ബാബാ രാംദേവ് പതഞ്ജലിയുടെ മുഖം മാത്രം; പിന്നിൽ പ്രവർത്തിക്കുന്നത് നിരവധി കേസുകളിൽ പ്രതി ചേർക്കപ്പെട്ട ബാൽകൃഷ്ണ

യോഗാ ഗുരു ബാബാ രാംദേവിന്റെ സ്ഥാപനം; അതാണ് പതഞ്ജലി ഉത്പന്നങ്ങളുടെ മേൽവിലാസം. ഗുണനിലവാരമില്ലെന്ന പേരിൽ നിരവധി തവണ വാർത്തകളിൽ നിറഞ്ഞു നിന്ന ഉത്പന്നങ്ങളിൽ ഒന്നാണ് പതഞ്ജലി. ഹരിദ്വാറിലെ കോടതി പതഞ്ജലിയുടെ അഞ്ച് പ്രൊഡക്ഷൻ യൂണിറ്റുകൾക്ക് 11 ലക്ഷം രൂപ വീതം പിഴ ചുമത്തിയതും വൻ വാർത്തയായിരുന്നു. എന്നാൽ ബാബാ രാംദേവ് തന്നെയാണോ ഈ വൻകിട ബ്രാന്റിന് പിന്നിലും ?
അല്ലെന്നാണ് ഉത്തരം. ബാബാ രാംദേവ് പതഞ്ജലിയുടെ മുഖം മാത്രമാണ്. പതഞ്ജലി എന്ന ബ്രാൻഡിനും ബിസിനസ്സിനും പിന്നിൽ ആചാര്യ ബാൽകൃഷ്ണ എന്ന പേരിലൽ അറിയപ്പെടുന്ന ബാൽകൃഷ്ണ സുവേദി എന്ന ബിസിനസ്സ് ടൈകൂണിന്റെ ബുദ്ധിയാണ് ഉള്ളത്.
നേരത്തെ മെഡിസിനൽ സ്വഭാവമുള്ള ഉൽപന്നങ്ങൾ മാത്രമാണ് പതഞ്ജലി തയ്യാറാക്കിയിരുന്നതെങ്കിൽ ഇപ്പോൾ ഇൻസ്റ്റന്റ് നൂഡിൽസ് മുതൽ ഡിറ്റർജന്റുകളും പേഴ്‌സണൽ കെയർ ഉൽപന്നങ്ങളും വരെ പതഞ്ജലിയുടേതായുണ്ട്. ഇതിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമിന് പുറമേ അയ്യായിരം ഫ്രാഞ്ചൈസി സ്റ്റോറുകളിലൂടെയും വിൽപന നടക്കുന്നു.
2015-16 സാമ്പത്തിക വർഷത്തിൽ 5000 കോടി രൂപയായിരുന്നു പതഞ്ജലിയുടെ വരുമാനം. പതഞ്ജലി ആയുർവേദ് എന്ന കമ്പനിയിൽ 94 ശതമാനം ഓഹരിയും ബാൽകൃഷ്ണയുടേതാണ്. 25,600 കോടി രൂപയുടെ ആസ്തിയുമായി 2016 ലെ ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ഇടം നേടിയുട്ടുമുണ്ട് ഇയാൾ.
പതഞ്ജലി സൃഷ്ടിച്ച വിവാദങ്ങളെ കൂടാതെ മറ്റുപല വിവാദങ്ങളിലും ബാൽകൃഷ്ണ ഉൾപ്പെട്ടിട്ടുണ്ട്. വ്യാജ വിദ്യാഭ്യാസ ഡിഗ്രികളും, പൗരത്വവുമാണ് ഇതിൽ ആദ്യം.
പൂർവ മാധ്യമയിൽ നിന്ന് ഹൈസ്‌കൂളും, സംസ്‌കൃത ബിരുദമായ ശാസ്ത്രി, സമ്പൂർണ നന്ദ സംസ്‌കൃത സർവ്വകലാശാലയിൽ നിന്നും നേടിയെന്നാണ് ബാൽകൃഷ്ണയുടെ വാദം. എന്നാൽ ഈ രണ്ട് സ്ഥാപനങ്ങളും റെക്കോർഡ് പ്രകാരം ഇല്ലെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ പാസ്‌പോർട്ട് ലഭിക്കാൻ വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചതിന് വഞ്ചനയ്ക്കും, ക്രിമിനൽ ഗൂഢാലോചനയ്ക്കും ബാൽകൃഷ്ണയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഒളിവിൽ പോയ ബാൽകൃഷ്ണയെ 2012 ൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അനുമതിയില്ലാതെ തോക്ക് കൈവശം വെച്ചുവെന്ന പരാതിയും ഇയാൾക്ക് മേൽ നിലനിൽക്കുന്നുണ്ട്. ഇതിനുപുറമേ, കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇയാൾക്ക് മേൽ കേസെടുത്തിരുന്നുവെങ്കിലും, 2014 ൽ എൻഡിഎ അധികാരത്തിലെത്തിയതോടെ കേസ് ഒതുക്കി. രണ്ടു വർഷം നീണ്ടു നിന്ന അന്വേഷണത്തിൽ ബാൽകൃഷ്ണയ്‌ക്കെതിരെ തെളിവുകളന്നും കണ്ടെത്താൻ സാധിക്കാതിരുന്ന സിബിഐ ബാൽകൃഷ്ണയ്ക്ക് ക്ലീൻ ചിറ്റ് നൽകി.
2009 ലെ തെരഞ്ഞെടുപ്പിന് മുമ്പുള്ള മാർച്ച് 8 ന് അന്ന് പ്രതിപക്ഷത്തായിരുന്ന ഭാരതീയ ജനതാ പാർട്ടിക്ക് പതഞ്ജലി ആയുർവേദ് കേന്ദ്ര പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 11,00,000 രൂപ സംഭാവനയായി നൽകിയിരുന്നു. ഇലക്ഷൻ കമ്മീഷൻ നൽകിയ ആർടിഐ റെസ്‌പോൺസിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
നേപ്പാൾ സ്വദേശികളായിരുന്നു ബാൽകൃഷ്ണയുടെ അമ്മ സുമിത്ര ദേവിയും, അച്ഛൻ ജയ് വല്ലഭും. പിന്നീട് ഇന്ത്യയിലേക്ക് അവർ കുടിയേറിപാർക്കുകയായിരുന്നു.
ഹരിയാനയിലെ ഒരു ഗുരുകുലത്തിൽവച്ചാണ് ബാൽകൃഷ്ണ ബാബാ രാംദേവിനെ കാണുന്നത്. പിന്നീട് 1990 ൽ ഹരിദ്വാറിൽ ദിവ്യ ഫാർമസി എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനി ഇരുവരം ചേർന്ന് ആരംഭിച്ചു.
പിന്നീട് ബാബാ രാംദേവിനൊപ്പം ചേർന്ന് നിരവധി ബിസിനസ്സ് സ്ഥാപനങ്ങൾക്ക് ഇദ്ദേഹം തുടക്കം കുറിച്ചു. അതിൽ 34 എണ്ണത്തിന്റെയും മാനേജിങ്ങ് ഡയറക്ടർ പജവി വഹിക്കുന്നത് ബാൽകൃഷ്ണ തന്നെയാണ്. രാംദേവിന്റെയും പതഞ്ജലിയുടേയും കീഴിൽ വരുന്ന മൂന്ന് ട്രസ്റ്റുകളുടെ അധിപനും ഇന്ന് ബാൽകൃഷ്ണയാണ്.
man behind pathanjali
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here