മേൽജാതിക്കാരുടെ ബക്കറ്റ് തൊട്ടതിന് ഗർഭിണിയെ മർദിച്ചു കൊന്നു

ഉത്തർപ്രദേശിൽ ജാതിവെറി അക്രമണങ്ങളും കൊലപാതകങ്ങളും തുടർക്കഥയാകുന്നു. മേൽജാതിക്കാരുടെ ബക്കറ്റ് തൊട്ടതിന് ഗർഭിണിയായ ദലിത് സ്ത്രീയെ മർദിച്ചു കൊന്നു. യു.പിയിലെ ബുലന്ദ്ഷർ ജില്ലയിലാണ് സംഭവം. ഒക്ടോബർ 15ന് ഖേതൽപൂർ ഭൻസോലി ഗ്രാമത്തിലായിരുന്നു സംഭവം. സാവിത്രി ദേവി എന്ന ദലിത് യുവതിയും ഗർഭസ്ഥ ശിശുവുമാണ് മർദനത്തിൽ മരിച്ചത്.
പ്രദേശത്തെ മേൽജാതിക്കാരുടെ വീട്ടിൽ മാലിന്യം ശേഖരിക്കുന്ന ജോലി ചെയ്യുന്ന സാവിത്രി ജോലിക്കിടെ അബദ്ധത്തിൽ ബക്കറ്റിൽ തൊടുകയായിരുന്നു. ഇതോടെയാണ് മേൽജാതിക്കാർ കൂട്ടം ചേർന്ന് ഗർഭിണിയായ സാവിത്രിയെ അടിച്ചും തൊഴിച്ചും ക്രൂരമായി മർദിച്ചത്.
ഒരു ഓട്ടോ സാവിത്രിയുടെ സമീപത്തു കൂടെ കടന്നുപോകുകയും മാറിനിന്നപ്പോൾ വീഴാതിരിക്കാൻ അവർ ബക്കറ്റിൽ പിടിക്കുകയുമായിരുന്നു. ഇതോടെയാണ് തന്റെ ബക്കറ്റ് അശുദ്ധമാക്കിയെന്നു പറഞ്ഞ് അഞ്ജു എന്ന സ്ത്രീയും മകൻ രോഹിതും വടികൊണ്ടും മറ്റും അടിച്ചതും മർദിച്ചതും. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാവിത്രിക്ക് കാര്യമായ പരുക്കില്ലെന്ന് പറഞ്ഞ് ഡോക്ടർമാർ പറഞ്ഞയക്കുകായിരുന്നു.
പരിശോധിക്കാൻ പോലും അവർ തയാറായില്ലെന്ന് സാവിത്രിയുടെ ഭർത്താവ് ദിലീപ് കുമാർ പറഞ്ഞു. ആറു ദിവസങ്ങൾക്കു ശേഷമാണ് ഇവർ മരിക്കുന്നത്.തലക്കേറ്റ മർദനത്തിലാണ് സാവിത്രി കൊല്ലപ്പെടുന്നതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. ദിലീപ് കുമാർ നൽകിയ പരാതിയിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
pregnant woman assaulted for touching bucket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here