Advertisement

പി ആര്‍ ഏജന്‍സിയുമായി അരക്കഴഞ്ച് ബന്ധമെങ്കിലും എനിക്കുണ്ടെന്ന് തെളിയിക്കുന്ന ഒരു വിവരമെങ്കിലും പുറത്തുവിടണം: കെ സുരേന്ദ്രനോട് ഹാഷ്മി താജ് ഇബ്രാഹിം

October 31, 2024
2 minutes Read
Hashmi Taj Ibrahim replay to K Surendran

കൊടകര കുഴല്‍പ്പണക്കേസിലെ പുതിയ വെളിപ്പെടുത്തലിനെ പ്രതിരോധിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വാര്‍ത്ത പുറത്തുവിട്ട തനിക്കെതിരെ ഉന്നയിച്ച ആരോപണത്തെ പൂര്‍ണമായി തള്ളി ട്വന്റിഫോര്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിം. രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പി ആര്‍ ഏജന്‍സിയുമായി ഹാഷ്മിക്ക് ബന്ധമുണ്ടെന്നും അത്തരത്തില്‍ ഒരാളെ വിലക്കെടുത്താണ് ഈ വെളിപ്പെടുത്തല്‍ നടത്തിച്ചതെന്നുമായിരുന്നു സുരേന്ദ്രന്റെ ആരോപണം. രാഹുലിന്റെയെന്നല്ല ഏതെങ്കിലും പി ആര്‍ ഏജന്‍സിയുമായി അരക്കഴഞ്ച് ബന്ധമെങ്കിലും തനിക്കുണ്ടെന്ന് തെളിയിക്കുന്ന ഒരു വിവരമെങ്കിലും പുറത്തുവിടാന്‍ കെ സുരേന്ദ്രന്‍ തയാറാകണമെന്ന് ഹാഷ്മി തിരിച്ചടിച്ചു. സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഹാഷ്മി കൂട്ടിച്ചേര്‍ത്തു. (Hashmi Taj Ibrahim replay to K Surendran)

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ബിഎന്‍സി എന്ന പി ആര്‍ കമ്പനിയുമായി ഹാഷ്മിക്ക് ബന്ധമുണ്ടെന്നും അദ്ദേഹം ദീര്‍ഘകാലം അതുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുമായിരുന്നു സുരേന്ദ്രന്റെ ആരോപണം. എന്നാല്‍ 2008 മുതല്‍ തുടങ്ങിയ തന്റെ മാധ്യമപ്രവര്‍ത്തന കരിയറില്‍ ഒരിക്കല്‍ പോലും ഏതെങ്കിലും പി ആര്‍ ഏജന്‍സിയുമായി ചേര്‍ന്ന് താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ഹാഷ്മി മറുപടി പറഞ്ഞു. വാര്‍ത്ത നല്‍കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വിലകുറഞ്ഞ ഇത്തരം വ്യക്തിപരമായ ആരോപണം കെ സുരേന്ദ്രന്‍ ഉന്നയിക്കുന്നത് ആദ്യമായല്ല. തന്റെ വാര്‍ത്തയുടെ സോഴ്‌സ് വേണമെങ്കില്‍ സുരേന്ദ്രനോട് മാത്രമായി പറയാന്‍ പോലും തയാറാണെന്നും ഹാഷ്മി പറഞ്ഞു.

Read Also: കൊടകരയിലെ തേഞ്ഞൊട്ടിയ ആരോപണത്തെ ആനക്കാര്യമായി കാണുന്നില്ല,ആര്‍ക്കും ആരെയും വിലക്കെടുക്കാമല്ലോ: കെ സുരേന്ദ്രന്‍

കോടികളുടെ കുഴല്‍പ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായിട്ടാണ് ഓഫീസില്‍ എത്തിച്ചതെന്ന ബിജെപി ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തലാണ് ഹാഷ്മി ട്വന്റിഫോര്‍ എക്‌സ്‌ക്ലൂസീവ് വാര്‍ത്തയായി നല്‍കിയത്. എന്നാല്‍ ആരോപണം തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നായിരുന്നു കെ സുരേന്ദ്രന്റെ മറുപടി. തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തല്‍ തള്ളി തൃശൂരിലെ ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം രംഗത്തെത്തിയിരുന്നു. കേസില്‍ പുനരന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുകയും ചെയ്തു.

Story Highlights : Hashmi Taj Ibrahim replay to K Surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top