Advertisement

”അവള്‍ ആരുടെയൊക്കെ കൂടെ പോയിട്ടുണ്ടാവും…? കിടന്നു കൊടുത്തിട്ടുണ്ടാവും…?”

September 30, 2017
Google News 1 minute Read

”ദിലീപിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഒരു മലയാളം സിനിമയും ഞാന്‍ കാണാറില്ല, പക്ഷേ രാമലീല ഞാന്‍ കാണും. എനിക്കു പറ്റിയില്ലെങ്കില്‍ ടിക്കറ്റ് എടുത്ത് ഞാന്‍ ആരെയെങ്കിലും കാണിക്കും. ഈ ഇരയെന്നു പറയുന്നവളുടെ മൊറാലിറ്റി എന്താണ്…? അവള്‍ ആരുടെയൊക്കെ കൂടെ പോയിട്ടുണ്ടാവും….? കിടന്നു കൊടുത്തിട്ടുണ്ടാവും…? പള്‍സര്‍ സുനി അവളെ ബലാത്സംഗം ചെയ്‌തോ…? ഇല്ലല്ലോ…? സ്വന്തം ജീവിതം നശിപ്പിച്ചവളോട് ദിലീപ് പിന്നെ എങ്ങനെ പെരുമാറണമായിരുന്നു…? ഭര്‍ത്താവ് അന്യസ്ത്രീയോടൊപ്പം പോകാനുള്ള കാരണം സ്ത്രീകള്‍ തന്നെയാണ്….!”

ആരെ ന്യായീകരിക്കാനാണെങ്കിലും ഇങ്ങനെ പറയാനൊന്നും പരിഷ്‌കൃത സമൂഹം അനുവദിക്കരുത്. ന്യായീകരത്തിന് ഇത്തരം വാദങ്ങളുയർത്തുന്നവർ നാളെ ഇരുളിൽ നിന്നും ഒരു കാറിലേക്ക് ഇടിച്ചു കയറാൻ തയ്യാറെടുക്കുന്ന വിഷജന്മങ്ങളാണ് എന്നോർക്കുക.

പൊതുവഴിയിൽ ഒരു യുവതിയെ മാനഭംഗപ്പെടുത്താൻ കൊട്ടേഷൻ നൽകി എന്ന കുറ്റം ആരോപിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ചലച്ചിത്ര താരം കൂടിയായ പ്രതി ദിലീപിനെ ന്യായീകരിക്കാൻ ഒരാൾ പ്രയോഗിച്ച ഹീനമായ വാക്കുകളെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന ലേഖനം അതിന്റെ ന്യായം കൊണ്ട് കൂടിയാണ് വൈറൽ ആകുന്നത്.

ലേഖനം പൂർണ്ണ രൂപത്തിൽ
ജെസ് വർക്കി – (തമസോമാ )

ഒരു ഷോക്ക്…അതില്‍ നിന്നും പൂര്‍ണ്ണമായും മുക്തി നേടിയിട്ടില്ല. ഈ രാത്രിയിലെ എന്റെ ഉറക്കം പൂര്‍ണ്ണമായും കെടുത്തിയത് ആ വാക്കുകള്‍ തന്നെയാണ്. കാരണം അതു പറഞ്ഞത് ഒരപ്പനാണ്. അതും, യൗവനയുക്തയായ, അതീവസുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ അപ്പന്‍…!!! സുന്ദരിയായ ഒരു സ്ത്രീയുടെ ഭര്‍ത്താവ്…..!!

‘ദിലീപിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഒരു മലയാളം സിനിമയും ഞാന്‍ കാണാറില്ല, പക്ഷേ രാമലീല ഞാന്‍ കാണും. എനിക്കു പറ്റിയില്ലെങ്കില്‍ ടിക്കറ്റ് എടുത്ത് ഞാന്‍ ആരെയെങ്കിലും കാണിക്കും. ഈ ഇരയെന്നു പറയുന്നവളുടെ മൊറാലിറ്റി എന്താണ്….? അവള്‍ ആരുടെയൊക്കെ കൂടെ പോയിട്ടുണ്ടാവും….? കിടന്നു കൊടുത്തിട്ടുണ്ടാവും…? പള്‍സര്‍ സുനി അവളെ ബലാത്സംഗം ചെയ്‌തോ…? ഇല്ലല്ലോ…? സ്വന്തം ജീവിതം നശിപ്പിച്ചവളോട് ദിലീപ് പിന്നെ എങ്ങനെ പെരുമാറണമായിരുന്നു…? ഭര്‍ത്താവ് അന്യസ്ത്രീയോടൊപ്പം പോകാനുള്ള കാരണം സ്ത്രീകള്‍ തന്നെയാണ്….!’ വിശ്വസിക്കാമെങ്കില്‍ വിശ്വസിച്ചോളൂ….ഇതൊരു അപ്പന്റെ വാക്കുകളാണ്….അതും പ്രായപൂര്‍ത്തിയായ, സുന്ദരിയായ, സെലിബ്രിറ്റിയായ ഒരു മകളുള്ള ഒരപ്പന്റെ…!!!

അല്ലയോ പുരുഷാ….!! ബലാത്സംഗ ക്വട്ടേഷനിലെ ഇരക്ക് പലപുരുഷന്മാരുമായി ബന്ധമുണ്ട് എന്ന തീരുമാനത്തില്‍ താങ്കള്‍ എത്തിയത് ഏതു ചേതോവികാരത്തിന്റെ പേരിലാണ് എന്ന് എനിക്കറിയില്ല. ആ പെണ്‍കുട്ടി സെലിബ്രിറ്റിയും സിനിമ ഫീല്‍ഡില്‍ ഉള്ള ഒരു വ്യക്തിയും ആണ് എന്നതാണോ താങ്കളെ അത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്…? എങ്കില്‍, മറക്കരുത് സുഹൃത്തേ, താങ്കളുടെ മകളും ഒരു സെലിബ്രിറ്റി തന്നെ….. സിനിമയില്‍ നില്‍ക്കുന്ന ഒരു വ്യക്തിയെക്കുറിച്ച്, പ്രത്യേകിച്ചും നടിമാരെക്കുറിച്ച് ആര്‍ക്കും എന്തു തോന്ന്യാസവും പറയാം, ഒരു പട്ടിയും ചോദിക്കില്ല എന്നതാണ് കേരളത്തിലെ അവസ്ഥ. നടിയാണോ, അവള്‍ പിഴച്ചവളാണ് എന്നു മുദ്ര കുത്തുന്ന ആദ്യകാല നടി റോസിയുടെ തലമുറയില്‍ നിന്നും അത്രയൊന്നും മാറി ചിന്തിക്കാന്‍ മലയാളികള്‍ക്കു കഴിഞ്ഞിട്ടുമില്ല…..സണ്ണി ലിയോണിനെ കാണാന്‍ കൊച്ചിയില്‍ സാഗരം തീര്‍ത്ത പുരുഷാരവങ്ങളില്‍ താങ്കള്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് എനിക്കറിയാം. പക്ഷേ, അതേ ചേതോവികാരം താങ്കളില്‍ കാണുമ്പോള്‍ നടുങ്ങി വിറച്ചു പോകുന്നു…..!!

dileep

ആ രാത്രി ഭീതിവിതച്ചത് ആ പെണ്‍കുട്ടിയുടെ മനസില്‍ മാത്രമല്ല, സത്യത്തിലും നീതിയിലും അടിയുറച്ചു വിശ്വസിക്കുന്ന ഏതൊരു ആണിന്റെയും പെണ്ണിന്റെയും മനസിലേക്ക് ഒരു കുട്ട തീ കോരിയിടുന്നതായിരുന്നു ആ പെണ്‍കുട്ടിയുടെ വാക്കുകള്‍…. അവള്‍ക്ക് അനുഭവിക്കേണ്ടിവന്ന മാനസിക ശാരീരിക പീഡനങ്ങള്‍… പള്‍സര്‍ സുനിയെന്ന പരനാറിയെ അറസ്റ്റുചെയ്ത് പോലീസ് വലിച്ചിഴച്ചു കൊണ്ടുപോയ ചിത്രത്തിലേക്കു ഞാന്‍ വീണ്ടും വീണ്ടും നോക്കി…ഒത്ത ഒരു പുരുഷന്‍… ഇത്തരം അഞ്ചാറെണ്ണത്തിന്റെ പേക്കൂത്തുകള്‍ക്ക് ഇരയായി പോയ ഒരു പാവം പെണ്‍കുട്ടി…. ഭീതി നിറഞ്ഞ കണ്ണുകള്‍. തുണി ഉരിക്കപ്പെട്ട ആ രാത്രി ഈ ജന്മം മുഴുവന്‍ അവളെ വേട്ടയാടും. അവള്‍ ആരുമാകട്ടെ… നിങ്ങള്‍ പറഞ്ഞപോലെ അവള്‍ പരപുരുഷന്മാരുടെ കിടപ്പറയില്‍ മാറിമാറി കിടന്നിട്ടുണ്ടാവാം. വേശ്യയായിരിക്കാം (അങ്ങനെയൊന്നും അല്ല എങ്കില്‍ പോലും). പക്ഷേ, അത്തരത്തിലുള്ള ഒരു സ്ത്രീയെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എത്ര ക്രൂരമായിട്ടും ആക്രമിക്കാം എന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്…? ഏതു പരനാറിക്കും കയറി നിരങ്ങാനുള്ളതാണോ സ്ത്രീയുടെ ശരീരവും ജീവിതവും….?

ദിലീപ് ഏതെങ്കിലും ഒരു പുരുഷനല്ല, കല കൊണ്ട് അനുഗ്രഹീതമായ, ദൈവം തലയില്‍ വലംകൈ വച്ചനുഗ്രഹിച്ച ഒരു പെണ്‍കുട്ടിയുടെ ഭര്‍ത്താവായിരുന്നു. ആ പെണ്‍കുട്ടി കേരളത്തിന്റെ ഹൃദയമിടിപ്പായിരുന്നു. അവളുടെ തെറ്റുകള്‍ പൊറുത്ത് അവള്‍ക്ക് അവര്‍ സ്വന്തം ഹൃദയത്തില്‍സ്ഥാനം നല്‍കി. ഒരു സുപ്രഭാതത്തില്‍, ആ ഹൃദയമിടിപ്പ് യാതൊരു അര്‍ഹതയുമില്ലാത്ത ഒരുവന്‍ തട്ടിയെടുത്തു. എന്നുമാത്രമല്ല, അവളെ പിന്നെ അവന്‍ പുറം ലോകം കാണിച്ചില്ല. അവന്റെ ഭാര്യ മറ്റുള്ള ആണുങ്ങളെ തൊട്ടും പിടിച്ചും അഭിനയിക്കുന്നത് ഇഷ്ടമല്ല എന്ന് അവന്‍ പരസ്യമായി പറഞ്ഞു. അവനാകട്ടെ, സുന്ദരികളായ സ്ത്രീകളോടൊപ്പം അഴിഞ്ഞാടി, പലരെയും സ്വന്തം കിടപ്പറയിലേക്കും. അവനുവേണ്ടി സ്വന്തം കലയും ജീവിതവും സ്വാതന്ത്ര്യവും ഇല്ലാതാക്കിയവളുടെ മുന്നിലേക്ക്, അതില്‍ ഏറ്റവും അടുപ്പമുള്ള കാമുകിയെ അവന്‍ കൊണ്ടുവന്നു. അവളെക്കൊണ്ട് കാമുകിയെ സത്ക്കരിപ്പിച്ചു. അവന്റെ കാമുകിക്ക് കിടക്ക വിരിക്കാനും അവള്‍ വേണമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തും മുമ്പേ, അവള്‍ അവന്റെ ജീവിതത്തില്‍ നിന്നും ഒഴിഞ്ഞു പോയി…. സ്വന്തം കലയും ജീവിതവും നശിപ്പിച്ചവനെതിരെ ഒരു വാക്കു പോലും പറയാതെ…. കാമകേളികള്‍ക്കെല്ലാം സാക്ഷിയായ അവളുടെ സുഹൃത്ത്, ബലാത്സംഗ ക്വട്ടേഷന് ഇരയായ ആ പെണ്‍കുട്ടി കൂറു കാണിക്കേണ്ടത് മൊറാലിറ്റി തൊട്ടുതീണ്ടിയിട്ടില്ലാത്ത അവനോടോ…? അതോ സ്വന്തം സുഹൃത്തായ ആ പെണ്‍കുട്ടിയോടോ…?

സിനിമയില്‍, ദിലീപ് മാത്രമല്ല ഭാര്യാസമേതനായി ജീവിക്കുന്നുള്ളു, മറ്റനേകം നടീനടന്മാര്‍ നല്ലൊരു കുടുംബ ജീവിതം ആസ്വദിച്ചു ജീവിക്കുന്നുണ്ട്. ഭര്‍ത്താവിന്റെ അവിഹിത ബന്ധം സഹിക്കാന്‍ മാത്രം ആ പെണ്‍കുട്ടി വേലയും കൂലിയുമില്ലാത്തവളോ കാശിനു ഗതിയില്ലാത്തവളോ അല്ലല്ലോ…

dileep

‘ഇത്രയും നീചമായ കുറ്റകൃത്യം ചെയ്യാന്‍ ദിലീപ് എന്ന നടനു കഴിയില്ല, അതു ഞാന്‍ വിശ്വസിക്കില്ല’ എന്നായിരുന്നു താങ്കളുടെ അഭിപ്രായമെങ്കില്‍ അതിനൊരു അന്തസുണ്ടായിരുന്നു. ആ അഭിപ്രായ പ്രകടനത്തെ ഞാന്‍ മാനിക്കുമായിരുന്നു. കാരണം, ദിലീപ് തെറ്റു ചെയ്തു എന്നു വിശ്വസിക്കുന്നതുപോലെ ചെയ്തിട്ടില്ല എന്നു വിശ്വസിക്കാനും ജനാധിപത്യവ്യവസ്ഥയിലെ ജനങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ട്, കാരണം ആ കേസിന്റെ അന്വേഷണം ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. കോടതി അയാള്‍ക്കു ശിക്ഷയും നല്‍കിയിട്ടില്ല.

പക്ഷേ, ദിലീപിന് അതില്‍ വ്യക്തമായ പങ്കുണ്ട് എന്നു വിശ്വസത്തിനാണ് കൂടുതല്‍ ബലം. എത്ര കൊടികെട്ടിയ വക്കീലിനെയും വയ്ക്കാന്‍ കീശയ്ക്കു കനമുള്ളവനാണ് ദിലീപ്. ജാമ്യം കിട്ടാന്‍ അയാളതു ചെയ്യുകയും ചെയ്തു. എന്നിട്ടും കോടതി അയാള്‍ക്കു ജാമ്യം നിഷേധിച്ചു, ഒരിക്കലല്ല, പല പ്രാവശ്യം. കീഴ്‌ക്കോടതിയും ഹൈക്കോടതിയും ദിലീപിനു ജാമ്യം നിഷേധിക്കണമെങ്കില്‍, പോലീസിന്റെ അന്വേഷണത്തില്‍ കാര്യമായ എന്തോ തെളിവു കിട്ടിയിട്ടുണ്ട് എന്നു തന്നെയാണ് അര്‍ത്ഥം.

ദിലീപിന്റെ അറസ്റ്റ് നമ്പി നാരായണന്റെതുമായി താരതമ്യം ചെയ്യുന്ന പലരുമുണ്ട്. പക്ഷേ, ദിലീപ് എന്ന വ്യക്തി പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന ഒരാളാണ്. കേരളത്തിനകത്തും പുറത്തും അയാള്‍ക്കു വേണ്ടി കൊല്ലാനും ചാവാനും തയ്യാറുള്ള ഫാന്‍സുകളെന്ന ചാവേറുകളുള്ള, കോടികള്‍ വിലയുള്ള സെലിബ്രിറ്റി. ആരെ വേണമെങ്കിലും സ്വാധീനിക്കാന്‍ കഴിവും പണവും സ്വാധീനവുമുള്ള വ്യക്തി. ശാസ്ത്രലോകത്തിനു പുറത്ത് അധികമാരും അറിയപ്പെടാത്ത നമ്പി നാരായണനുമായി ദിലീപിനെ താരതമ്യം ചെയ്യുന്നതു തന്നെ ബാലിശമായിരിക്കും. ഇത്രയും സ്വാധീനമുള്ള ദിലീപിനെ യാതൊരു തെളിവുമില്ലാതെ അറസ്റ്റു ചെയ്യാന്‍ തക്കവണ്ണം കേരളപോലീസിന്റെ തലയ്ക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല എന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു.

dileep actress statement against dileep dileep bail application verdict postponed dileep case round up

ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു, സ്വന്തം അവിഹിത ബന്ധം ഭാര്യയ്ക്കു മുമ്പില്‍ വിളമ്പിയ ഒരുവളോടുള്ള പകവീട്ടലല്ല ഈ ബലാത്സംഗ ക്വട്ടേഷനു പിന്നില്‍. മറിച്ച് അതിനപ്പുറത്ത് മറ്റെന്തോ വലിയ ലക്ഷ്യങ്ങളുണ്ട്. ഇരയ്ക്കും പ്രതിക്കും മാത്രമറിയുന്ന ഒരു രഹസ്യമുണ്ട്. ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു. ഇരയ്ക്ക് അറിയാം അവള്‍ ഇത്തരത്തില്‍ വേട്ടയാടപ്പെട്ടത് എന്തിന് എന്ന്. കേസ് കലങ്ങിത്തെളിയുമ്പോള്‍, ഒരുപക്ഷേ ശിക്ഷിക്കപ്പെടേണ്ടവരുടെ പട്ടികയില്‍ ഇരയും പെട്ടേക്കാം. കാരണം, വഴിയിലൂടെ നടന്നുപോയ ഒരുവളെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയതോ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയതോ അല്ല. മറിച്ച്, വ്യക്തമായ പ്ലാനിംഗ് ഈനികൃഷ്ട കൃത്യത്തിനു പിന്നിലുണ്ട്. പോലീസിന്റെ വാക്കുകള്‍ വിശ്വസിക്കാമെങ്കില്‍, വര്‍ഷങ്ങളുടെ പ്ലാനിംഗ്. ഇരയും പ്രതിയും നടത്തിയ ആ ഇടപാട് എന്ത്…?

കഥ നന്നായാല്‍ ഒരു സിനിമ വിജയിക്കും. അതിലെ അഭിനേതാക്കളുടെ പ്രകടനം മോശമായാലും നല്ല കഥയുള്ള ഒരു സിനിമയെ അത് അത്രത്തോളം ബാധിക്കില്ല. ഇനി കഥ നല്ലതല്ലെങ്കില്‍, നടീനടന്മാര്‍ മരിച്ച് അഭിനയിച്ചാലും ആ സിനിമ രക്ഷപ്പെടുകയുമില്ല. ഒരു സിനിമയുടെ വന്‍വിജയം അതിലെ നായകന്റ നീചപ്രവൃത്തിക്കു കിട്ടിയ കൈയ്യടിയല്ല എന്ന് അഭ്യസ്ത വിദ്യരായവരെങ്കിലും മനസിലാക്കണം. അല്ലെങ്കില്‍, ഈ വിദ്യാഭ്യാസം കൊണ്ട് എന്തു പ്രയോജനം…?

ഭര്‍ത്താവിന് വഴിപിഴച്ചിട്ടുണ്ട് എങ്കില്‍, അതിന്റെ ഉത്തരവാദിത്വം ഭാര്യയുടെ, പെണ്ണിന്റെ തലയില്‍ കെട്ടിവയ്ക്കുന്ന വഴിപിഴച്ച പുരുഷന്മാരുടെ ഗണത്തില്‍ എന്റെ സുഹൃത്തും പെട്ടിട്ടുണ്ട് എന്നത് എന്നെ നടുക്കുന്നു, വല്ലാതെ വേദനിപ്പിക്കുന്നു. പുരുഷനു വഴിപിഴച്ചാല്‍ അതു ശ്രേഷ്ഠവും സ്ത്രീ വഴിപിഴച്ചു പോയാല്‍ കുടുംബത്തിന്റെ മാനം നശിപ്പിച്ചവളുമാകുന്ന നശിച്ച പുരുഷനീതിയുടെ വക്താവായി താങ്കളെ കാണേണ്ടി വന്നതില്‍ നടുക്കമല്ല, വേദന. നെഞ്ചില്‍ നെരിപ്പോടെരിയുന്ന പോലുള്ള ഒരു നീറ്റല്‍.

ദിലീപിന് ഉപ്പുമാവും പഴവുമായി സംഗീത ലക്ഷ്മണ കാത്തിരിക്കുന്നത് അവള്‍ക്ക് പൊറുതിമുട്ടിയിട്ടാണെന്ന് അവളുടെ ശരീര ഭാഷ നമുക്കു പറഞ്ഞു തരും. പക്ഷേ, ആ ഗണത്തില്‍ പ്രിയ സുഹൃത്തേ…താങ്കളും….!!!!

ഞാന്‍ അവനോടൊപ്പമോ ഇരയോടൊപ്പമോ അവളോടൊപ്പമോ അല്ല. സത്യത്തോടൊപ്പം, നീതിയോടൊപ്പം. സത്യം ജയിക്കട്ടെ, സത്യം മാത്രം ജയിക്കട്ടെ, അതിലൂടെ എന്റെ നാടിന്റെ ശിരസും യശസും ഉയര്‍ന്നു നില്‍ക്കട്ടെ…!!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here