ഉഴവൂരിനെ മരണത്തിലേക്ക് തള്ളിവിട്ടത് എൻസിപി നേതാക്കൾ; ആദ്യം പുറത്തുവിട്ടത് ട്വന്റിഫോർ ന്യൂസ്

അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്റെ ആരോഗ്യനില പെട്ടന്ന് മോശമായതിന് പിന്നിൽ എൻസിപിയിലെ ഉൾപ്പാർട്ടി പോരെന്ന് ആദ്യം വാർത്ത നൽകിയത് ട്വന്റിഫോർ ന്യൂസ്. ഉഴവൂർ വിജയൻ ആശുപത്രിയിലാകുന്നതിന് മുമ്പ് അദ്ദേഹത്തെ മാനസികമായി തളർത്തുന്ന നടപടികൾ പാർട്ടിയ്ക്കുള്ളിൽനിന്ന് ഉണ്ടായിരുന്നുവെന്നും ട്വന്റിഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ശക്തനായ ഉഴവൂരിനെ തളർത്തിയത് പാർട്ടിയ്ക്കുള്ളിൽനിന്നുതന്നെ ഉയർന്ന പടനീക്കങ്ങളാണ്.
ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന ഉഴവൂർ ആശുപത്രിക്കിടക്കയിലാകാൻ ഇത് കാരണമായെന്ന് ട്വന്റിഫോർ വെളിപ്പെടുത്തലിനെ തുടർന്ന് വിഷയം രാഷ്ട്രീയ നേതാക്കളുടെയും സർക്കാരിന്റെയും ശ്രദ്ധയിലെത്തി. ട്വന്റിഫോർന്യൂസ് വാർത്തയെ തുടർന്ന് നേതാക്കൽ മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ഉഴവൂർ വിജയൻ എന്ന സരസനായ നേതാവിനെ അവശനാക്കിയത് എൻ സി പിയിലെ ഉൾപ്പാർട്ടിപോരാണെന്ന സൂചന ട്വന്റിഫോർ ന്യൂസ് നേരത്തേ പങ്കുവച്ചിരുന്നു. ഇപ്പോൾ അന്വേഷണം നേരിടുന്നത് എൻസിപി ജനറൽ സെക്രട്ടറി സുൽഫിക്കർ മയൂരിയാണ്. പാർട്ടിയ്ക്കുള്ളിൽ മാത്രമേ ഉഴവൂരിന് ശത്രുക്കളുണ്ടായിരുന്നുള്ളൂ എന്ന് എൻസിപി നേതാക്കളിൽ ചിലർതന്നെ തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെ സുൽഫിക്കറിനെതിരെ ലഭിച്ച പരാതികളാണ് ഡിജിപി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടാൻ ഇടയാക്കിയത്.
Read Also : ഉഴവൂർ വിജയനെ അവശനാക്കിയത് എൻ സി പിയിലെ പോര് ?
ഹണിട്രാപ് വിവാദത്തിൽപ്പെട്ട് എ കെ ശശീന്ദ്രൻ മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടി വന്ന സാഹചര്യം മുതൽ പാർട്ടിയിൽ മറ്റൊരു വിഭാഗം പ്രബലമാവുകയും സംസ്ഥാന അധ്യക്ഷനായ ഉഴവൂർ വിജയനെ അടക്കം നിശ്ശബ്ദനാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എൻ സി പിയിൽ എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചു കൊണ്ട് പോകാൻ ശ്രമിച്ചിരുന്ന നേതാവായിരുന്നു ഉഴവൂർ വിജയൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിന്റെ വിജയ ശില്പികളിൽ ഒരാൾകൂടിയായിരുന്നു ഉഴവൂർ.
സരസമായ ഉഴവൂരിന്റെ പ്രസംഗം ജനക്കൂട്ടത്തെ പൊട്ടിച്ചിരിപ്പിക്കുമെന്നതിനാൽ അദ്ദേഹത്തിന്റെ സാന്നിധ്യത്തിനായി കേരളത്തിലെ എല്ലാ മണ്ഡലങ്ങളും ആവശ്യം ഉന്നയിച്ചിരുന്നു എന്നതും വസ്തുതയാണ്. ഇത്രയേറെ ജനസമ്മതിയും സരസനുമായിരുന്ന ഉഴവൂരിന് എന്നാൽ സ്വന്തം പാർട്ടിയ്ക്കുള്ളിൽ പിന്നീട് നേരിടേണ്ടിവന്നത് സുഖകരമായ കാര്യങ്ങളായിരുന്നില്ല. പ്രതിപക്ഷം പോലും ബഹുമാനിച്ചിരുന്ന ഉഴവൂരിനെ അവമതിയ്ക്കുന്ന തരത്തിലുള്ള നടപടികൾക്ക് പലനേതാക്കളും കോപ്പുകൂട്ടിയിരുന്നതായി നേതാക്കൾതന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം ഉഴവൂരിന് ഇതേകുറിച്ചെല്ലാം വ്യക്തമായ ധാരണകളുണ്ടായിരുന്നു വെന്നും പറയേണ്ട സമയത്ത് താനത് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞതായും പേര് വെളിപ്പെടുത്തില്ലെന്ന ഉപാധികളോടെ ഒരു എൻസിപി നേതാവ് ട്വന്റിഫോർ ന്യൂസിനോട് തുറന്നുപറഞ്ഞിരുന്നു. ഇതെല്ലാം സാധൂകരിക്കുന്നതാണ് ഇപ്പോൾ സുൽഫിക്കർ മയൂരിയ്ക്കെതിരെയുള്ള അന്വേഷണ ഉത്തരവ്.
രണ്ട് എംഎൽഎമാർ മാത്രമുള്ള എൻസിപിയിലെ ഉൾപ്പോര് നേരത്തേ തലപൊക്കേണ്ടിയിരുന്നതാണ്. എന്നാൽ ഏറെക്കുറെ ഒതുങ്ങിയത് ഭരണത്തിലും മന്ത്രി എൻ കെ ശശീന്ദ്രന്റെ പ്രവർത്തനത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഗുഡ്സർട്ടിഫിക്കറ്റ് മൂലമാണ്.
എന്നാൽ അധികാര കേന്ദ്രങ്ങൾ മാറിയതോടെ ഉഴവൂർ നടപടിയെടുത്ത് തരംതാഴ്ത്തിയ ചിലർ അദ്ദേഹത്തിനെതിരെ പടയൊരുക്കം പുനരാരംഭിച്ചുവെന്നും പുതിയ കളമൊരുക്കി പടകൂട്ടുകയായിരുന്നുവെന്നും ഉഴവൂരിനോട് അടുപ്പമുള്ളവർ പറയുന്നു. ഇതോടെയാണ് മാനസികമായി ഉവഴൂരിനെ തളർത്തുന്ന തരത്തിലുള്ള ഫോൺകോളുകൾ അദ്ദേഹത്തിന് തുടർച്ചയായി വന്നുകൊണ്ടിരുന്നതെന്നും ഇവർ ട്വന്റിഫോർ ന്യൂസിനോട് വ്യക്തമാക്കിയിരുന്നു.
എൻസിപി നേതാക്കൾ നൽകിയ പരാതിയിൽ നടപടിയെടുക്കാൻ മുഖ്യമന്ത്രി ഡിജിപിയ്ക്ക് നിർദ്ദേശം നൽകുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here