ഗുർമീതിന് സർക്കാർ ഫണ്ടും സ്വന്തം; ഹരിയാനയിലെ ബിജെപി മന്ത്രിമാർ നൽകിയത് 1.12 കോടി രൂപ

ദേറാ സച്ചാ സൗദാ നേതാവും സ്വയം പ്രഖ്യാപിത ആൾദൈവവുമായ ഗുർമീത് റാം റഹീമിന്റെ അനുയായികളിൽ രാഷ്ട്രീയ നേതാക്കളും പ്രമുഖരും. രാഷ്ട്രീയ പാർട്ടുകളുടെ പ്രധാന വോട്ട് ബാങ്കായിരുന്നു ഗുർമീത്. അനുയായികളിലൊരാളെ പീഡിപ്പിച്ചതിന്റെ പേരിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ഉത്തരേന്ത്യയിൽ മുഴുവൻ പടർന്ന കലാപത്തിൽ പൊലിഞ്ഞത് 30 ലേറെ ജീവനുകളാണ്. എന്നിട്ടും സംസ്ഥാന സർക്കാരുകളോ കേന്ദ്ര നേതൃത്വമോ തുടരുന്ന മൗനം ഗുർമീതിന് ഭരണകർത്താക്കളിൽ ഉള്ള സ്വാധീനമാണ് വ്യക്തമാക്കുന്നത്.
സർക്കാർ ഫണ്ടുകളിൽനിന്ന് ബിജെപി ഭരിക്കുന്ന ഹരിയാനയിലെ മൂന്ന് മന്ത്രിമാർ ഗുർമീതിന് സംഭാവന ചെയ്തത് 1.12 കോടി രൂപയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഗുർമീതിന്റെ പരസ്യ പിന്തുണ സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപിയ്ക്കായിരുന്നു.
ഹരിയാനയിലെ ബിജെപി സർക്കാരിലെ മന്ത്രിമാരായ റാംവിലാസ് ശർമ്മ, അനിൽ വിജ്ജ്, മനീഷ് ഗ്രോവർ എന്നീ മന്ത്രിമാരാണ് ഓഗസ്റ്റ് മാസം മാത്രം സർക്കാർ ഫണ്ട് ഗുർമീതിന് നൽകിയത്. ഗുർമീതിന്റെ ജന്മദിനാഘോഷങ്ങൾക്കും ആശ്രമത്തിലെ ആഘോഷങ്ങൾക്കും വേണ്ടിയാണ് ജനങ്ങളുടെ നികുതി പണമത്രയും മന്ത്രിമാർ ആൾദൈവത്തിന് സംഭാവന ചെയ്തത്.
അതിനിടയിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ഗുർമീതിന്റെ അനുഗ്രഹത്തിനായി കാത്ത് നിൽക്കുന്ന നിരവധി പ്രമുഖരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
3 Haryana BJP Ministers Gifted Rs 1.12 Crore to gurmeet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here