നടിയെ ആക്രമിച്ച കേസ്; പോലീസ് സേനയിൽ നടപടി ?

പൊതുനിരത്തിൽ യുവനടിയെ മാനഭംഗപ്പെടുത്താൻ ക്രിമിനൽ സംഘത്തിന് കൊട്ടേഷൻ കൊടുത്ത കേസിൽ പ്രതിചേർക്കപ്പെട്ട ദിലീപിന് അനുകൂലമായി അഭിപ്രായപ്രകടനം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനും നടപടി എടുക്കാനും കർശന നിർദേശം. കേസ് ദുർബലമാണെന്ന് പ്രചാരണം നടത്തുന്ന ചില ഉദ്യോഗസ്ഥരെ ഇതിനോടകം തന്നെ സ്ഥലം മാറ്റിയതായും സൂചനയുണ്ട്. നടിയെ അവഹേളിച്ചു സംസാരിച്ചതുമായി ബന്ധപ്പെട്ട് മുൻ ഡി. ജി. പി. ടി.പി.സെൻ കുമാർ ഉൾപ്പെടെയുള്ളവർ സാങ്കേതികമായി നിയമ നടപടി നേരിട്ടത്തിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നീക്കം. അന്ന് സെൻകുമാർ അതിൽ നിന്നും ഒഴിവായെങ്കിലും റെക്കോർഡ് ചെയ്യപ്പെട്ട സംഭാഷണം തെറ്റാണെന്ന് വാദമില്ല.
കേസ് ഇപ്പോൾ അന്വേഷണത്തിന്റെ അവസാന ലാപ്പിലാണ്. ശേഖരിച്ച തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന്റെ താമസമാണ് ഇപ്പോൾ ഉള്ളത്. ഈ ഘട്ടത്തിൽ കേസ്സ് ദുർബലമാണെന്ന് പോലീസ് സേനയിൽ നിന്ന് തന്നെ അഭിപ്രായങ്ങൾ ഉയരുന്നത് സാക്ഷികളെ സ്വാധീനിക്കുന്നതിന് തുല്യമാണെന്നാണ് വിലയിരുത്തൽ.
വ്യക്തി വിരോധത്തിന്റെ പേരിൽ കേസ് അന്വേഷണത്തെ അട്ടിമറിക്കുന്ന മുൻപുണ്ടായിരുന്ന രീതി ഇനി പോലീസ് സേനയിൽ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി തലത്തിൽ നൽകിയ നിർദേശത്തിൽ ഉള്ളതായും റിപ്പോർട്ട് ഉണ്ട്. അന്വേഷണ തലവനായിരുന്ന ഐജി ദിനേന്ദ്ര കശ്യപിനെ ഒഴിവാക്കി നിർത്തിയതും രഹസ്യം സൂക്ഷിക്കാൻ പരാജയപ്പെട്ടത് കൊണ്ടാണെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അന്വേഷണ വിവരങ്ങൾ പോലീസ് മേധാവിയെ പോലും അറിയിക്കേണ്ട ആവശ്യമില്ല എന്ന നിലയിലാണ് മുഖ്യമന്ത്രി ഈ സംഘത്തെ നിയോഗിച്ചത്. അന്വേഷണ സംഘത്തിന്റെ മേൽനോട്ടം മാത്രമാണ് ഐ ജി കശ്യപിന് നൽകിയത്. അതെ സമയം ചോദ്യം ചെയ്യൽ ഉൾപ്പെടയുള്ള കാര്യങ്ങളിൽ ഇടപെടേണ്ട എന്ന് നിർദേശം നൽകിയിരുന്നു.
പ്രതിയാകും എന്ന സംശയത്തിൽ നിലനിൽക്കുന്ന നാദിർഷാ ചോദ്യം ചെയ്യലിന് മുൻപ് പരിശീലനം നേടിയിരുന്നുവെന്നും, ഒരു പോലീസ് ഉദ്യോഗസ്ഥൻ ആണ് പരിശീലനം നൽകിയതെന്നും സൂചനയുണ്ടായിരുന്നു. സന്ധ്യ ഐ പി എസ്സിന്റെ അന്വേഷണ പാടവത്തെ കളിയാക്കി ഫോൺ സംഭാഷണം നടത്തിയ ഉദ്യോഗസ്ഥനെതിരെയും പരാതി ഉണ്ട്. മാധ്യമങ്ങളുടെ തലവന്മാരുടെ അടുത്ത ബന്ധം പുലർത്തുന്ന , മികച്ച ഉദ്യോഗസ്ഥൻ എന്ന് പേരെടുത്തതും , അതെ സമയം ഈ അന്വേഷണത്തിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്ത ഒരു ഉന്നത ഉദ്യോഗസ്ഥനെ പോലീസ് വകുപ്പിൽ നിന്ന് തന്നെ മാറ്റി നിയമിച്ചത് ഇത് മാത്രം അടിസ്ഥാനമാക്കിയാണോ എന്ന് ഉറപ്പില്ല. പക്ഷെ , സേനയ്ക്കുള്ളിൽ വരും ദിവസങ്ങളിൽ കർശന നിരീക്ഷണവും നിയന്ത്രണങ്ങളും ഉണ്ടാകും എന്ന കാര്യം ഉറപ്പ്.
Disciplinary Action Against Police Officers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here