ബ്ലൂവെയിൽ ചലഞ്ച്; പ്രതിരോധ നടപടിയുമായി ഫെയ്‌സ്ബുക്ക്

കളിക്കാരെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന കൊലയാളി ഗെയിമായ ബ്ലൂവെയിലിനെതിരെ ഫെയ്‌സ്ബുക്ക് രംഗത്ത്. സ്വയം പീഡിപ്പിക്കൽ, ആത്മഹത്യ എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന ഓൺലൈൻ ചലഞ്ചുകളുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളും ഹാഷ്ടാഗുകളും വാക്കുകളും കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞതായി ഫെയ്‌സ്ബുക്ക് അറിയിച്ചു.
ഫെയ്‌സ്ബുക്കിൻറെ സേഫ്റ്റി സെന്ററിൽ സൂയിസൈഡ് പ്രിവൻഷൻ എന്നൊരു ഭാഗം കൂടി പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ആത്മഹത്യ ചെയ്യണമെന്ന് ചിന്തിക്കുന്നവരെയും അത്രത്തോളം വിഷാദം അനുഭവിക്കുന്നവരേയും അതിൽ നിന്നും പിന്തിരിപ്പിക്കുന്നതിനും അത്തരം ചിന്തകളുള്ള സുഹൃത്തുക്കളെ അതിൽ നിന്നും പിൻതിരിപ്പിക്കാൻ ഉപഭോക്താക്കളെ സഹായിക്കുകയും ചെയ്യുന്ന നിർദ്ദേശങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഓൺലൈൻ സുരക്ഷയുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ, കൗമാരക്കാർ, അധ്യാപകർ, നിയമപാലകർ എന്നിവർക്കുള്ള മാർഗ നിർദ്ദേശങ്ങളും സേഫ്റ്റി സെന്ററിൽ ഉണ്ട്.
കളിക്കുന്നയാളെ പല ടാസ്‌കുകളിലൂടെ സ്വയം പീഡിപ്പിക്കാൻ പ്രേരിപ്പിക്കുകയും ഒടുവിൽ ആത്മഹത്യ ചെയ്യിപ്പിക്കുകയും ചെയ്യുന്ന കളിയാണ് ബ്ലൂവെയിൽ.
പക്ഷെ ഔദ്യോഗികമായി ഇത്തരം ഒരു ഗെയിം നിലനിൽക്കുന്നതായി കണ്ടെത്താനായിട്ടില്ല എന്നാണ് റിപ്പോർട്ട്. മുമ്പെ തന്നെ ആത്മഹത്യാ പ്രവണതയും നിരാശയും അനുഭവിച്ചിരുന്നവരാണ് ആത്മഹത്യ ചെയ്തിട്ടുള്ളതെന്നാണ് ഔദ്യോഗിക വിശദീകരണം. ഈ സാഹചര്യത്തിലാണ് ആഗോള സോഷ്യൽ മീഡിയായ ഫെയ്‌സ്ബുക്ക് തന്നെ ഒരു ആത്മഹത്യാ പ്രതിരോധ നടപടിയുമായി രംഗത്ത് വന്നിരിക്കുന്നത്.
facebook against bluewhale challenge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here