കീഴാറ്റൂരിലെ വയൽ നികത്തലിനെതിരായ സമരം അവസാനിച്ചു

കണ്ണൂർ കീഴാറ്റൂരിൽ നെൽവയൽ നികത്തി ദേശീയപാത ബൈപ്പാസ് നിർമ്മിക്കുന്നതിനെതിരെ കഴിഞ്ഞ 20 ദിവസമായി നടത്തിവരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. കീഴാറ്റൂർ ബൈപ്പാസ് നിർമാണവുമായി ബന്ധപ്പെട്ട് വിജ്ഞാപനം ഇറക്കുന്നത് നീട്ടിവയ്ക്കാൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരത്തു നടന്ന ചർച്ചയിൽ തീരുമാനമായതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കുന്നത്.
ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടങ്ങുന്ന സംഘം കീഴാറ്റൂർ സന്ദർശിച്ച് ബദൽ സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി ജി. സുധാകരൻ ഉറപ്പ് നൽകി. ഈ സാഹചര്യത്തിൽ സമരസമിതി ഇന്ന് രാവിലെ 10 മണിക്ക് യോഗം ചേർന്ന് സമരം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം വയൽ നികത്താൻ ശ്രമിച്ചാൽ വീണ്ടും സമരം നടത്തുമെന്ന് സമരസമിതി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here