സംവിധായകൻ ജയൻ കൊമ്പനാലിനെ കഴുത്തറുത്ത് കൊന്നത് കൂട്ടുകാരൻ

ടെലി ഫിലിം സംവിധായകൻ ജയൻ കൊമ്പനാലിന്റെ(29) മരണം ആസൂത്രിതമെന്ന് സംശയം. ഇന്ന് രാവിലെ ജയനെ കോതമംഗലത്തെ സ്വകാര്യ ലോഡ്ജിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ജയനോടപ്പം ലോഡ്ജിൽ താമസിച്ച നേര്യമംഗലം പുതുക്കുന്നേൽ ജോബി എന്ന സിൽവർ ജോബിയാണ് ജയനെ കഴുത്തറുത്ത് കൊന്നത്.
പണമിടപാട് സംബന്ധിച്ച തർക്കമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മുറിയിൽനിന്ന് മദ്യക്കുപ്പികളും കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കത്തിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആസൂത്രിത കൊലപാതകമാണെന്നാണ് പോലീസ് സംശയം. ഷോർട്ട് ഫിലിം നിർമ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു മാസമായി ഇരുവരും ലോഡ്ജിൽ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇരുവരും ഭാര്യമാരുമായി പിണങ്ങി കഴിയുകയായിരുന്നു.
ഇന്നലെ രാത്രി ഇവർ താമസിച്ചിരുന്ന മുറിയിൽനിന്ന് ബഹളം കേട്ടിരുന്നതായി സമീപവാസികൾ പറഞ്ഞു. കോതമംഗലം പോലീസ് ലോഡ്ജിലെത്തി ഇൻക്വസ്റ്റ് നടത്തി. പ്രതി ജോബിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
കോതമംഗലം റവന്യൂ ടവറിൽ സ്റ്റുഡിയോ നടത്തി വരികയായിരുന്ന ജോബി ഭാര്യയെ മർദ്ദിച്ച് കൊന്ന കേസിൽ പോലീസ് പിടിയിലായിട്ടുണ്ട്. വാഹന തട്ടിപ്പ് കേസ്, ക്രിമിനൽ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് സിൽവർ ജോബി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here