Advertisement

കുതിപ്പിന് ഒരുങ്ങി സ്മാർട്ട് സിറ്റി; 7 ലക്ഷം ചതുരശ്ര അടിയിൽ പുതിയ ഐടി കെട്ടിടം നിർമ്മിക്കുന്നു

October 27, 2017
1 minute Read
new-7-lakh-square-feet-it-building-in-smart-city

കൊച്ചി സ്മാർട് സിറ്റി പദ്ധതി പ്രദേശത്ത് രണ്ടാമതൊരു ഐടി കെട്ടിടം കൂടി നിർമ്മിക്കാൻ വെളളിയാഴ്ച ചേർന്ന സ്മാർട് സിറ്റി ബോർഡ് യോഗം തീരുമാനിച്ചു. 200 കോടി ചെലവ് വരുന്ന പദ്ധതി സ്മാർട് സിറ്റി കമ്പനി നേരിട്ടാണ് നടപ്പാക്കുന്നത്. അതിൽ ഏഴ് ലക്ഷം ചതുരശ്ര അടി സ്ഥലമുണ്ടാകും. യോഗത്തിൽ കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായിരുന്നു.

കമ്പനി സ്വന്തമായി നിർമ്മിച്ച ആദ്യ കെട്ടിടത്തിൽ 7 ലക്ഷം ചതുരശ്ര അടിയുണ്ടായിരുന്നു. അതിൽ പാട്ടത്തിന് കൊടുക്കാവുന്ന 3.56 ലക്ഷം ചതുരശ്ര അടിയിൽ 78 ശതമാനവും ഇതിനകം അലോട്ട് ചെയ്തിട്ടുണ്ട്.

സ്വന്തമായി പണിത 7 ലക്ഷം ചതുരശ്ര അടിക്കു പുറമെ 65 ലക്ഷം ചതുരശ്ര അടി വിവിധ കോഡവലപ്പേഴ്‌സ് വഴി പണിയാൻ നേരത്തെ തീരുമാനിച്ചിരുന്നു. അതിൻറെ നിർമാണം മുന്നോട്ടു പോവുകയാണ്. സ്മാർട് സിറ്റി സ്വന്തമായി പണിത കെട്ടിടത്തിൽ അരലക്ഷം ചതുരശ്ര അടി ഏണസ്റ്റ് ആൻറ് യങ് എന്ന കമ്പനിക്ക് നൽകാനുളള നിർദേശം യോഗം അംഗീകരിച്ചു.

സിങ്കപ്പൂർ ആസ്ഥാനമായ ബർണാഡ് സ്‌കട്ടിൽ എന്ന കമ്പനിക്ക് നാവിക സംബന്ധമായ സോഫ്‌ട്വേർ സൊലൂഷൻ ഉണ്ടാക്കുന്ന യൂണിറ്റ് സ്ഥാപിക്കുന്നതിന് ഒരു ഏക്ര ഭൂമി അനുവദിക്കാൻ തീരുമാനിച്ചു. ആയിരം പേർക്ക് ജോലി ലഭിക്കുന്ന പദ്ധതിയാണിത്.

കരാറുകാരുമായുളള എല്ലാ നിയമ തർക്കങ്ങളും അവസാനിച്ചുവെന്ന് കമ്പനി പ്രതിനിധികൾ യോഗത്തെ അറിയിച്ചു. നേരത്തെ വിഭാവനം ചെയ്ത രീതിയിൽ മുന്നോട്ടുപോകാൻ ഇനി കമ്പനിക്ക് കഴിയും. കമ്പനിയുടെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി അവലോകനം ചെയ്തു. പുതിയ സാഹചര്യത്തിൽ സ്മാർട് സിറ്റിയിലേക്ക് ഏതൊക്കെ കമ്പനികളെ കൊണ്ടുവരാൻ കഴിയുമെന്നത് സംബന്ധിച്ച് പഠനം നടത്താനും യോഗം തീരുമാനിച്ചു. സ്മാർട് സിറ്റിയുടെ കുതിച്ചുചാട്ടത്തിന് ഉതകുന്ന പദ്ധതികൾ സംബന്ധിച്ച് ഹോൾഡിങ് കമ്പനിയായ ദുബായ് ഹോൾഡിങിൻറെ ചെയർമാൻ അബ്ദുളള അഹമദ് അൽ ഹബ്ബായ് അടുത്തുതന്നെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുന്നതാണ്.

യോഗത്തിൽ ഡയറക്ടർമാരായ ഖാലിദ് അബ്ദുൾ കരിം ഹുസൈൻ അൽ മാലിക്, ജസിം മുഹമ്മദ് അബ്ദുളള അൽ അബ്ദുൾ, ബദ്ര്! അൽ ഗർഗാവി, ഐടി സെക്രട്ടറി എം. ശിവശങ്കർ എന്നിവർ പങ്കെടുത്തു.

 

new-7-lakh-square-feet-it-building-in-smart-city

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top