ഡോക്ടർമാർ തിരിഞ്ഞ് നോക്കിയില്ല; സഞ്ജീവനി ആശുപത്രിയിൽ പൊലിഞ്ഞത് കുഞ്ഞു ജീവൻ

ആലപ്പുഴ ചെങ്ങന്നൂർ സഞ്ജീവനി മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഡോക്ടർമാരുടെ അനാസ്ഥമൂലം നവജാത ശിശു മരിച്ചതായി പരാതി. ശിധിൻ ശിവദാസ് രഞ്ജുമോൾ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പ്രസവത്തിനായി ആശുപത്രിയിലെത്തിച്ച രഞ്ജു മോൾക്ക് ആശുപത്രിയിൽനിന്ന് മതിയായ ചികിത്സ ലഭിച്ചില്ലെന്നും പ്രസവത്തോടെ ഗുരുതരാവസ്ഥയിലായ കുഞ്ഞ് മരിക്കുകയായിരുന്നുവെന്നും ആലപ്പുഴ വെണ്മണി പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ ഇവർ വ്യക്തമാക്കുന്നു.
കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറയുന്നുണ്ടെന്ന് വ്യക്തമായിട്ടും ആരോഗ്യനില കണക്കിലെടുക്കാനോ ലേബർ റൂമിൽ രഞ്ജുവിനെ പരിശോധിക്കാനോ ആരുമുണ്ടായിരുന്നില്ല. കുഞ്ഞിന് ഭാരക്കൂടുതൽ ഉണ്ടെന്ന് നേരത്തേ കണ്ടെത്തുകയും ഡോക്ടർ നിർദ്ദേശിച്ച തീയതിയ്ക്ക് തന്നെ രഞ്ജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ രഞ്ജുവിന് വേണ്ട ശ്രദ്ധ നൽകാതെ സ്വകാര്യ ആവശ്യങ്ങളുമായി തിരക്കിലായിരുന്നു ഡോക്ടർമാർ.
കുഞ്ഞിന്റെ അനക്കം നിന്നുവെന്ന സംശയം രഞ്ജു പ്രകടിപ്പിച്ചപ്പോഴും രക്ത സ്രാവമുണ്ടായപ്പോഴും ഇതൊന്നും ഗൗരവത്തിലെടുക്കാതെ മൊബൈൽ ഫോണിൽ സ്വകാര്യകാര്യങ്ങൾ സംസാരിച്ചിരിക്കുകയായിരുന്ന ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. പദ്മ, ഗൈനക്കോളജിസ്റ്റും രഞ്ജുവിനെ പരിശോധിച്ചിരുന്ന ഡോക്ടറുമായ ബീന സാം മാത്യു എന്നിവർക്കെതിരെയാണ് പരാതി നൽകിയികരിക്കുന്നത്. ഡോ ബീന ആശുപത്രിയിൽ അത്യാഹിതമുണ്ടെങ്കിൽ മാത്രമേ എത്തുകയുള്ളൂവെന്നാണ് ഈ സാഹചര്യത്തിലും അധികൃതർ അറിയിച്ചത്.
പ്രസവ വേദന അനുഭവപ്പെട്ടിട്ടും സാധാരണ നിലയിലുള്ള പ്രസവത്തിന് ശ്രമിക്കുക പോലും ചെയ്യാതെ ഉടൻതന്നെ സിസേറിയൻ നടത്താൻ ഏകപക്ഷീയമായി ആശുപത്രി അധികൃതർ തീരുമാനിക്കുകയായിരുന്നു. അനസ്‌തേഷ്യ നൽകാതെയാണ് രഞ്ജുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയതെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു ആരോപണം. എന്തായാലും കഠിന വേദനയിൽ പ്രസവം നടന്നു. തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ വെന്റിലേറ്ററിലേക്ക് മാറ്റി.
കുഞ്ഞിന് ബ്രയിൻ ഹെമറേജാണെന്നും രക്ഷിക്കാനാകില്ലെന്നുമാണ് ആശുപത്രി അധികൃതർ ധരിപ്പിച്ചത്. തുടർന്ന് ബന്ധുക്കൾ കുഞ്ഞിനെ അമൃത ആശുപത്രിയിലെത്തിച്ചു. കുഞ്ഞിനെ പരിശോധിച്ചുവെങ്കിലും തുടർ ചികിത്സകൊണ്ട് പ്രയോജനമില്ലെന്ന് വ്യക്തമാക്കി തിരിച്ചയച്ചു. തുടർന്ന് ബന്ധുക്കൽ കുഞ്ഞുമായി മടങ്ങിയെത്തി. പിന്നീട് സഞ്ജീവനിയിൽ വച്ച് തന്നെ കുഞ്ഞ് മരിക്കുകയായിരുന്നു.
കൃത്യമായ പരിശോധനകൾ നടത്തിയിട്ടും കുഞ്ഞിന്റെ ആരോഗ്യനില മോശമായത് കണ്ടെത്താനാകാത്തതും ഭാരക്കൂടുതലുണ്ടെന്ന് കണ്ടെത്തിയതിന് ശേഷം വേണ്ട പരിഗണന നൽകാത്തതും കുഞ്ഞിനെ നഷ്ടപ്പെടാൻ കാരണമായെന്നാണ് ശിധിൻ പറയുന്നത്.
അതേസമയം കുഞ്ഞിന് ബ്രയിൻ ഹെമറേജ് ആയിരുന്നുവെന്നും ആശുപത്രിയുടെയോ ഡോക്ടർമാരുടെയോ ഭാഗത്തുനിന്ന് യാതൊരുവിധ വീഴ്ചയും ഉണ്ടായിട്ടില്ലെന്നും സഞ്ജീവനി ആശുപത്രി പി ആർ ഒ ഗിരീഷ് ട്വന്റിഫോർ ന്യൂസിനോട് പ്രതികരിച്ചു. ആശുപത്രിയുടെ ചികിത്സയിൽ പിഴവുണ്ടായിരുന്നെങ്കിൽ പ്രസവം വരെ അവർ ഇവിടെ തുടരുമായിരുന്നോ എന്നും ഗിരീഷ് ചോദിച്ചു. ബന്ധപ്പെട്ട ഡോക്ടറോട് സംസാരിക്കാൻ ട്വന്റിഫോർ ന്യൂസ് ശ്രമിച്ചെങ്കിലും ബന്ധപ്പെടാൻ തൽക്കാലം ഇപ്പോൾ സാധിക്കില്ലെന്നായിരുന്നു പിആർഒയുടെ പ്രതികരണം.
എന്നാൽ തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടതിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും ഇനിയൊരു കുഞ്ഞിനെയും ഒരു മാതാപിതാക്കൾക്കും നഷ്ടപ്പെടരുതെന്നും ശിധിൻ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here