‘കേരള സ്റ്റോറി’ക്ക് പുരസ്‌കാരം: ‘ ജൂറി അവഹേളിച്ചത് മത സാഹോദര്യത്തിനായി നിലകൊണ്ട ഇന്ത്യന്‍ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെ’; മുഖ്യമന്ത്രി

‘ ദി കേരള സ്റ്റോറി’ ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയത പടര്‍ത്താനും നുണകളാല്‍ പടുത്ത ഒരു സിനിമയ്ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചതിലൂടെ മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യന്‍ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് അവാര്‍ഡ് ജൂറി അവഹേളിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാര്‍ അജണ്ടയാണ് ഇതിലൂടെ അവര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. ഓരോ മലയാളിയും രാജ്യത്തെ ജനാധിപത്യ വിശ്വാസികളാകെയും ഈ അനീതിക്കെതിരെ സ്വരമുയര്‍ത്തണം. കലയെ വര്‍ഗീയത വളര്‍ത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണം – അദ്ദേഹം കുറിച്ചു.
അതേസമയം, പുരസ്‌കാര ജേതാക്കള്‍ക്ക് അദ്ദേഹം ആശംസകളും അറിയിച്ചു. എഴുപത്തിയൊന്നാമത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നേട്ടമാണ് മലയാള സിനിമ കരസ്ഥമാക്കിയത്. തങ്ങളുടെ അതുല്യ പ്രതിഭയാല്‍ മലയാള സിനിമയെ സമ്പന്നമാക്കിയ ഉര്‍വശിയും വിജയരാഘവനും മികച്ച സഹനടിക്കും സഹനടനുമുള്ള പുരസ്‌കാരങ്ങള്‍ നേടിയത് ഈ നിമിഷത്തിന്റെ തിളക്കം കൂട്ടുന്നു. കൂടുതല്‍ മികവുറ്റ സിനിമകളുമായി പുതിയ ഉയരങ്ങളിലേക്ക് കുതിക്കാന്‍ ഈ അവാര്‍ഡുകള്‍ മലയാള സിനിമയ്ക്ക് പ്രചോദനം പകരട്ടെ എന്ന് ആശംസിക്കുന്നു – അദ്ദേഹം കുറിച്ചു.
കേരള സ്റ്റോറിക്ക് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിട്ടുണ്ട്. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിലും ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് വിദ്വേഷ കാമ്പയിനെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി. മത വിദ്വേഷം മാത്രം ലക്ഷ്യമിട്ടാണ് ‘ദി കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് പുരസ്‌കാരം നല്‍കിയതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് ലഭിച്ച അംഗീകാരം മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം തന്നെ കുറയ്ക്കുന്ന ഒന്നാണെന്ന് വി ശിവന്‍കുട്ടി വ്യക്തമാക്കി. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നിറഞ്ഞ ഒരു സിനിമയ്ക്ക് ദേശീയ പുരസ്‌കാരം നല്‍കുന്നത് അങ്ങേയറ്റം ഖേദകരമാണ്. ഇത് കലയോടുള്ള നീതിയല്ല, മറിച്ച് സമൂഹത്തില്‍ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ്. ഇത്തരം പ്രവണതകള്‍ നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതക്ക് ഒട്ടും ചേര്‍ന്നതല്ല – അദ്ദേഹം വ്യക്തമാക്കി.
Story Highlights : Pinarayi Vijayan against award for movie Kerala Story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here