Advertisement

ബാങ്കുകാർ ഇറക്കിവിട്ട വൃദ്ധ ദമ്പതികൾക്ക് മുഖ്യമന്ത്രി തുണയായി

August 24, 2017
Google News 0 minutes Read

ബാങ്ക് അധികൃതർ കുടിയൊഴിപ്പിച്ച വൃദ്ധദമ്പതികളെ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് തിരികെയെത്തിച്ചു. ബാങ്ക് അധികൃതരുടെ നടപടിക്കെതിരെ രംഗത്ത് വന്ന മുഖ്യമന്ത്രി ഇവരെ ഇന്ന് തന്നെ തിരികെ വീട്ടിലെത്തിക്കാൻ കളക്ടറോട് നിർദ്ദേശിച്ചിരുന്നു. തുടർന്ന് കളക്ടർ നടത്തിയ ചർച്ചയിൽ ഇവരെ മൂന്ന് മാസത്തേക്ക് ഇവിടെ താമസിപ്പിക്കാനും ബാക്കി കാര്യങ്ങൾ പിന്നീട് തീരുമാനിക്കാമെന്നും ധാരണയായിരുന്നു. പിന്നീടാണ് റവന്യൂ വകുപ്പിന്റെ വാഹനത്തിൽ എറണാകുളം ജില്ലാ ആശുപത്രിയിൽ നിന്നും ഇവരെ വീട്ടിലെത്തിച്ചത്.

കിടപ്പാടം ജപ്തി ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെയായിരുന്നു തൃപ്പൂണിത്തറയില്‍ വൃദ്ധദമ്പതികളോട് ബാങ്ക് ജപ്തിയുടെ പേരില്‍ ക്രൂരത കാണിച്ചത് . ക്ഷയരോഗം ബാധിച്ച വൃദ്ധദമ്പതികളെ വലിച്ചിഴച്ചാണ് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയത്. സിപിഎം ഭരണത്തിലുള്ള തൃപ്പൂണിത്തുറ ഹൗസിങ് കോര്‍പ്പറേറ്റീവ് സൊസൈറ്റിയുടേതാണ് ക്രൂരമായ നടപടി. വീട്ടില്‍ നിന്ന് ഇറക്കി വിട്ട ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഏഴു വര്‍ഷത്തോളം മുമ്പാണ് ഇവര്‍ ഒന്നര ലക്ഷം രൂപ വായ്പയെടുത്തത്. അതിനുശേഷം അസുഖത്തിനെ തുടര്‍ന്ന് തിരിച്ചടവ് മുടങ്ങുകയായിരുന്നു. പലിശയടക്കം ഏകദേശം 2,70000 രൂപയാണ് ഇവര്‍ തിരിച്ചടയ്‌ക്കേണ്ടത്. ഇത് അടക്കാത്തതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ്് ബാങ്ക് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കുകായിരുന്നു.

രണ്ടു സെന്റ് ഭൂമിയും വീടും ബാങ്ക് അഞ്ചു ലക്ഷം രൂപക്ക് ലേലം ചെയ്തത്. സെന്റിന് ആറ് ലക്ഷത്തിന് മുകളില്‍ വിലയുള്ള സ്ഥാനത്താണ് ഇത്രയും കുറഞ്ഞവിലയ്ക്ക് ലേലം ചെയ്തുപോയത്. അതിനു ശേഷം ഇപ്പോള്‍ വീട് ലേലത്തില്‍ വിളിച്ചയാള്‍ പൊലീസ് സഹായത്തോടെ വൃദ്ധ ദമ്പതികളെയടക്കം വലിച്ചിഴച്ച് പുറത്താക്കുകയായിരുന്നു. ദമ്പതികളെ കൂടാതെ അസുഖബാധിതനായ ഒരു മകനും ഈ വീട്ടില്‍ താമസിക്കുന്നുണ്ട്.

1000 ചതുരശ്രയടിയില്‍ താഴെ കിടപ്പാടമുള്ളവരുടെ വീടും ഭൂമിയും ജപ്തി ചെയ്യില്ലെന്ന പ്രമേയം കഴിഞ്ഞ ദിവസം നിയമസഭയില്‍ പാസാക്കിയതിന് പിന്നാലെയാണ് ഈ സംഭവം നടക്കുന്നത്. അതും ഭരണപക്ഷ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയുടെ ഭാഗത്ത് നിന്നുമുള്ള നടപടി. സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെയാണ് പൊലീസുകാര്‍ ഉപദ്രവിച്ചതെന്നും ജപ്തി നടപടികളൊന്നും തന്നെ നേരത്തെ അറിഞ്ഞിരുന്നില്ലെന്നും അറിഞ്ഞ് നിയമസഹായം തേടിയപ്പോഴേക്കും ഏറെ വൈകിയെന്നും ദമ്പതികള്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നതിന് പിന്നാലെ സിപിഐഎം പ്രവര്‍ത്തകരെത്തി ബാങ്ക് സീല്‍ ചെയ്ത വീടിന്റെ പൂട്ട് പൊളിച്ചുമാറ്റിയിരുന്നു. വൃദ്ധ ദമ്പതികളെ ഇറക്കിവിട്ട സംഭവം ന്യായീകരിക്കാന്‍ കഴിയില്ലെന്ന് സിപിഐഎം എറണാകുളം ജില്ലാകമ്മിറ്റി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here