ഭർത്താവ് ശൗചാലയം നിർമ്മിച്ചില്ല; യുവതിയ്ക്ക് വിവാഹമോചനം നൽകി കോടതി

ഭർത്താവ് ശൗചാലയം നിർമിച്ച് നൽകാത്തതിനെതിരെ കോടതിയെ സമീപിച്ച യുവതിക്ക് രാജസ്ഥാൻ കോടതി വിവാഹ മോചനം അനുവദിച്ചു. ഭിൽവാര കുടുംബകോടതിയാണ് യുവതിക്ക് വിവാഹമോചനം അനുവദിച്ചത്.
ശൗചാലയം നിർമ്മിച്ച് നൽകാത്ത ഭർത്താവിന്റെ നടപടി ഭാര്യയ്‌ക്കെതിരായ ക്രൂരതയെന്ന് കേസ് പരിഗണിച്ച കോടതി വിശേഷിപ്പിച്ചു.
മദ്യവും സിഗരറ്റും മൊബൈൽ ഫോണുകളും വാങ്ങാൻ പണം വാങ്ങുന്ന നമ്മൾ വീട്ടിലുള്ളവരുടെ അഭിമാനം സംരക്ഷിക്കുന്നതിന് ശ്രദ്ധ നൽകുന്നില്ലെന്നും പറഞ്ഞ കോടതി ഇത് സ്ത്രീകൾക്ക് നേരെയുള്ള ക്രൂരതയാണെന്നും വ്യക്തമാക്കി.
2011 ൽ വിവാഹിതയായ യുവതി ഭർത്താവിനോട് നിരന്തരം ആവശ്യപ്പെട്ടിട്ടും ശൗചാലയം നിർമ്മിച്ച് നൽകാൻ തയ്യാറായില്ല. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ രാത്രി വരെ കാത്തിരിക്കണമെന്നും 2015ൽ കോടതിയെ സമീപിച്ച യുവതി പരാതിയിൽ പറയുന്നു.
ഗ്രാമത്തിലെ മറ്റു വീടുകളിലൊന്നും ശൗചാലയമില്ല. അതിനാൽ ഭാര്യയുടെ ആവശ്യം അസാധാരണമാണ്. വിവാഹ സമയത്ത് യുവതിയുടെ കുടുംബം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നില്ലെന്നുമാണ് യുവതിയുടെ ഭർത്താവ് കോടതിയിൽ പറഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here