ഈ ഇന്ത്യൻ നഗരങ്ങൾ വെള്ളത്തിനടിയിലാകുമെന്ന് നാസയുടെ റിപ്പോർട്ട്

ആഗോള താപനത്തിന്റെ ഭാഗമായി മഞ്ഞുരുകി വെള്ളത്തിനടിയിലാകാൻ പോകുന്ന നഗരങ്ങളുടെ പട്ടിക വ്യക്തമാക്കി നാസ പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യയിലെ രണ്ട് പ്രധാന നഗരങ്ങളും ഉൾപ്പെട്ടു. തീരദേശ പ്രദേശങ്ങളായ മംഗളൂരുവും മുംബൈയുമാണ് നൂറുവർഷത്തിനുള്ളിൽ സമുദ്ര നിരപ്പ് ഉയർന്ന് വെള്ളത്തിനടിയിലാകാൻ സാധ്യതയുള്ള ഇന്ത്യയിലെ രണ്ട് നഗരങ്ങൾ. ഇതിൽതന്നെ മംഗളൂരുവിനാണ് കൂടുതൽ സാധ്യതയെന്നും നാസയുടെ പഠനത്തിൽ വ്യക്തമാക്കുന്നു.
അടുത്ത നൂറ് വർഷത്തിനുള്ളിൽ മംഗളുരുവിലെ സമുദ്ര നിരപ്പ് 15.98 സെന്റീമീറ്റർ ഉയരും. അതേസമയം തീരദേശ പ്രദേശങ്ങളായ മുംബൈയുടേത് 15.26 സെന്റീമീറ്ററും അമേരിക്കയിലെ ന്യൂയോർക്കിന്റേത് 10.65 സെന്റീമീറ്ററുമായിരിക്കും ഉയരുകയെന്നും റിപ്പോർട്ടിൽ പറയുന്നു.
നാസ പുതിയതായി വികസിപ്പിച്ച കാലാവസ്ഥാ ഉപകരണമായ ഗ്രേഡിയന്റ് ഫിൻഗർ പ്രിന്റ് മാപ്പിംഗിന്റെ (ജിഎഫ്പി) സഹായത്തോടെയാണ് ഈ കണ്ടെത്തൽ.
യുഎൻ റിപ്പോർട്ട് പ്രകാരം 2050 ഓടെ ഇന്ത്യയിലെ 4 കോടി ജനങ്ങളെയാണ് സമുദ്രനിരപ്പ് ഉയരുന്നത് ബാധിക്കുക. മുംബൈ, കൊൽക്കത്ത എന്നീ നഗരങ്ങൾക്കാണ് ഇത് നാശം വിതയ്ക്കുക എന്നും യുഎൻ പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ 14000 ചതുരശ്ര കിലോമീറ്റർ പ്രദേശം നഷ്ടമാകുമെന്നും കണക്കാക്കുന്നു.
indian states at high risk of flooding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here