ഓണവും ബക്രീദും ഒരുമിച്ച്; ആഘോഷം വിമാന സർവ്വീസുകൾക്ക്

ഓണവും പെരുന്നാളും ഒരുമിച്ചെത്തിയതോടെ ഈ സെപ്റ്റംബർ വിമാന കമ്പനികളുടെ ചാകരയാണ്. പതിവ് സർവ്വീസുകൾക്ക് പുറമെ പ്രത്യേക സർവ്വീസും വിമാനക്കമ്പനികൾ നടത്തുന്നുണ്ട്. ഒപ്പം വിമാനയാത്ര ബാങ്ക് ബാലൻസ് കാലിയാക്കുകയും ചെയ്യുമെന്നത് മറ്റൊരു വസ്തുത.
ഷാർജ, റിയാദ് എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക സർവ്വീസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഇന്റിഗോ ബംഗളൂരു-കൊച്ചി പ്രത്യേക സർവ്വീസും നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 3 മുതൽ 10 വരെയാണ് ഇന്റിഗോ പ്രത്യേക സർവ്വീസുകൾ നടത്തുക.
ഷാർജയിൽ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ഡൽഹി എന്നിവിടങ്ങളിലേക്കും തിരിച്ചുമായി 44 വിമാന സർവീസുകളും റിയാദ് കോഴിക്കോട് റൂട്ടിൽ രണ്ട് സർവീസുകളും ഉണ്ടായിരിക്കുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്.
ആഗസ്റ്റ് 25, 31, സെപ്റ്റംബർ രണ്ട് എന്നീ തീയതികളിലാണ് ഷാർജ കൊച്ചി വിമാന സർവീസ്. 25നും സെപ്റ്റംബർ ഒന്നിനും മൂന്നിനുമാണ് കൊച്ചി ഷാർജ സർവീസുകൾ. 23, 24, 30, 31, സെപ്റ്റംബർ ഒന്ന്, രണ്ട്, മൂന്ന് ദിവസങ്ങളിലാണ് ഷാർജ കോഴിക്കോട് സർവീസ്.
ഓണം, ബക്രീദ് എന്നിവ ആഘോഷിക്കാൻ ഇതരസംസ്ഥാനങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നും കേരളത്തിലേക്കെത്താൻ തിരക്കുകൂട്ടുന്നവർ ഏറെയാണ്. ഇതുകൊണ്ടുതന്നെയാണ് വിമാനകമ്പനികൾ പ്രത്യേക സർവ്വീസുകൾ നടത്താൻ തീരുമാനിച്ചതും.
സർവ്വീസ് മാത്രമല്ല, നിരക്കിലും കുറവില്ല
അതേസമയം ബക്രീദ്, ഓണം ഓഴിവുകളിൽ നാട്ടിലെത്താനുള്ള ആവശ്യക്കാരെ മുന്നിൽ കണ്ട് വിമാന സർവ്വീസുകളുടയും ബസ് സർവ്വീസുകളുടെയും നിരക്കുകൾ കുത്തനെ കൂട്ടിയിരിക്കുകയാണ്. ഇന്റിഗോയുടെ പ്രത്യേക വിമാന സർവ്വീസ് നിരക്കുകൾ ബാഗ്ലൂർ-കൊച്ചി റൂട്ടിൽ ആരംഭിക്കുന്നത് 1498 രൂപയിലാണ്. റോഡ് മാർഗ്ഗം ബാഗ്ലൂരിൽനിന്ന് യാത്ര ചെയ്യാവുന്ന കെഎസ്ആർടിസി ഒഴിച്ചുള്ള എല്ലാ സ്വകാര്യ ബസ് സർവ്വീസുകളും ഭീമമായ തുകയാണ് ഈടാക്കുന്നത്. ഇത് ബാഗ്ലൂർ, മുംബൈ, ഡൽഹി തുടങ്ങിയ ഇടങ്ങളിലുള്ള മലയാളികൾ വിമാന സർവ്വീസുകളെ ആശ്രയിക്കാൻ കാരണമാകും.
തിരിച്ച് പറക്കൽ എളുപ്പമല്ല
ആഞ്ച് മുതൽ പത്തിരട്ടിവരെയാണ് വിമാനക്കമ്പനികൾ നിരക്ക് കൂട്ടിയിരിക്കുന്നത്. കേരളത്തിൽനിന്ന് തിരിച്ച് വിദേശത്തേക്കുള്ള ടിക്കറ്റുകളാണ് ഇത്തരത്തിൽ ഉയർത്തിയിരിക്കുന്നത്. കരിപ്പൂരിൽനിന്ന് ദുബൈ, ഷാർജ, അബൂദാബി മേഖലയിലേക്ക് 5500 മുതൽ 7000 രൂപ വരെയുണ്ടായിരുന്ന നിരക്ക് 40,000 രൂപക്ക് മുകളിലെത്തി. കരിപ്പൂർ-ദോഹ സെക്ടറിൽ 45,000 രൂപ ടിക്കറ്റിന് നൽകേണ്ട അവസ്ഥയാണ്. സാധാരണ നിരക്കിന്റെ പത്തിരട്ടിയോളമാണിത്. കരിപ്പൂരിൽ നിന്ന് മുംബൈ വഴി ജിദ്ദയിലേക്കുളള കണക്ഷൻ വിമാനത്തിൽ ടിക്കറ്റ് കിട്ടണമെങ്കിൽ 45,000 രൂപക്ക് മുകളിൽ നൽകണം. റിയാദിലേക്ക് 40,000 മുകളിലാണ് നിരക്ക് ഈടാക്കുന്നത്. ഖത്തർ,ബഹ്‌റൈൻ,കുവൈത്ത് ഉൾപ്പടെയുളള രാജ്യങ്ങളിലേക്കെല്ലാം നിരക്കും കുത്തനെ കൂട്ടിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here