ഏഴ് ഏക്കറിൽ പരന്ന് കിടക്കുന്ന ആഡംബര സൗധം, ഫാക്ടറി, അമ്യൂസ്‌മെന്റ് പാർക്ക്, സ്‌കൂൾ, ഹോട്ടൽ; ഗുർമീത് റാം റഹീം ന്റെ സാമ്രാജ്യം ചെറുതല്ല

അനുയായിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീം കുറ്റക്കാരനാണെന്ന കോടതി വിധിക്ക് പിന്നാലെ വൻ കലാപങ്ങളാണ് രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ടത്. വിധി കാത്ത് കോടതി പരിസരത്ത് ഗുർമീതിന്റെ ലക്ഷങ്ങളോളം വരുന്ന അനുയായികൾ തടിച്ചുകൂടിയിരുന്നു. ഇവർ അഴിച്ചുവിട്ട കലാപത്തിൽ പൊലിഞ്ഞത് നൂറു കണക്കിനാ ആളുകളുടെ ജീവനും ജീവിതവുമാണ്….
ഇത്രയധികം ജനപിന്തുണ ലഭിക്കാൻ ആരാണ് ഈ പീഡകൻ ? ജനങ്ങൾ ആരാധിക്കുന്ന ഒരു ആൾദൈവത്തിനുമപ്പുറം കോടികൾ വില മതിക്കുന്ന ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പൊക്കിയ ബിസിനസ് ‘ടൈകൂൺ’ ആണ് ഗുർമീത്. ആശുപത്രികൾ മുതൽ സ്‌കൂളും കോളേജും വരെ, ഹെയർ ഓയിൽ, ഷാംപൂ അടക്കമുള്ള സൗന്ദര്യ വർധക വസ്തുക്കൾ മുതൽ നൂറ് കണക്കിന് വരുന്ന മറ്റ് ഉത്പന്നങ്ങൾ വരെ, സിനിമ മുതൽ അമ്യൂസ്‌മെന്റ് പാർക്ക് വരെ….. ഗുർമീത് കെട്ടിപ്പൊക്കിയ സാമ്രാജ്യം ചെറുതല്ല !!
തുടക്കം….
1948 ൽ രൂപീകരിച്ച ദേരാ സച്ചാ സൗദയിൽ ആകൃഷ്ടനായിരുന്നു ഗർമീത് റആം റഹീമിന്റെ പിതാവ്. പിന്നീട് പിതാവിന്റെ വഴിയേ ഗുർമീതും എത്തുകയായിരുന്നു. സംഘടനയിൽ സജീവമായ ഇയാൾ 1990 ൽ ദേരാ സച്ചാ സൗദയുടെ മൂന്നാമത്തെ മേധാവിയായി സ്ഥാനമേൽക്കുകയായിരുന്നു. അന്ന് ഗുർമീതിന് പ്രായം 23 വയസ്സ് !!
ഗുർമീത് എന്ന ‘റോക്ക് സ്റ്റാർ ബാബ’
പതിവ് ആൾദൈവങ്ങളിൽ നിന്നും വറെ വ്യത്യസ്തനാണ് ഗുർമീത്. സാധാരണ ആൾദൈവങ്ങൾ വെളുപ്പ് അല്ലെങ്കിൽ കാവി വസ്ത്രങ്ങൾ ധരിച്ച് ലാളിത്യത്തിന്റെ പര്യായമായി ‘കാണപ്പെടുമ്പോൾ’ റോക്ക് സ്റ്റാർ ബാബ പേര് പോലെ തന്നെ തിളങ്ങുന്ന മൾട്ടികളർ വസ്ത്രങ്ങളും, മറ്റ് വേഷഭൂഷാതികളുമായാണ് പൊതുജനമധ്യം എത്തുന്നത്.
സന്യാസം എന്ന പാവനപ്രവൃത്തി ഒരു ആഘോഷമാക്കിമാറ്റിയിരിക്കുകയാണ് ഗുർമീത്. ആഡംബര വാഹന പ്രിയനായ ബാബയ്ക്ക് സദാസമയം അകമ്പടിയായി നൂറിലധികം വാഹനങ്ങൾ ഉണ്ടാകും. കുറഞ്ഞത് 50 വാഹനങ്ങളെങ്കിലും അകമ്പടിക്ക് വേണമെന്ന് റോക് സ്റ്റാർ ബാബയ്ക്ക് നിർബന്ധമാണ്. റേഞ്ച് റോവർ എസ്യുവി ഒറ്റയ്ക്ക് ഓടിക്കുക എന്നത് ബാബയുടെ പ്രിയപ്പെട്ട വിനോദങ്ങളിൽ ഒന്നാണ്. ഇതിന് പുറമേ 16 ബ്ലാക്ക് എൻഡേവറുകൾ, ലക്ഷക്കണക്കിന് രൂപ വില മതിക്കുന്ന മോട്ടോർ ബൈക്കുകൾ, ബുള്ളറ്റുകൾ എന്നിവയെല്ലാം ബാബയുടെ വാഹന ശേഖരങ്ങളിൽ ചിലത് മാത്രം. യാത്രകളിൽ സ്ത്രീ ‘ഭക്തർ’ വേണമെന്ന് കാര്യത്തിൽ വീട്ടുവീഴ്ച്ചയില്ല റോക്ക് സ്റ്റാർ ബാബയ്ക്ക്.
7 ഏക്കറിൽ പരന്ന് കിടക്കുന്ന ആഡംബര വസതി !!
വിലകൂടിയ വസ്ത്രങ്ങളും, ആഭരണങ്ങളും മാത്രം അണിഞ്ഞ് നടക്കുന്ന ബാബ താമസിക്കുന്നത് 7 ഏക്കറോളം പരന്ന് കിടക്കുന്ന ആഡംബര ഫാം ഹൗസിലാണ്. എസി ഹോട്ടലുകൾ, ആശുപത്രികൾ, അമ്യൂസ്‌മെന്റ് പാർക്ക് തുടങ്ങി അത്യാധുനിക സൗകര്യങ്ങൾ അടങ്ങിയതാണ് ഏക്കറുകൾ പരന്ന് കിടക്കുന്ന ദേരാ സച്ചാ സൗദയുടെ ആസ്ഥാനം.
ബാബയ്ക്ക് മുന്നിൽ വണങ്ങിയാൽ വിജയം ഉറപ്പ്
പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാരുടെ, പ്രത്യേകിച്ച് ബിജെപിയുടെ കൺകണ്ട ദൈവമാണ് ഗുർമീത് റാം റഹീം. ഈ സംസ്ഥാനത്തെ മുഖ്യമന്ത്രിമാർ തന്നെ വണങ്ങണമെന്ന് ബാബയ്ക്ക് നിർബന്ധമാണ്. തിരഞ്ഞെടുപ്പ് സമയത്ത് നിരവധി സ്ഥാനാർത്ഥികളാണ് അനുഗ്രഹം തേടി ബാബയ്ക്ക് മുന്നിൽ എത്തുന്നത്. സ്വാമിയുടെ ഒറ്റ വാക്ക് മതി തങ്ങൾ മന്ത്രിപദത്തിലേറാൻ എന്ന് ഈ രാഷ്ട്രിയക്കാർ അടിയുറച്ച് വിശ്വസിക്കുന്നു !!
തിരക്കഥ, സംവിധാനം, അഭിനയം, നിർമ്മാണം – ഗുർമീത് റാം റഹീം
അനുഗ്രഹങ്ങൾ വാരിയെറിയാൻ മാത്രമല്ല സ്വയം കഥ, തിരക്കഥ, സംഭാഷണം, അഭിനയം, നിർമ്മാണം എന്നിവ ചെയ്ത സിനിമ ‘ഹിറ്റാക്കാനും’ ഗുർമീതിനറിയാം. ജാട്ടു എഞ്ചിനിയർ, ഹിന്ദി കാ നാപക് കോ ജവാബ്, എംഎസ്ജി ദി വാരിയർ ലയൺ ഹാർട്ട്, എംഎസ്ജി 2- ദി മെസെഞ്ചർ, എംഎസ്ജി ദി മെസഞ്ചർ എന്നീ സിനിമകളെല്ലാം ഗുർമീത് ഒരുക്കിയതാണ്. സിനിമയിൽ കഥ, തിരക്കഥ, സംഭാഷണം, അഭിനയം, നിർമ്മാണം, സംവിധാനം തുടങ്ങി എല്ലാ മേഖലകളും ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നതാണ് ഗുർമീതിന്റെ ‘റോക്ക് സ്റ്റാർ’ സ്‌റ്റൈൽ.
വിദ്യാലയങ്ങൾ, ആശുപത്രികൾ തുടങ്ങി 150 ഓളം വരുന്ന ഉത്പന്നങ്ങളുടെ വിപണനം
പത്താം ക്ലാസ് വരെ മാത്രം പഠിച്ച ഗുർമീതിന്റെ അധീനതയിൽ പ്രവർത്തിക്കുന്നത് 11 സ്‌കൂളുകളും, രണ്ട് മാനേജ്‌മെന്റ് കോളേജുകളുമാണ്.
ഇതിന് പുറമേ, ഷാംപൂ, ഹെയർഓയിൽ, ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടെ 150 ഓളം വസ്തുക്കൾ ഉദ്പാദിപ്പിക്കുന്ന ഫാക്ടറിയും ബാബയ്ക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. എംഎസ്ജി എന്ന ബ്രാൻഡ് നെയിമിലാണ് ഈ വസ്തുക്കളെല്ലാം മാർക്കെറ്റിൽ എത്തുന്നത്.
ദേരയുടെ വെബ്‌സൈറ്റ് പ്രകാരം ഹരിയാനയിലെ സിർസയിൽ ഒരു ആയുർവേദാശുപത്രി, നാചുറോപതി ഇൻസ്റ്റിറ്റ്യൂട്ട്, മൾട്ടി സ്‌പെഷ്യാലിറ്റി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയും പ്രവർത്തിക്കുന്നുണ്ട്.
ദൈവത്തിന്റെ സ്വന്തം നാട് ഈ ‘ദൈവത്തിന്റെയും’ ഇഷ്ടനാട്
റോക്ക് സ്റ്റാർ ബാബയുടെ ഇഷ്ട നാടാണ് കേരളം. പലതവണ ഗുർമീത് റാം റഹീം കേരളത്തിൽ വന്നിട്ടുണ്ട്. മൂന്നാർ, കുമരകം, വാഗമൺ എന്നിവയാണ് ഗുർമീതിന്റെ ഇഷ്ട സങ്കേതങ്ങൾ. 2012 ൽ ബാബ കേരളത്തിലെത്തിയപ്പോൾ കുമരകത്താണ് താമസിച്ചിരുന്നത്. പിന്നീട് 2014 ൽ എത്തിയപ്പോൾ വാഗമണ്ണിലെ സ്വകാര്യ റിസോർട്ടിലായിരുന്നു വാസം.
വേഷവിധാനത്തിന്റെ കാര്യത്തിൽ മാത്രമല്ല ബാബ മറ്റ് ആൾദൈവങ്ങളിൽ നിന്നും വ്യത്യസ്തൻ മറിച്ച് കുടുംബകാര്യത്തിലും അതെ. വിവാഹിതനാണ് ഈ ബാബ. നാല് മക്കളാണ് ഗുർമീതിനുള്ളത്. ഹണിപ്രീത് ഇൻസാൻ, ചരൺപ്രീത് ഇൻസാൻ, അമർപ്രീത് ഇൻസാൻ, ജസ്മീത് ഇൻസാൻ. ലൈംഗിക തൊഴിലിൽ നിന്ന് പെൺകുട്ടികളെ മോചിപ്പിച്ച് സ്വന്തം മക്കളാക്കി വിവാഹം ചെയ്തുകൊടുക്കുന്നത് സ്വാമിയുടെ സേവനങ്ങളിൽപ്പെടുന്നു എന്ന് പറയപ്പെടുന്നു.
ഇത്ര സുഖ സൗകര്യങ്ങളോടെ ജീവിച്ച സ്വാമിക്ക് ജയിലിലും സുഖജീവിതമാണെന്നാണ് ആരോപണം. പ്രത്യേക സെല്ലാണ് ഇയാൾക്ക് ജയിൽ അധികൃതർ നൽകിയിരിക്കുന്നത്. ഇയാളുടെ കാര്യം നോക്കാൻ ജയിലിലും പ്രത്യേക സഹായിയെ നൽകിയിട്ടുണ്ട്. കുടിക്കാൻ മിനറൽ വാട്ടറും, ധരിക്കാൻ ജയിൽ യൂണിഫോം അല്ലാത്ത പുറത്ത് നിന്നുള്ള വസ്ത്രങ്ങളുമാണ് ബാബയ്ക്ക് നൽകിയിരിക്കുന്നത്. ഹെലികോപ്റ്ററിൽ ഒരു പോലീസ് ഗസ്റ്റ് ഹൗസിലാണ് ആദ്യം ഇയാളെ പാർപ്പിച്ചത്. ശേഷമാണ് ജയിലിലേക്ക് മാറ്റിയതെന്നും റിപ്പോർട്ടുണ്ട്.
behind the godman rockstar baba aka gurmeet ram rahim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here