ദയനീയം ഈ ‘രാജി ഓൺ കണ്ടീഷൻ’

മുന്നണിയെ പ്രതിസന്ധിയിലാക്കി തോമസ് ചാണ്ടി നടത്തിയ പൊറാട്ട് നാടകം അവസാനിച്ചത് ചാണ്ടി തന്നെ മുന്നോട്ട് വച്ച അസംഖ്യം ഉപാധികളുടെ അടിസ്ഥാനത്തിലാണ്. എൻ സി പി ക്ക് പകരം മന്ത്രി ഇല്ലാതെ സുപ്രീം കോടതി വിധി വരുന്നത് വരെ താൽക്കാലികമായി മാറി നിൽക്കും എന്നതാണ് ധാരണ. രാജിയല്ലാതെ സുപ്രീം കോടതി വിധി വരുന്നത് വരെ ലീവ് എന്നതായിരുന്നു ചാണ്ടിയുടെ നിർദേശം എങ്കിലും അത് പ്രശ്‌നപരിഹാരത്തിന് ഉചിതമല്ല എന്ന തീരുമാനത്തിൽ രാജി എന്ന് തീരുമാനിക്കുകയായിരുന്നു.
എ കെ ശശീന്ദ്രൻ തിരിച്ചു വരരുത് എന്ന നിബന്ധനയായിരുന്നു അതിൽ ഏറ്റവും മുഖ്യം. സി പി എം മന്ത്രിസ്ഥാനം ഏറ്റെടുക്കരുത്, ഇക്കാര്യത്തിൽ തീരുമാനം ആകുന്നതു വരെ മന്ത്രിസഭാ പുനഃസംഘടന പാടില്ല, വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി തന്നെ നോക്കണം തുടങ്ങി പുറത്തേക്കിറങ്ങാൻ തയ്യാറായ ചാണ്ടി തന്റെ നിരവധി ആവശ്യങ്ങളാണ് നിരത്തിയത്.
പുതിയ മന്ത്രി ഉണ്ടോ എന്ന ചോദ്യത്തിന് രാജി നൽകിയ ചാണ്ടി പറഞ്ഞത് ആദ്യം ആര് ക്‌ളീയർ ചെയ്യുന്നോ അയാൾ മന്ത്രിയാകും എന്നാണ്. ഒരു വിവാദ ചാനൽ നടത്തിയ ‘ഹണി ട്രാപ്പി’നെ തുടർന്ന് എ കെ ശശീന്ദ്രനും ഒരു കേസ് നേരിടുകയാണ്.
എന്തായാലും എൻ സി പിയിൽ ഇതൊരു കോമ്പറ്റീഷൻ ഐറ്റം ആയിരിക്കുകയാണ്. ശശീന്ദ്രനോ തോമസ് ചാണ്ടിയോ ? എന്തായാലും കേരളത്തിലെ ഒരു മന്ത്രിസ്ഥാനം കോടതിയുടെ ദയ കാത്തു കിടക്കുന്നു എന്നത് ജനാധിപത്യ വ്യവസ്ഥയിൽ അപൂർവ്വവും പാടില്ലാത്തതുമാണ്. അത്ര ദാരിദ്ര്യമുള്ള മുന്നണിയല്ല എൽ ഡി എഫ് എന്നത് ശ്രദ്ധിക്കണം.
അതെ സമയം മന്ത്രിസഭയിൽ പകരം സംവിധാനം ഏർപ്പെടുത്തണം എന്ന ആവശ്യം സി പി എമ്മിൽ നിന്നും ഉണ്ടാകും. മന്ത്രി സ്ഥാനം സി പി എം ഏറ്റെടുക്കണം എന്ന ആവശ്യവും ഉയരും. ഇതിനോടകം തന്നെ ‘ഓൺ കണ്ടീഷൻ’ രാജി വലിയ അമർഷത്തിനും ഇടയാക്കിയിട്ടുണ്ട്. ഇടഞ്ഞു നിൽക്കുന്ന സി പി ഐ , സി പി എമ്മിലെ ഭൂരിപക്ഷം, മറ്റു ഘടക കക്ഷികൾ ഒക്കെ ഈ ഉപാധികൾ തള്ളിക്കളയണം എന്ന് ആവശ്യപ്പെട്ടേക്കും. തോമസ് ചാണ്ടിയുടെ പരസ്യ പ്രഖ്യാപനങ്ങൾ വിലക്കണമെന്നും ആവശ്യമുയർന്നു കഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here