അഭിപ്രായ സര്‍വെകളില്‍ ട്രംപും കമലയും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍; ജോ ബൈഡന്റെ ‘മാലിന്യം’ പരാമര്‍ശം ആയുധമാക്കി റിപ്പബ്ലിക്കന്‍ പാര്‍ട്ടി

പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചൂടില്‍ അമേരിക്ക. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കമല ഹാരിസും ഡൊണാള്‍ഡ് ട്രംപും മുന്നോട്ടുപോകുകയാണ്. ട്രംപിന്റെ അനുയായികളെ മാലിന്യമെന്ന് വിശേഷിപ്പിച്ച ജോ ബൈഡന്റെ പ്രസ്താവന ആയുധമാക്കിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രചാരണം. അഭിപ്രായ സര്‍വേകളില്‍ ഇരുവരും ഒപ്പത്തിനൊപ്പമാണ്. (US Presidential Election 2024 Trump Vs Kamala updates)
അമേരിക്കയിലെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ആഴ്ചയിലേക്ക് കടന്നതോടെ ആവേശത്തിലാണ് ഇരുസ്ഥാനാര്‍ത്ഥികളും. സുപ്രധാന സംസ്ഥാനങ്ങളായ നോര്‍ത്ത് കാരോലിന, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ എന്നിവടങ്ങളിലാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസ് ഇന്ന് പര്യടനം നടത്തിയത്. മുന്‍ കാലിഫോര്‍ണിയ ഗവര്‍ണറും സിനിമാതാരവുമായ അര്‍ണോള്‍ഡ് ഷ്വാസ്‌നെഗ്ഗര്‍ കമല ഹാരിസിന് പിന്തുണ പ്രഖ്യാപിച്ചു. അരിസോണ, നെവാഡ സംസ്ഥാനങ്ങളില്‍ നാളെ കമല ഹാരിസ് റാലി നടത്തും . പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ എന്നിവിടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ട്രംപിന്റെ പ്രചാരണം. സ്ത്രീ സുരക്ഷയിലൂന്നിയാണ് ട്രംപ് പ്രചാരണം നടത്തുന്നത്. സ്ത്രീകള്‍ക്ക് ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും താന്‍ അവര്‍ക്ക് സംരക്ഷണം ഒരുക്കുമെന്ന ട്രംപിന്റെ പ്രസ്താവന വിമര്‍ശനത്തിടയാക്കി . കടുത്ത പോരാട്ടം നടക്കുന്ന പെന്‍സില്‍വാനിയയില്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമം ആരോപിച്ചു ട്രംപ് രംഗത്തെത്തി.
ട്രംപിന്റെ അനുയായികളെ മാലിന്യമെന്ന് വിശേഷിപ്പിച്ച ജോ ബൈഡന്റെ പ്രസ്താവന ആയുധമാക്കുകയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. മാലിന്യ ട്രക്കില്‍ പ്രചാരണത്തിനെത്തിയാണ് ട്രംപ് ബൈഡനു മറുപടി നല്‍കിയത്. അതിനിടെ ട്രംപിന്റെ അനുയായിയായ ഇലോണ്‍ മസ്‌കിന്റെ പിന്തുണയുള്ള സംഘം കമല ഹാരിസിനെ ലക്ഷ്യമാക്കി വ്യാജ പരസ്യങ്ങള്‍ നല്‍കുന്നതായി ഫേസ്ബുക് കണ്ടെത്തി. അവസാന ദിനങ്ങളില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പുകളില്‍ ആര്‍ക്കും മുന്‍തൂക്കമില്ലാത്തത് ആവേശകരമായ ക്ലൈമാക്‌സിലേക്ക് വിരല്‍ ചൂണ്ടുകയാണ്.
Story Highlights : US Presidential Election 2024 Trump Vs Kamala updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here