ധോണിയ്ക്കായി കാത്തിരിക്കുന്നത് രണ്ട് റെക്കോർഡുകൾ

ശ്രീലങ്കയുമായുള്ള നാലാം ഏകദിനത്തിൽ ഇന്ത്യൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയെ കാത്തിരിക്കുന്നത് രണ്ട് ലോക റെക്കോർഡുകൾ. മൂന്ന് ഏകദിനങ്ങളും ജയിച്ച ഇന്ത്യയ്ക്ക് നാലാം ഏകദിനം സുപ്രധാനമല്ലെങ്കിലും ധോണിയ്ക്ക് ഇത് ഏറെ പ്രധാനപ്പെട്ടതുതന്നെ.
ധോണിയുടെ മുന്നൂറാം ഏകദിനമാണ് വ്യാഴാഴ്ച നടക്കുന്നത്. 299 കളികളിൽ നിന്ന് 65 അർധസെഞ്ചുറികളും 10 സെഞ്ചുറികളും നേടിയ ധോണി 9608 റൺസാണ് നേടിയിട്ടുള്ളത്. ഏകദിനത്തിലെ ഏറ്റവും കൂടുതൽ സ്റ്റംമ്പിംങ് നടത്തിയ വിക്കറ്റ് കീപ്പറെന്ന സ്ഥാനം കുമാർ സംഗക്കാരക്കൊപ്പം പങ്കുവെക്കുന്നതും ധോണിതന്നെ.
നിലവിൽ 99 സ്റ്റംമ്പിംങാണ് ഇരുവർക്കുമുള്ളതെന്നിരിക്കെ ഒരു സ്റ്റംമ്പിംങ് കൂടി നടത്തിയാൽ ഈ റെക്കോർഡ് ധോണിയ്ക്ക് സ്വന്തമാക്കാം. ധോണി 100 സ്റ്റംബിങ് തികച്ചാൽ മൂന്നക്കം തികയ്ക്കുന്ന ആദ്യ കീപ്പറും അദ്ദേഹം തന്നെയായിരിക്കും.
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഇന്നിംങ്‌സുകളിൽ പുറത്താകാതെ നിന്ന റെക്കോഡും സ്വന്തമാക്കാനുള്ള അവസരമാണ് ധോണിയ്ക്ക് നാളെ. നിലവിൽ ഈ റെക്കോർഡും ചാമിന്ദവാസിനും ഷോൺ പൊള്ളോക്കിനുമൊപ്പം ധോണി പങ്കിടുകയാണ്. ഇതുവരെ 72 മത്സരങ്ങളിൽ മൂവരും പുറത്താകാത നിന്നു. ശ്രീലങ്കക്കെതിരായ കഴിഞ്ഞ മൂന്ന് ഏകദിന പരമ്പരയിൽ ഇതു വരെ ധോണി പുറത്തായിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here