ഒടുവിൽ നീതി; നാറാണമൂഴിയിൽ അധ്യാപികയുടെ ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവം; ശമ്പള കുടിശ്ശിക അക്കൗണ്ടിലെത്തി

പത്തനംതിട്ട നാറാണമൂഴിയിൽ ശമ്പള കുടിശ്ശിക ലഭിക്കാത്തതിനെ തുടർന്ന് അധ്യാപികയുടെ ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒടുവിൽ നീതി. അധ്യാപികയുടെ ശമ്പള കുടിശ്ശിക പകുതിയോളവും തിങ്കളാഴ്ചയാണ് അക്കൗണ്ടിലെത്തിയത്. ബാക്കി തുക പി എഫിൽ ലയിപ്പിക്കുമെന്ന് കുടുംബം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ അധികം വൈകാതെ പൂർത്തിയാകുമെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. ശമ്പള കുടിശ്ശിക ലഭിക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ കയറി മടുത്താണ്, അധ്യാപികയുടെ ഭർത്താവ് ഷിജോ വി.റ്റി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു
ശമ്പള കുടിശ്ശിക നൽകുന്നതിൽ വീഴ്ച വരുത്തിയ പത്തനംതിട്ട ഡി. ഇ. ഓഫീസിലെ മൂന്നു ഉദ്യോഗസ്ഥരെയും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സസ്പെൻഡ് ചെയ്തിരുന്നു. വകുപ്പ് തല അന്വേഷണം പൂർത്തിയാകുമ്പോൾ പിരിച്ചുവിടൽ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
നാറാണംമൂഴി സെൻറ് ജോസഫ് ഹൈസ്കൂളിൽ 2012 ലാണ് ഷിജോയുടെ ഭാര്യ ലേഖ രവീന്ദ്രൻ ജോലിയിൽ കയറുന്നത്. മുൻപ് ജോലി ചെയ്യുകയും പിന്നീട് രാജിവെച്ചു പോകുകയും ചെയ്ത അധ്യാപികയും ഇതേ തസ്തികയ്ക്ക് അവകാശവാദം ഉന്നയിച്ചു. തർക്കം കോടതി കയറി ഒടുവിൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് കിട്ടിയെന്ന് ഷിജോയുടെ കുടുംബം പറയുന്നു. ശമ്പളം നൽകണമെന്ന കോടതി ഉത്തരവും അനുബന്ധ രേഖകളും ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ ഡിസംബർ നൽകിയതാണ്. എന്നാൽ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല.
എൻജിനീയറിങ്ങിന് അഡ്മിഷൻ ലഭിച്ച മകന്റെ പഠനത്തിന് ഈ തുക ഉപയോഗിക്കാമെന്ന് കരുതിയെങ്കിലും കുടിശ്ശിക തുക നൽകാൻ ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ചില ഉദ്യോഗസ്ഥർ തയ്യാറായില്ലന്നാണ് ഷിജോയുടെ പിതാവ് സി പി എം നേതാവായ ത്യാഗരാജന്റെ ആരോപണം.
Story Highlights : Pathanamthitta Teacher’s salary arrears have reached the account
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here