പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ ആര് നയിക്കും? ഭാരവാഹി തിരഞ്ഞെടുപ്പ് നാളെ

സിനിമാ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹി തിരഞ്ഞെടുപ്പ് നാളെ നടക്കും. അസോസിയേഷൻ ഓഫീസിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാനപ്പെട്ട എല്ലാ സ്ഥാനങ്ങളിലേക്കും വാശിയേറിയ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ബി രാഗേഷിന്റേ നേതൃത്വത്തിലുള്ള പാനലും വിനയന്റെ നേതൃത്വത്തിലുള്ള പാനലും തമ്മിലുള്ള മത്സരമാണ് പ്രധാനമായും അരങ്ങേറുന്നത്. നിലവിലുള്ള സെക്രട്ടറിയാണ് ബി രാകേഷ്. ചേമ്പറിന്റെ ഭാരവാഹിയായിരുന്ന സജി നന്ത്യാട്ടാണ് എതിർ പാനലിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
പൊതു തിരഞ്ഞെടുപ്പിന് സമാനമായ വീറും വാശിയുമായാണ് ഇത്തവണ അസോസിയേഷന്റെ ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കുന്നത്. പോസ്റ്ററുകളും അഭ്യർത്ഥനകളും തയ്യാറാക്കിയുള്ള വോട്ടുതേടലും തിരഞ്ഞെടുപ്പ് പ്രചരണങ്ങളും തകൃതിയായി നടക്കുകയാണ്. വിവിധ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ വോട്ടർമാരെ പരമാവധി നേരിൽ കണ്ട് വോട്ടഭ്യർത്ഥന നടത്തുന്നുണ്ട്.
ഇതേസമയം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനായി എത്തിയ സാന്ദ്രാ തോമസിന്റെ പത്രിക തള്ളിയതും അവർ കോടതിയെ സമീപിച്ചതും ആശങ്കയുളവാക്കിയിരുന്നു. എന്നാൽ ഹൈക്കോടതി സാന്ദ്രയുടെ പത്രിക തള്ളിയതോടെ തിരഞ്ഞെടുപ്പിൽ നിയമപരമായ ഇടപെടൽ ഉണ്ടാവില്ലെന്ന ആശ്വാസത്തിലാണ് നേതൃത്വം.
അസോസിയേഷനുമായി നിരന്തരമായി നിയമ പോരാട്ടത്തിലായിരുന്നു സാന്ദ്രതോമസ്. സംഘടനയുടെ ഭരണഘടനാ പ്രകാരം സാന്ദ്രയ്ക്ക് പ്രസിഡന്റ് സ്ഥാനാർത്ഥിയാവാൻ കഴിയില്ലെന്നായിരുന്നു വരണാധികാരിയുടെ നിലപാട്. സാന്ദ്രയുടെ നാമനിർദേശപത്രിക തള്ളിയതോടെ ഭാരവാഹികളുമായി സാന്ദ്രനേരിട്ട് ഏറ്റുമുട്ടുന്നതിൽവരെ എത്തി.
പത്രിക തള്ളിയതിനെ ചോദ്യം ചെയ്ത് സാന്ദ്രതോമസ് കോടതിയെ സമീപിക്കുകയായിരുന്നു. മൂന്ന് സിനിമകൾ സ്വന്തം പേരിൽ നിർമിച്ചവർക്കുമാത്രമേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ കഴിയുകയുള്ളൂ എന്നായിരുന്നു സംഘടനയുടെ നിയമാവലിയിൽ പറയുന്നത്. താൻ ഫ്രൈഡേ ഫിലിംസിൽ പങ്കാളിയായിരുന്നുവെന്നും അതിനാൽ തനിക്ക് മത്സരിക്കാൻ യോഗ്യതയുണ്ടെന്നായിരുന്നു സാന്ദ്രയുടെ വാദം. എന്നാൽ നിയമപ്രകാരം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ അനുവദിക്കണമെന്ന സാന്ദ്രയുടെ അവകാശവാദം കോടതി തളളുകയായിരുന്നു. വരണാധികാരിയെ നിയമിച്ചത് ഭരണഘടനാ പ്രകാരമല്ലെന്ന സാന്ദ്രയുടെ വാദവും കോടതി തള്ളുകയായിരുന്നു. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ സാന്ദ്രയ്ക്ക് മത്സരിക്കാൻ കഴിയില്ലെന്ന് ഫ്രൈഡെ ഫിലിംസിന്റെ ഉടമയായ വിജയ് ബാബുവും വ്യക്തമാക്കിയിരുന്നു.
സാന്ദ്രാ തോമസുമായുണ്ടായ തർക്കമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പിനെ വിവാദത്തിലേക്കാണ് തള്ളിവിട്ടത്. സാന്ദ്രയെ അനുകൂലിച്ച് രംഗത്തെത്തിയ നിർമാതാവ് സജി നന്ത്യാട്ട് കഴിഞ്ഞ ദിവസം ഫിലിം ചേമ്പർ ഭാരവാഹിത്വം രാജിവച്ചിരുന്നു. അനിൽ തോമസാണ് എല്ലാ പ്രശ്‌നങ്ങളുടേയും കേന്ദ്രബിന്ദുവെന്നായിരുന്നു സാന്ദ്രയുടേയും സജി നന്ത്യാടിന്റേയും ആരോപണം. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുവെന്നാരോപിച്ച് നിലവിൽ സംഘടനാ ഭാരവാഹിയായ അനിൽ തോമസും രംഗത്തെത്തിയിട്ടുണ്ട്.
സംഘടനയിൽ വനിതാ നിർമാതാക്കൾക്ക് അവഗണനയെന്ന സാന്ദ്രയുടെ ആരോപണം നേരത്തെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. നിർമാതാവും അസോസിയേഷൻ ഭാരവാഹിയുമായ ലിസ്റ്റിൻ സ്റ്റീഫനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി സാന്ദ്രാ തോമസ് രംഗത്തെത്തിയതും, പിന്നീട് നിർമാതാക്കളായ ജി സുരേഷ് കുമാർ, സിയാദ് കോക്കർ തുടങ്ങിയവരെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് രംഗത്തെത്തിയതും സംഘടനയെ പ്രതിരോധത്തിലാക്കി. ഇത്തവണ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹി തിരഞ്ഞെടുപ്പിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനുള്ളിൽ ഒരിക്കലും സംഭവിക്കാത്ത നിരവധി വിവാദങ്ങളാണ് ഉണ്ടായത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സോഫിയ പോൾ, സന്ദീപ് സേനൻ, ആനന്ദ് പയ്യന്നൂർ എന്നിവർ തമ്മിലാണ് പ്രധാന മത്സരം. സെക്രട്ടറി സ്ഥാനത്തേക്ക് ലിസ്റ്റിൻ സ്റ്റീഫൻ, വിനയൻ, കല്ലിയൂർ ശശി എന്നിവർ ആണ് സ്ഥാനാർഥികൾ. ജോയിന്റ് സെക്രട്ടറിയാകാൻ എം എം ഹംസ, ആൽവിൻ ആന്റണി, വിശാഖ് സുബ്രമണ്യൻ എന്നിവരും മത്സരിക്കുന്നു. ട്രഷറർ സ്ഥാനത്തിനായി മഹാ സുബൈർ, സജി നന്ത്യാട്ട് എന്നിവരും പത്രിക നൽകിയിട്ടുണ്ട്. 14 അംഗ എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്ക് 26 പേരാണ് നാമനിർദേശ പത്രിക നൽകിയിരിക്കുന്നത്. ഇതിൽ സാന്ദ്ര തോമസ്, ഷീല കുര്യൻ, ഷെർഗ സന്ദീപ് എന്നീ മൂന്ന് സ്ത്രീകളുണ്ട്.
സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ അമരത്തേക്കും നിർമാതാക്കളുടെ സംഘടനയുടെ തലപ്പത്തേക്കും സ്ത്രീകൾ വരുന്നുവെന്ന തരത്തിലുള്ള ചർച്ചകൾ പോലും പൊതുജനമധ്യത്തിലുണ്ടായിരുന്നു. എന്നാൽ അമ്മയിലും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കാനായി എത്തിയ സ്ഥാനാർത്ഥികൾക്കു നേരേയും മറ്റുള്ളവർക്കെതിരേയും ആരോപണങ്ങളും പ്രത്യാരോപണങ്ങളും പൊലീസ് കേസും, കോടതിയിൽ ഹരജികളും മറ്റും അരങ്ങേറി.
അമ്മയിൽ 15 നാണ് ഭാരവാഹി തിരഞ്ഞെടുപ്പ്. അധ്യക്ഷസ്ഥാനത്തേക്ക് മത്സിക്കുന്ന നടി ശ്വേതാ മേനോനെതിരെ കേസുമായി സംഘടനയുമായി ബന്ധമില്ലാത്തൊരാൾ രംഗത്തെത്തിയതും വിചിത്രമായ നീക്കമായി. ദേവവനാണ് ശ്വേതയുടെ എതിരാളി. സിനിമാ സംഘടനയിൽ സിനിമയെ വെല്ലുന്ന തിരക്കഥകളിലാണ് വിവാദം ഉണ്ടായത്. താരങ്ങൾ തമ്മിൽ പരസ്പരം ചെളിവാരിയെറിയുന്ന ആരോപണങ്ങൾ ഉയർന്നു. നടിമാർ തമ്മിലുള്ള വ്യക്തിപരമായ പോരാട്ടമായി ഇത് വഴിമാറി. ഇരു സംഘടനകളിലും നാളെയും മറ്റന്നാളുമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ വിജയം നേടുന്നതിനുള്ള ശക്തമായ നീക്കങ്ങളാണ് ഇരുപക്ഷവും നടത്തുന്നത്.
Story Highlights : Who will lead the Producers Association
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here