ബേനസീർ ഭൂട്ടോയുടെ കൊലപാതകത്തിന് ഉത്തരവാദി സർദ്ദാരിയെന്ന് മുഷറഫ്

ബേനസീർ ഭൂട്ടോയുടെ കൊലപാതകത്തിന് ഉത്തരവാദി അവരുടെ ഭർത്താവ് ആസിഫലി സർദ്ദാരിയെന്ന് പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവ്വേസ് മുഷറഫ്. ബേനസീറിന്റെ മരണത്തിലൂടെ ഏറ്റവുമധികം നേട്ടമുണ്ടായത് സർദ്ദാരിയ്ക്കാണെന്നും മുഷറഫ് പറഞ്ഞു.
2007 ൽ ഡിസംബർ 27 ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബേനസീർ ഭൂട്ടോ വെടിയേറ്റ് മരിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം തീവ്രവാദ വിരുദ്ധ കോടതി മുഷറഫിന്റെ സ്വത്തുക്കൾ മരവിപ്പിക്കാൻ ഉത്തരവിട്ടിരുന്നു.
ഒരു കൊലപാതകം നടന്നാൽ ആരാണ് അതിൽ നേട്ടമുണ്ടാക്കിയതെന്നാണ് നോക്കേണ്ടത്. തനിയ്ക്ക് അന്ന് നഷ്ടമുണ്ടായി. തന്റെ സർക്കാരാണ് അന്ന് ഭരിച്ചിരുന്നത്. ബേനസീറിന്റെ കൊലപാതകത്തോടെ തന്റെ സർക്കാർ ദുർഘടത്തിലായെന്നും മുഷറഫ് തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയയിൽ പറയുന്നു.
ബേനസീറിന് ആവശ്യമായ സുരക്ഷ നൽകിയില്ലെന്നത് മാത്രമാണ് തനിയ്‌ക്കെതിരായ കേസ് എന്നും പർവ്വേസ് മുഷറഫ് തുറന്നടിച്ചു. പിന്നീട് അഞ്ച് വർഷം ഭരിച്ചത് ആസിഫലി സർദ്ദാരിയാണ്. എന്തുകൊണ്ടാണ് കൊലപാതകത്തിൽ വേണ്ട അന്വേഷണം നടത്താതിരുന്നതെന്നും മുഷറഫ് ചോദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here