൂട്ടി.

മലയാള സിനിമയിൽ ഇതുവരെ അവതരിപ്പിച്ചുകൊണ്ടിരുന്ന ശൈലിയിൽ നിന്നും മാറി ചിന്തിച്ചുകൊണ്ട് പിറവിയെടുത്ത ടേക്ക് ഓഫ്, എസ്ര പോലുള്ള ചിത്രങ്ങളും മലയാളി പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.

പോത്തേട്ടൻസ് ബ്രില്യൻസിന് 100 മാർക്ക്

കൂട്ടത്തിൽ പോത്തേട്ടൻസ് ബ്രില്ല്യൻസ് തെളിയിച്ച തൊണ്ടി മുതലും ദൃക്‌സാക്ഷിയും തന്നെയാണ് ഒന്നാമൻ. സങ്കീർണമായ കഥാ തന്തുവിൽ നിന്നും മാറി ദൈനംദിന ജീവിതത്തിൽ കണ്ടുമുട്ടാൻ സാധ്യതയുള്ള കഥാപാത്രങ്ങളും, സാഹചര്യങ്ങളുമൊരുക്കിയാണ് തൊണ്ടിമുതൽ ജനങ്ങളിലേക്കെത്തിച്ചത്.

പച്ചയായ സംഭാഷണങ്ങളും, സൂക്ഷ്മാംശങ്ങളും, നാടകീയത തൊട്ടുതീണ്ടിയില്ലാത്ത അഭിനയ മികവും ചിത്രത്തെ മികവുറ്റതാക്കി. ഒപ്പം ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമ്മൂട്, നിമിഷ സജയൻ എന്നിവരുടെ പകരംവയ്ക്കാനാകാത്ത അഭിനയവും ചിത്രത്തിന് പ്രേക്ഷക മനസ്സിൽ ടം നേടി കൊടുത്തു.

അങ്കംവെട്ടി അങ്കമാലി ഡയറീസ്

മലയാള സിനിമയിൽ ഇതുവരെയുണ്ടായിരുന്ന ‘ട്രെൻഡ് ‘ പൊളിച്ചെഴുതുന്നതായിരുന്നു ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രം. സിനിമയിലെ പ്രമുഖ താരങ്ങളെ വെച്ച് മാത്രം ചിത്രമെടുക്കാൻ ധൈര്യപ്പെടുന്നവർക്കിടയിലേക്കാണ് 86 പുതുമുഖങ്ങളേയും തെളിച്ചുകൊണ്ട് ലിജോ ജോസ് പല്ലിശ്ശേരി എത്തിയത്.

അങ്കമാലിയിലെ ഒരു കീട്ടം സാധാരണ മനുഷ്യരുടേയും, ഒപ്പം അങ്കമാലിക്കാരുടെ ‘പന്നിവെട്ട്’ എന്ന സാധാരാണ തൊഴിലിനും ഇതുവരെ ലഭിക്കാതിരുന്ന മുഖവും, സ്വീകാര്യതയുമാണ് ചിത്രത്തിലൂടെ ലഭിച്ചത്.

ജനങ്ങൾക്ക് സുപരിചിതമായ മുഖങ്ങളൊന്നും ഇല്ലാതിരുന്നിട്ടും വ്യത്യസ്തമായ കഥ കൊണ്ടും, തനത് അവതരണ ശൈലികൊണ്ടും അങ്കമാലി ഡയറീസ് അങ്കംവെട്ടിത്തന്നെയാണ് മലയാള സിനിമാ ചരിത്രത്തിന്റെ ഡയറിയിലെ താളുകളിൽ ഇടം നേടിയത്.

മലയാള സിനിമയുടെ ‘ടേക്ക് ഓഫ്’

ഹോളിവുഡ് ചിത്രമായ ആർഗോ, ബോളിവുഡ് ചിത്രമായ ടേക്ക് ഓഫ് എന്നീ ചിത്രങ്ങളോട് സാമ്യമുണ്ടെങ്കിലും, മനീഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രം മലയാള സിനിമയ്ക്ക് നൽകിയത് മറ്റൊരു തലമാണ്.

ഐഎസ് ഭീകരവാദികളുടെ തടങ്കലിലായ മലയാളി നേഴ്‌സുമാരുടെ കഥ പത്രങ്ങളിലൂടെയും ടിവികളിലൂടെയുമെല്ലാം നാം വായിച്ചറിഞ്ഞതാണ്. എന്നാൽ എത്രമാത്രം ഭീകരമായ അവസ്ഥകളിലൂടെയാണ് അവർ ഓരോരുത്തരും കടന്ന്ുപോയത് എന്ന പേടിപ്പിക്കുന്ന സത്യത്തെ മലയാളികൾക്ക് മുന്നിൽ തുറന്ന് കാണിക്കുകയായിരുന്നു ഈ ചിത്രം.

ഒപ്പം നേഴ്‌സുമാരുടെ ജീവിതവും അവർ അനുഭവിക്കുന്ന യാദനകളും കഷ്ടപ്പാടുകളും ‘ഭൂമിയിലെ മാലാഖമാർ ന്നെ വിളിപ്പേരെയുള്ളു, മാലാഖമാരുടെ വീട്ടിലെ അടുപ്പെങ്ങനെയാണ് പുകയുന്നത് എന്ന് ആരും അന്വേഷിക്കാറില്ല’ എന്ന ഒറ്റ ഡയലോഗ് കൊണ്ട് ജനങ്ങൾക്ക് മുന്നിൽ വരച്ചുകാട്ടുകയായിരുന്നു ഈ ചിത്രം.

കോടികൾ വാരിക്കൂട്ടി സൂപ്പർ ചിത്രങ്ങൾ

സൂപ്പർ താര ചിത്രങ്ങളായ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ഗ്രേറ്റ് ഫാദർ എന്നിവയാണ് 50 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രങ്ങൾ. ആദ്യമായി മമ്മൂട്ടി 50 കോടി ക്ലബിൽ കയറുന്നതും, മോഹൻലാൽ 50 കോടി ക്ലബിൽ ഹാട്രിക് വിജയം നേടുന്നതും ഈ വർഷമാണ്.

50 കോടി ക്ലബിലെ പുതുമുഖം

നാല് പതിറ്റാണ്ടുകളായി സിനിമയിൽ ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ടെങ്കിലും 2017 ൽ മാത്രമാണ് 50 കോടി ക്ലബിൽ കടക്കാൻ മെഗാസ്റ്റാറിനായത്. നവാഗതനായ ഹനീഫ് അദേനി മമ്മൂട്ടിയെ കേന്ദ്രകഥാപാത്രത്തിൽ അവതരിപ്പിച്ച ഗ്രേറ്റ് ഫാദർ എന്ന ചിത്രമാണ് 50 കോടി ക്ലബിൽ മമ്മൂട്ടിയെ കയറ്റിയത്.

പുലിമുരുകന്റെയും കബാലിയുടെയും ബോക്‌സ് ഓഫീസ് റെക്കോർഡുകൾ കേരളത്തിൽ ഭേദിച്ചായിരുന്നു തുടക്കം. 202 തിയറ്ററുകളിൽ 958 പ്രദർശനമാണ് ചിത്രത്തിനുണ്ടായിരുന്നത്. രാവിലെ മുതലുള്ള ഫാൻസ് ഷോകളും കളക്ഷന് ഗുണം ചെയ്തു. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ പൃഥ്വിരാജ്, സന്തോഷ് ശിവൻ, ആര്യ, ഷാജി നടേശൻ എന്നിവരാണ് സിനിമ നിർമ്മിച്ചത്.

മുന്തിരിവള്ളികളിൽ തൂങ്ങിയ ഹാട്രിക് വിജയം

മോഹൻലാലിന്റെ ഹാട്രിക് അമ്പത് കോടി വിജയമായിരുന്നു മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. ജിബു ജേക്കബ് സംവിധാനം ചെയ്ത സിനിമ കേരളത്തിൽ നിന്നും വിദേശത്ത് നിന്നുമായി 61 കോടി ഗ്രോസ് കളക്ഷൻ നേടിയാണ് പ്രദർശനം പൂർത്തിയാക്കിയത്.

പുലിമുരുകനേക്കാൾ എണ്ണത്തിലധികം തീയേറ്ററുകളിലാണ് മുന്തിരിവള്ളികൾ പ്രദർശനത്തിനെത്തിയത്. പുലിമുരുകൻ 330 സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തിയെങ്കിൽ 337 സ്‌ക്രീനുകളിലായിരുന്നു ജിബു ജേക്കബ് ചിത്രത്തിന്റെ റിലീസ്. കംപ്ലീറ്റ് ഫാമിലി എന്റർടെയ്‌നറായിരുന്നു കംപ്ലീറ്റ് ആക്ടറിന്റെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ.

സൂപ്പർ താരമെന്ന ബ്രാൻഡിന് വന്ന വിലയിടിവ്

ഇതിന് പുറമേ സൂപ്പർ താരം എന്ന ബ്രാൻഡ് കൊണ്ട് മാത്രം തിയറ്ററുകളിലേക്ക് ജനത്തെ കൊണ്ടുവരാൻ കഴിയില്ല എന്ന തത്വവും ഈ വർഷം കാണാൻ കഴിഞ്ഞു. മമ്മൂട്ടി ചിത്രമായ പുത്തൻ പണം, മോഹൻലാൽ ചിത്രമായ ബിയോണ്ട് ബോഡേഴ്‌സും തിയറ്ററുകളിൽ കൈയ്യടി നേടിയില്ല.

അപ്രിയനായ ജനപ്രിയൻ

ജീവിതത്തിലേതെന്ന പോലെ തന്നെ സിനിമയിലും നല്ലകാലമല്ല ദിലീപിന്.
ഇത്തവണ ഏപ്രിൽ ഒന്നിന് റിലീസ് ചെയ്ത ജോർജ്ജേട്ടൻസ് പൂരം ഇനീഷ്യൽ കളക്ഷനായി 1.75 കോടിയാണ് നേടിയത്. 7.16 കോടിയാണ് പ്രദർശനം അവസാനിപ്പിക്കുമ്പോൾ സിനിമ നേടിയത്. ദിലീപ് അറസ്റ്റിലായതോടെ ചിത്രീകരണം പൂർത്തിയായ രാംലീല എന്ന സിനിമയുടെ റിലീസും അനിശ്ചിതത്വത്തിലായി.

‘നിങ്ങൾ എന്നെ നിരാശനാക്കി’

മലയാളികൾക്ക് പൊതുവെ ചെങ്കൊടികൾ പാറിക്കുന്ന ചിത്രങ്ങളോട് ഒരു ഇഷ്ടക്കൂടുതലുണ്ട്. ലാൽ സലാം, രക്തസാക്ഷികൾ സിന്ദാബാദ് തുടങ്ങി നിരവധി ചിത്രങ്ങൾ ഈ പട്ടികയിലുണ്ട്. എന്നാൽ ഇതേ പ്രതീക്ഷയിൽ ടൊവിനോ തോമസ് നായകനായ മെക്‌സിക്കൻ അപാരതയും, സഖാവും, സിഐഎയും പ്രേക്ഷകരെ നിരാശരാക്കി.

കലിപ്പിൽ വന്ന മെക്‌സിക്കൻ അപരാത

മികച്ച മാർക്കറ്റിങ്ങ്, പ്രമോഷൻ തന്ത്രങ്ങളിലൂടെ അനൂപ് കണ്ണൻ നിർമ്മിച്ച് ടോം ഇമ്മട്ടി സംവിധാനം ചെയ്ത മെക്‌സിക്കൻ അപാരത മൂന്ന് കോടിക്കടുത്ത് ആദ്യ ദിന കളക്ഷൻ നേടി. 16 കോടി നേടിയാണ് ചിത്രം പ്രദർശനം അവസാനിപ്പിച്ചത്. യുവതാരങ്ങൾക്കിടയിൽ മികച്ച ബോക്‌സ് ഓഫീസ് കളക്ഷൻ ലഭിച്ചെങ്കിലും, കമ്മ്യൂണിസ്റ്റ് ചിത്രമെന്ന നിലയിൽ മെക്‌സിക്കൻ അപാരത ജനഹൃദയങ്ങളിൽ ഇടം നേടിയില്ല.

പ്രതീക്ഷകൾക്കൊത്ത് ഉയരാത്ത കൊമ്രേഡ്

മെക്‌സിക്കൻ അപാരതയുടെ അതേ ഗതി തന്നെയായിരുന്നു സിഐഎക്കും. ഏറെ പ്രതീക്ഷയോടെയാണ് ജനം അമൽ നീരദ്-ദുൽഖർ സൽമാൻ കൂട്ടുകെട്ടിൽ പിറന്ന സിഐഎ കണ്ടതെങ്കിലും നിരാശയായിരുന്നു ഫലം. എങ്ങിനെയോ ഉരുണ്ടോടിയ ചിത്രം 23 കോടി ഓട്ടം അവസാനിപ്പിച്ചു.

തകർന്നടിഞ്ഞ സഖാവ്

തൊട്ടതെല്ലാം പൊന്നെന്ന വിശേഷണം ഈ ചിത്രത്തോടെ നിവിൻ പോളിക്ക് അന്യമാകുന്നു. ഈ വർഷത്തെ നിവിൻ പോളിയുടെ പ്രധാന റിലീസായിരുന്നു സിദ്ധാർത്ഥ് ശിവ രചനയും സംവിധാനവും നിർവഹിച്ച സഖാവ്.
വിഷു റിലീസായി തിയറ്ററുകളിലെത്തിയ സഖാവ് കൈകാര്യം ചെയ്ത വിഷയം ചർച്ചയായെങ്കിലും നിവിന്റെ താരമൂല്യത്തിനൊത്ത വിജയം കൈവരിക്കാനായില്ല.

‘ഫീൽ ഗുഡ്’ ചിത്രങ്ങളുടെ രക്ഷാധികാരിയായി ബൈജു

ബിജു മേനോൻ കേന്ദ്രകഥാപാത്രത്തിലെത്തിയ രക്ഷാധികാരി ബൈജുവാണ് പ്രേക്ഷക പ്രശംസ നേടിയ മറ്റൊരു ചിത്രം. അവധിക്കാല റിലീസുകളിൽ ഏറ്റവും മികച്ചത് രക്ഷാധികാരി ബിജു തന്നെയായിരുന്നുവെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു.

‘ഫീൽ ഗുഡ്’ ചിത്രങ്ങൾ എന്ന ശ്രേണിയിൽ പെടുത്താവുന്നതായിരുന്നു ഈ ബിജു മേനോൻ സിനിമ. രക്ഷാധികാരി ബിജുവായി ബിജുമേനോൻ കരിയറിലെ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച അഭിനയം തന്നെയാണ് സമ്മാനിച്ചത്.

2017 malayalam film overall analysis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top