Advertisement

ദിലീപിന്റെ ജയിലോണം; ഓണത്തള്ളുമായി മനോരമ

September 7, 2017
Google News 1 minute Read
manorama

ദിലീപ് ഓണസദ്യ ഉണ്ണാത്തതും, പപ്പടം കൂട്ടി പായസം കുടിക്കാത്തതും, തൂശനിലയ്ക്ക് മുന്നില്‍ ചമ്രം പിണഞ്ഞിരിക്കാത്തതും ഈ ഓണക്കാലത്ത് ആരെയാവും ആകെ വിഷമിപ്പിച്ചുണ്ടാകുക. ആരെ വിഷമിപ്പിച്ചില്ലെങ്കിലും മനോരമ ഓണ്‍ലൈനിന് ഒട്ടും സഹിക്കാന്‍ പറ്റാത്ത കാര്യമാണ് ഇതൊക്കെ. രണ്ടാം ഭാര്യ( അതോ മൂന്നോ)യോടൊപ്പം ആദ്യ ഓണം ഉണ്ണാന്‍ പറ്റാത്തതും, ശാന്തത ഇല്ലാത്ത മനസുമായി ദിലീപ് ബലിതര്‍പ്പണ കര്‍മ്മങ്ങള്‍ ചെയ്തതും ഹൃദയം തകരുന്ന വേദനയോടെയാണ് അവിടെ ഒരു ലേഖനത്തില്‍ എഴുതി പിടിപ്പിച്ചിരിക്കുന്നത്. ആക്രമണം നടന്ന ആ രാത്രി നടി അനുഭവിച്ച അതി ഭീകരമായ അരക്ഷിതാവസ്ഥയും, മാനസികാവസ്ഥയും, ഭീതിയുമൊന്നും ശര്‍ക്കര വരട്ടി കൂട്ടി ദിലീപിന് ഓണം ഉണ്ണാന്‍ കഴിയാതെ വന്ന വിഷമത്തിന്റെ ഏഴയലത്ത് വരില്ലെന്നാണ് ഈ ലേഖനം പറയുന്നത്.

സൈക്കോളജിയോ, പാരാസൈക്കോളജിയോ അരച്ച് കുടിച്ചിട്ടാണോ എന്നറിയില്ല.. കണ്ടുപിടുത്തങ്ങളുടെ ഒരു വിശാല ലോകമാണ് ലേഖനം വായനക്കാരുടെ മുന്നില്‍ തുറന്നിടുന്നത്. നീണ്ടകാലത്തെ ഏകാന്തതയ്ക്കും ഒറ്റപ്പെടലിനും ശേഷം ജീവിതത്തില്‍ സന്തോഷത്തിന്‌റെ വസന്തകാലം നിറയ്ക്കുന്നതാണത്രേ രണ്ടാം വിവാഹവും, ഭാര്യയും ഒന്നിച്ചുള്ള ഓണസദ്യയും. (മറിച്ച് പോലീസ് പറയുന്നപോലെ മനസില്‍ വര്‍ഷങ്ങളോളം പക കൊണ്ട് നടന്ന് ദിലീപ് ഉണ്ട ഓണത്തിന്റെ കണക്ക് പിന്നെയെടുക്കാം.)രണ്ട് മൂന്ന് വര്‍ഷമായി തനിച്ച് ഓണം ഉണ്ട ഒറ്റപ്പെട്ട മനസുമായി കാവ്യയുമൊത്ത് ഓണം ആഘോഷിക്കാന്‍ നിന്ന ദിലീപിനെ ഒരു കാരണവുമില്ലാതെ ജയിലില്‍ പിടിച്ചിട്ടതെന്തിനാണ് എന്ന് കൂടി ലേഖനത്തിലൂടെ കോടതിയോട് ചോദിക്കണം!!

ജയില്‍ വാസം ദിലീപിന് നഷ്ടമാക്കിയത് മനോഹരമായ ഒരു ഓണക്കാലമാണത്രേ..ഒന്നൊന്നര കണക്കൂകൂട്ടലും മേമ്പോടിയ്ക്ക് കണ്ണീര്‍കഥയുമാണ് ലേഖനത്തിന്റെ ഒരു സ്റ്റൈല്‍!!. ഷൂട്ടിങ് തിരക്കുകള്‍ മൂലമാണ് വീട്ടില്‍ ഓണംകൂടാന്‍ സാധിക്കാതിരുന്നതെങ്കില്‍ സഹിക്കാം, ഇതുപക്ഷെ ശത്രുകള്‍ക്ക് പോലും വരരുതെന്ന് പ്രാര്‍ഥിക്കുന്ന കാരാഗ്രഹവാസമായിരുന്നത്രേ താരത്തിന് ലഭിച്ചത്!!. ദിലീപ് ഫാന്‍സ് പോലും ‘റൊമ്പ ഓവറാ തെരിയുത്’ എന്ന് പറഞ്ഞ് പോയാലും ഒട്ടും അത്ഭുതപ്പെടാനില്ല. (തള്ളി മറിയ്ക്കുക എന്ന് പറഞ്ഞാല്‍ ഇതാണ്, ഇത് മാത്രമാണ്). സത്യത്തില്‍ ഈ ഓണം കുടുംബവുമൊത്ത് ആഘോഷിക്കാന്‍ കഴിയാത്തതില്‍ ദിലീപ് പോലും ഇത്തരത്തില്‍ വിലപിച്ചുകാണില്ല.  ഇമ്മാതിരി തള്ള് ഭാവിയില്‍ ദിലീപിന്റെ പടം പിടിക്കാനിരിക്കുന്ന സംവിധായകര്‍ക്ക് ഒരു സ്പാര്‍ക്ക് നല്‍കാതിരിക്കില്ലെന്നത് ഉറപ്പ്.

യഥാര്‍ത്ഥ കുറ്റവാളി ഈ നടനെങ്കില്‍ ഇയാള്‍ കാരണം ഓണം നഷ്ടപ്പെട്ട മറ്റ് രണ്ട് നടിമാര്‍കൂടിയുണ്ട് മലയാള സിനിമയില്‍, ഒന്ന് ആക്രമണത്തിന് ഇരയായ നടി, രണ്ട് ദിലീപിന് കാവ്യയിലേക്കുള്ള ദൂരം കുറഞ്ഞപ്പോള്‍ ദിലീപിന്റെ ജീവിതത്തതില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്ന മറ്റൊരു നടി. ദിലീപിന്റെ ഓണം, ദീലിപിന്റെ മകള്‍, ദിലീപിന്റെ മനസ് എന്നിങ്ങനെ എഴുതി കൂടുമ്പോള്‍ മറ്റ് രണ്ട് പേര്‍ക്ക് ഓണം ബമ്പറാണോ അടിച്ചത്??? ജീവിതത്തിലേക്ക് പൊരുതി മടങ്ങി വന്ന ആ നടിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചില്ലെങ്കിലും ദിലീപിന് ഇട്ട ഇലയുടെ മുന്നില്‍ കയറിയിരുന്നുള്ള പാരാവാരം പറച്ചിലെങ്കിലും ഒന്ന് ഒഴിവാക്കാമായിരുന്നു.

മലയാളികളെ മുഴുവന്‍ ആഘോഷവേളകളില്‍ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത ഒരാള്‍ക്കു നേരിട്ട വിപത്തായിരുന്നത്രേ ദിലീപിനെ ജയിലിലാക്കിയ വിധി. അല്ലാതെ ഒരു നടിയുടെ ജീവിതം മനഃപൂര്‍വ്വം തകര്‍ക്കാനായി ആക്രമിക്കാന്‍ പദ്ധതിയിട്ടതും, കുറ്റം തെളിഞ്ഞ് അഴിയെണ്ണേണ്ടി വന്നതും ദിലീപിനെ പോലൊരു ഒരു മഹാനടന്‍ ഒരിക്കലും അര്‍ഹിക്കുന്നതല്ലത്രേ!! പലതിനും കണക്ക് പറയുന്നത് കേട്ടിട്ടുണ്ട്. കലികാലമാണെന്ന് വച്ച് ഇതുപോലെ ചിരിപ്പിച്ചതിനൊക്കെ കണക്ക് പറയാമോ?

ലേഖനം വായിച്ചാല്‍ തോന്നുക ഈറനണിഞ്ഞ കണ്ണുകളോടെയാണ് ചതയ ദിനത്തില്‍ മാളോര് ദിലീപ് നടത്തിയ ബലിതര്‍പ്പണ ചടങ്ങ് ലൈവായി കണ്ടതെന്നാണ്. ഓണക്കാലത്ത് പ്രോഗ്രാം ചാനലുകള്‍ മത്സരിച്ച് സിനിമ ഇട്ടപ്പോഴുള്ള റേറ്റിംഗിനേക്കാള്‍ പത്തിരട്ടിയായിരിക്കും അന്നത്തെ ദിവസം ന്യൂസ് ചാനലുകള്‍ ഓടിയ ഓട്ടം. അതൊക്കെ ദിലീപിനെ കണ്ട് കരയാനായിരുന്നില്ല ഹേ.. നിയമത്തിന് മുന്നില്‍ മാലോകരെല്ലാം ഒന്നുപോലെയാണെന്ന് തെളിയിച്ചതാണ് ആ റേറ്റിംഗ്. അത് തെളിയിക്കാന്‍ ശ്രാദ്ധവും, ഓണവും, സര്‍വ്വോപരി ചതയദിനവും ഒത്ത് വന്നതാണ് ഹൈലൈറ്റ്.

കുറ്റം ചെയ്തവനെങ്കില്‍ മരിച്ച് മണ്‍മറഞ്ഞ ആ അച്ഛന്‍ പോലും ഈ ബലി തര്‍പ്പണം ആഗ്രഹിച്ചിട്ടുണ്ടാവില്ലെന്നാണ് അന്ന് പ്രേക്ഷകര്‍ പറയാതെ പറഞ്ഞതെന്ന് തിരിച്ചറിയാന്‍ അധികം ഓണം ഒന്നും ഉണ്ണണമെന്നില്ലെന്ന് മനസിലാക്കാന്‍ ഈ വാര്‍ത്ത പടച്ചുവിട്ടയാള്‍ എത്ര ഓണം ഉണ്ണേണ്ടി വരും??

ദിലീപിനെ കാണുമ്പോള്‍ ഭര്‍ത്താവില്ലാത്ത കാവ്യാ മാധവനെയോ, അച്ഛനില്ലാത്ത മീനാക്ഷിയെയോ അല്ല ആദ്യം ഹൃദയം ഉള്ളവര്‍ക്ക് ഓര്‍മ്മ വരിക, മറിച്ച് അടച്ചിട്ട കാറില്‍ ഒരു പെണ്‍കുട്ടി അനുഭവിക്കേണ്ടി വന്ന ക്രൂര നിമിഷങ്ങളെയാണ്. അതിന് വേണ്ടി വര്‍ഷങ്ങളോളം കൃത്യമായി ഗൂഢാലോചന നടത്തിയ ക്രിമിനല്‍ മനസിനെയാണ്. അല്ലാതെ ജയിലിലേക്ക് തിരികെ ചെന്ന രാത്രി ദിലീപിന് ഉറങ്ങാന്‍ സാധിച്ചിച്ചോ, കിടക്കാന്‍ മെത്തയുണ്ടോ? ഉറങ്ങുമ്പോള്‍ കൊതുകുകടിച്ചോ എന്നൊന്നുമല്ല. ഒരു സങ്കടകടല്‍ ഇരമ്പിയാര്‍ക്കുന്നത് ദിലീപിന്റെ മനസിലല്ല. അത് പെണ്‍കുട്ടികളുള്ള ഓരോ അച്ഛനമ്മമാരുടെയും മനസിലാണ്. നാടറിയുന്ന ഒരു താരത്തിന് ലഭിക്കാത്ത ആ സുരക്ഷ കോളേജും സ്ക്കൂളും വിട്ട് വരുന്ന തന്റെ പെണ്‍മക്കള്‍ക്കും ലഭിക്കില്ലെന്ന ആധിയാണ് ദിലീപിനെ ഒരോ വട്ടവും ടിവി സ്ക്രീനിലും പത്രത്താളിലും കാണുന്ന അവരെ അലട്ടുന്നത്; അല്ലാതെ ജയിലില്‍ ഓണക്കോടി ഉടുത്ത് ദിലീപിരുന്ന ഇലയില്‍ അച്ചാറ് വിളമ്പിയിട്ടാണോ അവിയല് വിളമ്പിയതെന്നോര്‍ത്തല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here