മഹാബലിയെ വരവേല്‍ക്കുന്ന ഓണത്തിന് പൂക്കളത്തില്‍ വാമനമൂര്‍ത്തിയെന്തിന്??

കഥകളില്‍ കേട്ട് ശീലിച്ചത് അനുസരിച്ചതാണെങ്കില്‍ നാട് ഭരിച്ച നല്ലവനായ മഹാബലി തമ്പുരാനെ ചവിട്ടിത്താഴ്ത്തിയതാണ് വാമനന്റെ കഥാപാത്രം.. പാതാളത്തിലേക്ക് ആണ്ടുപോയെ ആ മഹാബലി തിരുമേനി തന്റെ പ്രജകളെ കാണാന്‍ വരുമ്പോള്‍ മഹാബലിയെ വരവേല്‍ക്കുന്ന പൂക്കളത്തില്‍ മലയാളികള്‍ തൃക്കാക്കരയപ്പനെന്ന വാമനമൂര്‍ത്തിയെ പ്രതിഷ്ഠിക്കുന്നതെന്തിനാണ്? എന്നെങ്കിലും ഇത് ആലോചിച്ചിട്ടുണ്ടോ?
ഓണത്തെ കുറിച്ച് ഏറ്റവും പ്രചാരമുള്ള ഐതീഹ്യമാണ് മഹാബലിയുടേയും വാമനന്റേതും. എന്നാല്‍
എട്ടാം ശതകത്തിലെ ആഴ് വാര്‍കൃതികളില്‍ വരെ തിരുവോണത്തെ കുറിച്ച് പരാമര്‍ശമുണ്ട് എന്നതാണ് സത്യം. സംഘകാലം മുതല്‍ മലയാളക്കരയില്‍ ഓണം ആഘോഷിച്ചിരുന്നതായി പണ്ഡിതര്‍ പറയുന്നു. വിഷ്ണുവിന്റെ ജന്മനാളാഘോഷമാണ് തിരുവോണമെന്ന രീതിയിലാണ് പെരിയാഴ് വാര്‍ പാടുന്ന പാട്ടിലും, തിരുമങ്കൈ ആഴ് വാരുടെ പരാമര്‍ശത്തിലും ഉള്ളത്. പഴന്തമിഴ്പാട്ടില്‍ മായോന്റെ ജന്മദിനമായി ഓണത്തെ പരാമര്‍ശിക്കുന്നുണ്ട്.
പൂക്കളത്തില്‍ തൃക്കാക്കരയപ്പന്‍
തിരുവോണ നാളിലാണ് സാധാരണയായി പൂക്കളത്തില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുന്നത്. അരിമാവുകൊണ്ട് കോലം വരച്ച് അതിനു മുകളിള്‍ കളിമണ്ണുകൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കും. ഇതിനെ ഓണം കൊള്ളുക എന്നാണ് പറയുക. തൃക്കാക്കരയപ്പനെ ചെറിയ പീഠത്തിൽ ഇരുത്തി തുമ്പക്കുടവും പുഷ്പങ്ങളും, കത്തിച്ച നിലവിളക്ക്, ചന്ദനത്തിരി, വേവിച്ച അട, മുറിച്ച നാളികേരം, അവിൽ, മലർ തുടങ്ങിയവയും പ്രതിഷ്ഠയോട് ഒപ്പം വക്കുന്നു.
തൃക്കാക്കരയപ്പന്‍
തൃക്കാക്കരയപ്പന്‍ യഥാര്‍ത്ഥത്തില്‍ വാമനമൂര്‍ത്തിയാണ്. കേരളത്തില്‍ തൃക്കാക്കരയിലാണ് മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്റെ ക്ഷേത്രം ഉള്ളത്. വിഷ്ണുവിന്റെ തൃപ്പാദം പതിഞ്ഞ സ്ഥലം എന്ന അര്‍ത്ഥത്തിലാണത്രേ തൃക്കാക്കര ഉണ്ടായത്. യഥാര്‍ത്ഥത്തില്‍ തിരു-കാല്‍-കര എന്നത് ലോപിച്ച് തൃക്കാക്കരയായി മാറിയെന്നതാണ് ചരിത്രം.
ഭൂമിയില്‍ സ്വര്‍ഗം നിര്‍മിക്കാന്‍ ശ്രമിച്ച അസുരനായ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ വൈഷ്ണവനായ വാമനനെ എന്ന് മുതലാണ് കേരളീയര്‍ ആരാധിച്ച് തുടങ്ങിയത്. അതില്‍ ഒരു വൈരുദ്ധ്യം ഇല്ലേ…
ആ ഐതീഹ്യം ഇങ്ങനെ
മഹാബലി, യഥാര്‍ത്ഥത്തില്‍ ബലിയായിരുന്നു. ആ ബലിയുടെ അഹങ്കാരം ശമിപ്പിക്കാനാണ് വാമനന്‍ അവതരിച്ചത്. അഹന്ത വെടിഞ്ഞ് ബലി വാമനന് മുന്നില്‍ ശിരസ്സ് നമിച്ചപ്പോളാണ് ബലി മഹാബലിയായത് എന്നതാണ് ഈ ഐതീഹ്യം.
ഇന്ദ്രപദവി നേടാന്‍ നൂറാമത്തെ യാഗം നടത്തുമ്പോളാണ് ബലിയുടെ യാഗശാലയില്‍ വാമനന്‍ എത്തുന്നത്. ത്രിവിക്രമനായി ലോകമെമ്പാടും വളര്‍ന്ന വാമനന്‍ രണ്ടടികൊണ്ട് ബലി തന്റേതെന്ന് അഹങ്കരിച്ചിരുന്ന എല്ലാം അളന്നെടുത്തു. മൂന്നാമത്തെ അടിവെക്കാന്‍ സ്ഥലം ചോദിച്ചു. അപ്പോഴാണ് തന്റെ അഹന്തയുടെ ആഴം ബലി തിരിച്ചറിഞ്ഞത്. അഹങ്കാരം നിറഞ്ഞ ശിരസ്സില്‍ കാല്‍ വയ്ക്കാന്‍ ബലി തന്നെയാണ് വാമനനോട് ആവശ്യപ്പെട്ടത്. അത് അനുഗ്രഹം ആയിരുന്നു, ചവിട്ടിത്താഴ്ത്തല്‍ ആയിരുന്നില്ലെന്നും ഐതീഹ്യം .നമ്മുടെ അറിവില്ലായ്മയുടെ മുന്നില്‍ ജ്ഞാനരൂപനാമായി വാമനന്‍ എത്തുമെന്നും, അത് വളര്‍ന്ന് നമ്മുടെ അഹന്ത നീക്കുമെന്നുമാണ് ഈ ഐതീഹ്യം പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here