കരച്ചിൽ നിർത്താത്ത കുഞ്ഞിനെ പിതാവ് ഓടയിലെറിഞ്ഞ് കൊന്നു

ഒരു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ പിതാവ് ഓടയിലെറിഞ്ഞ് കൊന്നു. കുഞ്ഞ് നിർച്ചാതെ കരഞ്ഞതിൽ സഹികെട്ടാണ് പിതാവിന്റെ ക്രൂര നടപടി. ദൽഹി ജാമിയ നഗറിൽ ചൊവ്വാഴ്ചയാണ് സംഭവം. മണിക്കൂറുകളോളം തെരച്ചിൽ നടത്തിയാണ് രക്ഷാപ്രവർത്തകർക്ക് വ്യാഴാഴ്ച കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനായത്.
സംഭവമറിഞ്ഞ് ദുരന്തനിവാരണ സേന അധികൃതർ സ്ഥലത്തെത്തി ബുധനാഴ്ച മുതൽ കുഞ്ഞിനായി തെരച്ചിൽ നടത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അച്ഛൻ റാഷിദ് ജമാലിനെ പോലീസ് അറസ്റ്റ് ചെയ്തു.
അമിതമായി മദ്യപിച്ച് ചൊവ്വാഴ്ച വീട്ടിലെത്തിയ റാഷിദ് ഭാര്യയുമായി വഴക്കിടുകയും ഇതോടെ കുഞ്ഞ് കരച്ചിൽ തുടങ്ങുകയുമായിരുന്നു. ഉടൻ തന്നെ കരയുന്ന കുഞ്ഞിനെയുമെടുത്ത് വീട്ടിൽ നിന്ന് ഇറങ്ങിയ ഇയാൾ അകലെയുള്ള ഓവ് ചാലിൽ കുഞ്ഞിനെ എറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
റാഷിദ് കുഞ്ഞിനെ എടുത്ത് കൊണ്ട് പോവുന്നത് കണ്ട ഭാര്യ ബന്ധുക്കളെയും അയൽക്കാരെയും കൂട്ടി പിന്നാലെ ഓടിയെങ്കിലും അപ്പോഴേക്കും ഇയാൾ കുഞ്ഞിനെ ഓവുചാലിൽ എറിഞ്ഞിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റംസമ്മതിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here