രക്തസാമ്പിൾ മാറ്റിയ കേസ്; മലയാളി നേഴ്‌സിന് 5 വർഷം തടവ്

ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ രക്തസാമ്പിൾ മാറ്റിയെന്ന കേസിൽ മലയാളിയായ നഴ്‌സിന് കുവൈത്ത് കോടതി അഞ്ചു വർഷം തടവും പിഴയും വിധിച്ചു. തൊടുപുഴ കരിങ്കുന്നം മറ്റത്തിപ്പാറ മുണ്ടോലി പുത്തൻപുരയിൽ പരേതനായ ബേബിയുടെ മകൻ എബിൻ തോമസിനെയാണ് ശിക്ഷിച്ചത്.
അറബിയുടെ വീട്ടിൽ പാചക ജോലിക്ക് നിയോഗിച്ചിരുന്ന ബംഗ്ലാദേശി സ്വദേശിക്ക് മഞ്ഞപ്പിത്തമുണ്ടെന്ന വിവരം മറച്ചുവെച്ചുവെന്ന കുറ്റമാണ് എബിന്റെ മേൽ ചുമത്തിയിരുന്നത്.
എന്നാൽ സംഭവത്തിൽ എബിൻ ചതിക്കപ്പെടുകയായിരുന്നുവെന്നാണ് സുഹൃത്തുക്കളും വീട്ടുകാരും പറയുന്നത്. ബംഗ്ലാദേശിയായ ഹസൻ എന്നയാൾ രോഗബാധിതനായ ബംഗ്ലാദേശി യുവാവിൽ നിന്നും പണം കൈപ്പറ്റി രക്തസാമ്പിൾ മാറ്റുകയായിരുന്നു എന്ന് അവർ പറയുന്നു.
നിലവിൽ ജാമ്യത്തിലുള്ള എബിന് വിധിയുടെ പശ്ചാത്തലത്തിൽ അപ്പീൽ നൽകാൻ കോടതി സാവകാശം അനുവദിച്ചിട്ടുണ്ട്. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നും എബിന്റ അഭിഭാഷകൻ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here