രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ‘പടകാളി ചണ്ടി’ വയലിനിൽ വിരിയിച്ച് ഓർഫിയോ; മണിക്കൂറുകൾക്കകം കണ്ടത് ലക്ഷങ്ങൾ !!

മോഹൻലാൽ-ജഗതി ശ്രീകുമാർ എന്നിവർ തകർത്തഭിനയിച്ച യോദ്ധയിലെ പടകാളി ചണ്ടി ചങ്കിരി എന്ന ഗാനം മലയാളം മറക്കാൻ അൽപ്പം പാടുപെടും. കാരണം അത്രമേൽ നമ്മുടെ ഹൃദയത്തിൽ പതിഞ്ഞു പോയിരിക്കുന്നു ഇത്.
ഗാനഗന്ധർവൻ യേശുദാസും, എംജി ശ്രീകുമാറും ഒരുമിച്ച് പാടിയ ഈ ഗാനം ഇന്നും പാടാൻ നമ്മിൽ പലർക്കും കഴിയാറില്ല. അത്രമേൽ കഠിനമായ ഈ ഗാനം വയലിനിൽ വിരിയിച്ചിരിക്കുകയാണ് ടീം ഒർഫിയോ.
റോബിൻ തോമസ് കരോൾ ജോജർജ്, ഫ്രാൻസിസ് സേവ്യർ, ഹരാൾഡ് ആന്റണി, മരിയ ബിനോയ് ജോസഫ് കുരിശിംഗൽ, ബെൻഹർ തോമസ്, എന്നിവരാണ് ഈ ഗാനവിസ്മയം ഒരുക്കിയിരിക്കുന്നത്.
മുമ്പും നിരവധി ഹിറ്റ് ഗാനങ്ങൾ ഇത്തരത്തിൽ അവർ പുനഃസൃഷ്ടിച്ച് കയ്യടി നേടിയിട്ടുണ്ട്. എആർ റഹ്മാന്റെ വീര പാണ്ടി, ടൈറ്റാനിക്കിലെ മൈ ഹാർട്ട് വിൽ ഗോ ഓൺ, എന്നിവ അവയിൽ ചിലത്.
പ്രശസ്ത സംഗീതജ്ഞൻ എആർ റഹ്മാൻമലയാളത്തിൽ ആദ്യമായി സംഗീതം നിർവ്വഹിച്ചതും യോദ്ധയ്ക്ക് വേണ്ടിയായിരുന്നു. ലാമയെയും, റിംബോച്ചിയെയും ആദ്യമായി മലയാളികൾക്ക് പരിചയപ്പെടുത്തുന്ന ചിത്രവും കൂടിയായിരുന്നു സെപ്തംബർ 1992 ൽ ഇറങ്ങിയ യോദ്ധ.
ആക്ഷനും, കോമഡിയും, പ്രണയവും, ബുദ്ധ കഥകളും സംയോജിപ്പിച്ച ഏക ചിത്രമാണ് യോദ്ധ. യോദ്ധയിലെ ആക്ഷൻ രംഗങ്ങൾ അന്നത്തെ യുവത്വത്തെ ഒരുപാട് സ്വാധീനിച്ചിരുന്നു, പാട്ടുകളും.
തൈപ്പറമ്പിൽ അശോകനും, അരിശുമ്മൂട്ടിൽ അപ്പുക്കുട്ടനും തമ്മിലുള്ള രസകരമായ മത്സരങ്ങളിൽ നിന്നും നാമറിയാതെ തന്നെ കാത്മണ്ഢുവിലെ റിമ്പോച്ചി കഥകളിലേക്കും, അവിടെ നിന്ന് ദുർമന്ത്രവാദികളായവരുമായുള്ള പിരിമുറുക്കം സൃഷ്ടിക്കുന്ന അവസ്താന്തരങ്ങളിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോയത് ശക്തമായ കഥയുടേയും കഥാപാത്രങ്ങളുടേയും കഴിവ് ഒന്നുകൊണ്ട് മാത്രമാണ്.
സംഗീത് ശിവൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ശശിധരൻ ആറാട്ടുവഴിയാണ്. ചിത്രത്തിലെ ‘റിമ്പോച്ചി’യുടെ കഥാപാത്രം അവതരിപ്പിച്ച സിദ്ധാർത്ഥയ്ക്ക് ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും,എ ശ്രീകർ പ്രസാദിന് മികച്ച എഡിറ്ററിനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.
യോദ്ധ ഇറങ്ങി 25 വർഷം തികയുമ്പോഴും, മലയാളികൾ ചിത്രത്തിലെ ഉണ്ണിക്കുട്ടനേയും, അക്കോസേട്ടനെയും അപ്പു കുട്ടിനേയും, കുട്ടിമാമയേയും, ഡോൾമി അമ്മായിയേയുമെല്ലാം ഇന്നും ഓർത്തിരിക്കുന്നു. ചിത്രത്തിലെ ‘അശോകന് ക്ഷീണമാകാം’ ‘കാവിലെ പാട്ടുമത്സരത്തിന് കാണാം’ ‘കുട്ടിമാമ ഞാൻ ഞെട്ടി മാമ’ ‘കലങ്ങിയില്ല’ എന്നീ ഡയലോഗുകൾ ഇന്നും മലയാളികൾ നിത്യസംഭാഷണത്തിലെ ഒരുഭാഗമായതും അതിനൊരു അടയാളമാണ്.
padakaali chandi in violin by orfeo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here