ഇന്നും ഈ ഗ്രാമത്തിലെ ഓരോ വീട്ടിൽ നിന്നും തറിയുടെ ശബ്ദം കേൾക്കാം…

കൈകൊണ്ട് തുണികൾ നെയ്‌തെടുക്കുന്ന കാലത്തോട് വർഷങ്ങൾ മുന്നേ തന്നെ നാം വിട പറഞ്ഞിട്ടും, പരമ്പരാഗത തറിയെയും നൂലിഴകളെയും കൈവിടാത്ത ഒരു ഗ്രാമമുണ്ട് നമ്മുടെ കൊച്ചുകേരളത്തിൽ…കുത്താമ്പുള്ളി.
ഗായത്രിപ്പുഴയുടെയും നിളയുടെയും സംഗമ ഭൂമിയാണ് ഈ ഗ്രാമം. ഈ ഗ്രാമത്തിലെ ഓരോ വീട്ടിൽ നിന്നും തറിയുടെ ശബ്ദം ഇന്നും ഉയർന്ന് കേൾക്കാം. എന്നും ഡിമാൻഡുള്ള കുത്താമ്പുള്ളി സാരികൾക്ക് ഓണക്കാലമാകുന്നതോടെ പ്രിയമേറുകയാണ്.
കുത്താമ്പുള്ളി ഗ്രാമത്തിലുള്ളവർക്ക് കൈത്തറി ഒരു തൊഴിലോ ഉപജീവന മാർഗമോ മാത്രമല്ല, മറിച്ച് ഒരു ഉപാസന കൂടിയാണ്. കസവ് സാരികൾ, ഡബിൾ മുണ്ടുകൾ, വേഷ്ടി, സെറ്റ് മുണ്ട്, മംഗല്യ വസ്ത്രങ്ങൾ, പാവ് മുണ്ടുകൾ തുടങ്ങി എല്ലാം ഈ തറികളിൽ ശോഭ വിരിയിക്കുന്നു. ഇന്ത്യയിൽ ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും നല്ല കൈത്തറി വസ്ത്രങ്ങൾ ആണ് കുത്താമ്പുള്ളിയിലേത്.
ഇനി അൽപ്പം ചരിത്രം….
കുത്താമ്പുള്ളിയിലെ നെയ്ത്തുകാർ കർണാടകയിൽ നിന്ന് കുടിയേറിയ ദേവാംഗ സമുദായത്തിൽപ്പെട്ടവരാണ്. 500 വർഷം മുൻപ് കൊച്ചി രാജാവ് രാജകുടുംബങ്ങൾക്കു സ്വന്തമായി മനോഹര വസ്ത്രങ്ങൾ നെയ്തുണ്ടാക്കാൻ കർണാടകയിൽ നിന്ന് കൊണ്ട് വന്ന കുടുംബങ്ങളാണ് ഇവിടെ പിന്നീട് വേരുറപ്പിച്ചത്. നിലവിലെ സാമൂഹിക അന്തരീക്ഷം മൂലം ദേവാംഗ സമുദായം അന്യം നിന്ന് വരികയാണ്. ഇപ്പോഴുള്ള ചെറുപ്പക്കാരെല്ലാം മറ്റു സമുദായങ്ങളിൽ നിന്ന് വിവാഹം കഴിക്കുകയും ചെയ്യുന്നു.
1972 ൽ 102 അംഗങ്ങളുമായി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച കുത്താമ്പുള്ളി കൈത്തറി വ്യവസായ സഹകരണ സംഘത്തിൽ 2008 ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം 814 അംഗങ്ങൾ ഉണ്ട്. വിപണികളിലെ നൂതന സാധ്യതകൾ മനസിലാക്കി പരമ്പരാഗതമായ നെയ്ത്തു രീതികൾക്കൊപ്പം എംബ്രോയ്ഡറികൾ, ചിത്രങ്ങൾ, മ്യൂറൽ ആർട്ട് പോലുള്ള ഡിസൈനുകൾ തുടങ്ങിയവയും വസ്ത്രങ്ങളിൽ ചെയ്തു നൽകുന്നുണ്ട്.
ഗുണത്തിലും കേമൻ, വിലയിലും…
നെയ്യാൻ ഉപയോഗിക്കുന്ന നൂലുകൾ പാവ് വെള്ളത്തിലും കഞ്ഞി വെള്ളത്തിലും ഇട്ട ശേഷം ചർക്കയിൽ നൂറ്റ നൂലുകൾ വെള്ളത്തിലും കഞ്ഞി വെള്ളത്തിലും ഇട്ട് ബലപ്പെടുത്തും. പിന്നീട് തറിയിൽ കോർക്കും. ഒരു നൂലിൽ മറ്റൊരു നൂൽ കോർത്താണ് തറിയിൽ ബന്ധിപ്പിക്കുന്നത് . രാവിലെ മുതൽ രാത്രി വരെ ഇവിടെ ഓരോ വീട്ടിലും നെയ്തു പാട്ടുകളാണ്. ഓണത്തിനും വിഷുവിനും ഉത്സവ വേളകളിലും ഇവിടെ ഒരു വീടുകളിലും വിളക്കുകൾ അണയാറില്ല.
കൈത്തറിക്ക് പ്രിയമേറിയതോടെ കുത്താമ്പുള്ളി സാരികളുടെ വിലയും വർധിച്ചു. 1500 രൂപ മുതൽ 3000 രൂപവരെയാണ് ഈ സാരികളുടെ വില.
kuthampully sari history
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here