Advertisement

രണ്ടാം വിവാഹം അടക്കം തന്റെ ജീവിതത്തിലെ എല്ലാ നല്ല മാറ്റങ്ങള്‍ക്കും കാരണം മോഹന്‍ലാല്‍ : സിദ്ദിഖ്

September 13, 2017
2 minutes Read
siddique

ഭാര്യ മരിച്ച ശേഷം സിനിമയില്‍ നിന്ന് അകന്ന്, തകര്‍ന്ന് കഴിഞ്ഞ തന്നെ തിരിച്ച് കൊണ്ട് വന്നത് നടന്‍ മോഹന്‍ലാലാണെന്ന് സിദ്ദിഖ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സിദ്ദിഖ് ഇക്കാര്യം വ്യക്തമാക്കിയത്. സിദ്ധിഖിന്റെ ആദ്യഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ഇപ്പോഴത്തെ ഭാര്യ സീനയെ വിവാഹം ചെയ്തത്. ആദ്യ ഭാര്യയുടെ മരണം ദൂരൂഹമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ അന്ന് പരന്നിരുന്നു. കുടുംബാംഗങ്ങളില്‍ നിന്ന് വരെ കുറ്റപ്പെടുത്തല്‍ നേരിടേണ്ടി വന്നുവെന്നും സിദ്ദിഖ് ഫെയ്സ് ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാലാണ് എന്നെ അവസ്ഥയില്‍ നിന്ന് കരകയറ്റിയത്.  എൻറെ ജീവിതത്തിലെ എല്ലാ മാറ്റങ്ങൾക്കും വിത്ത് പാകിയത് ലാലാണെന്നാണ് സിദ്ദിഖ് പറയുന്നത്. 

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

ഭാര്യയുടെ മരണത്തോടുകൂടി ഞാൻ സിനിമയിൽ നിന്ന് ഏതാണ്ട് വിട്ടുനിൽക്കുന്ന സമയം. അപ്പോഴാണ് ലോഹിതദാസിൻറെ വിളി. ‘കന്മദത്തിൽ ഒരു വേഷമുണ്ട്. ഒറ്റസീനിലേയുള്ളൂ. അത് സിദ്ധിക്ക് വന്ന് ചെയ്തുതരണം.’ അതിൻറെ ആവശ്യമുണ്ടോ എന്ന് ഞാൻ അന്വേഷിച്ചു. ‘നിങ്ങൾ ഉൾവലിഞ്ഞ് നിൽക്കേണ്ട ആളെല്ലെന്നും സജീവമായി സിനിമയിലേക്ക് തിരിച്ചുവരണമെന്നും’ ലോഹി ഉപദേശിച്ചു. അങ്ങനെ ഞാൻ മുംബയ്യിലെത്തി. അവിടെയാണ് ലൊക്കേഷൻ. ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ നിന്ന് രണ്ട് മണിക്കൂറോളം യാത്ര ചെയ്തുവേണം ലൊക്കേഷനിലെത്താൻ. ലാലിനോടൊപ്പം അദ്ദേഹത്തിൻറെ വണ്ടിയിലാണ് ഞാൻ ലൊക്കേഷനിലേക്ക് വന്നത്. ഞങ്ങൾ വിശേഷങ്ങളും തമാശകളും പറഞ്ഞിരുന്നു. അപ്പോഴായിരുന്നു ലാലിൻറെ ആ ചോദ്യം. ‘ഒരു വിവാഹമൊക്കെ കഴിക്കണ്ടേ?’ ‘ഇനിയോ?’ ‘ഇനി എന്താ കുഴപ്പം.’ ‘ഇനിയും പ്രശ്നങ്ങളുണ്ടായാൽ അത് താങ്ങാനാവില്ല.’ ‘ഒരാളുടെ ജീവിതത്തിൽ എന്നും പ്രശ്നങ്ങളുണ്ടാകുമോ. അല്ലെങ്കിലും സിദ്ധിക്കിന് മാത്രമേയുള്ളോ പ്രശ്നങ്ങൾ. ഇതിനെക്കാളും പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ ഇവിടെ ജീവിക്കുന്നില്ലേ.’ ലാൽ തുടർന്നു. ‘ഇതൊന്നും നിങ്ങളായിട്ട് ചെയ്തതല്ലല്ലോ. എല്ലാം വിധിയാണ്. നമ്മൾ ജനിക്കുമ്പോൾ തന്നെ അത് എഴുതിവച്ചിട്ടുണ്ട്. അത് ആർക്കും മാറ്റിമറിക്കാനുമാകില്ല.’ ലാലിൻറെ വാക്കുകൾ എൻറെ കഠിനമായ വേദനകളെ ലഘൂകരിക്കുന്നതായിരുന്നു. അതുവരെ ഞാൻ തലയിൽ തിരുകിവച്ച ബാലിശമായ ചിന്തകളെ തച്ചുടയ്ക്കുന്നതായിരുന്നു. എനിക്കൊരു പ്രശ്നമുണ്ടായപ്പോൾ പലരും എന്നെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്. അതുകൊണ്ട് ആരോടെങ്കിലും സംസാരിക്കാൻ പോലും ഞാൻ ഭയന്നു. പക്ഷേ ഈ മനുഷ്യൻ എൻറെ മനസ്സ് തന്നെ മാറ്റിയിരിക്കുന്നു. നിസ്സംശയം പറയട്ടെ, പിന്നീടുള്ള എൻറെ ജീവിതത്തിലെ എല്ലാ മാറ്റങ്ങൾക്കും വിത്ത് പാകിയത് അന്ന് ലാലായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top