Advertisement

അബി, മിമിക്രിയിലെ ബിഗ് ബി

November 30, 2017
Google News 0 minutes Read

മിമിക്രിയുടെ ലോകത്തെ ബിഗ് ബി,  അതായിരുന്നു അബി. അമിതാബ് ബച്ചന്റെ ശബ്ദം മലയാളികള്‍ ആദ്യമായി അനുകരിച്ച് കേട്ടത് അബിയിലൂടെയായിരുന്നു. സ്കിറ്റില്‍ നിന്ന്  സിനിമാ താരങ്ങളുടെ ശബ്ദം മലയാളികള്‍ കേട്ട് തുടങ്ങിയ കാലം മുതല്‍ക്കേ മലയാളികള്‍ക്ക് പരിചിതനാണ് അബി. മിമിക്രി ജനകീയമാകുന്ന ഒരു കാലഘട്ടത്തില്‍ ആ കലയെ മലയാളികളിലേക്ക് എത്തിച്ച കലാകാരന്‍, അപ്രതീക്ഷിതമായി അബി പൊട്ടിക്കുന്ന കൗണ്ടറുകളേക്കാള്‍ വേഗത്തിലാണ് ഇന്ന് മരണം ആ പ്രതിഭയെ ചിരിയുടെ ലോകത്ത് നിന്ന് മടക്കിയെടുത്തത്.

ഒരു മിമിക്രിക്കാരനും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ സഞ്ചരിച്ച് ചിരിയുടെ ഒരു പുതിയ ലോകമാണ് അബി മലയാളികള്‍ക്കായി ഒരുക്കിയത്. മിമിക്രിയിലും സിനിമയിലും തിളങ്ങിയ താരം ഒരു മുന്നറിയിപ്പുമില്ലാതെ പലവട്ടം ഇരു മേഖലയില്‍ നിന്നും അകന്നു. സിനിമയില്‍ കത്തി നിന്ന താരം പെട്ടെന്നാണ് സിനിമയുടെ ലൈം ലൈറ്റില്‍ നിന്ന് അകന്നത്. പിന്നീടൊരു തിരിച്ച് വരവ് ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ്. നല്ല കഴിവുണ്ടായിട്ടും സിനിമ ലോകം വേണ്ടത്ര രീതിയില്‍ ഈ താരത്തെ ഉപയോഗിച്ചോ എന്ന് ചോദിച്ചാല്‍ നിസംശയം ഇല്ലെന്ന് തന്നെ പറയാം. ഒപ്പമുണ്ടായിരുന്നവര്‍ ശ്രദ്ധിക്കപ്പെട്ടിട്ടും തനിക്ക്  അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ലെന്നും അബി തന്നെ തുറന്ന് വെളിപ്പെടുത്തിയിട്ടുമുണ്ട്. തനിക്കെതിരെ വന്ന പാരകളെ പ്രതിരോധിക്കാന്‍ ആരും ഇല്ലായിരുന്നെന്നും അബി ഒരിക്കല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയും ചെയ്തു.നയം വ്യക്തമാക്കുന്നു ആയിരുന്നു അഭിയുടെ ആദ്യ സിനിമ. അന്ന് മിമിക്രിയില്‍ ചുവടുറപ്പിച്ച് വരുന്നതേ ഉണ്ടായിരുന്നുള്ളൂ.

kismath-movie-actor-SHane-Nigam-with-father-Abi

പെരുമ്പാവൂരിലായിരുന്നു അബി എന്ന് ഹബീബ് അഹമ്മദിന്റെ ജനനം. മൃഗങ്ങളുടെ ശബ്ദം അനുകരിച്ച് മിമിക്രി ലോകത്തേക്ക് വന്ന അബി സിനിമാ താരങ്ങളുടെ ശബ്ദം അനുകരിക്കാന്‍ പഠിക്കുന്നത് ആലപ്പി അഷ്റഫിനെ കണ്ടശേഷമാണ്. മിമിക്രിയില്‍ നിന്ന് അകന്ന് ഫുട് ഇന്‍സ്പെക്ടര്‍ കോഴ്സ് പഠിക്കാന്‍ പോയ അബി നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തി കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജില്‍ ഡിഗ്രിയ്ക്ക് ചേര്‍ന്നതോടെയാണ് മിമിക്രിയില്‍ വീണ്ടും സജീവമാകുന്നത്. യൂണിവേഴ്സിറ്റി കലോത്സവത്തില്‍ വിജയിയാതോടെ ഒരു ട്രൂപ്പ് തുടങ്ങി.

ദിലീപും, കോട്ടയം നസീറും,  സലീംകുമാറും, ഹരിശ്രീ അശോകനുമായി ചേര്‍ന്ന് ഇറക്കിയ മിമിക്രി കാസറ്റുകള്‍ അക്കാലത്തെ സൂപ്പര്‍ ഹിറ്റുകളായിരുന്നു. അവരെല്ലാം സിനിമയില്‍ സൈന്യം, കാസര്‍കോട് കാദര്‍ഭായി, മിമിക്സ് ആക്ഷന്‍ 500 തുടങ്ങി കുറച്ച് ചിത്രങ്ങളിലൂടെ അബിയും ചില ചിത്രങ്ങളില്‍ വേഷമിട്ടു. എന്നാല്‍ ആ ഭാഗ്യം ധിക നാള്‍ തുണച്ചില്ല. കാസറ്റുകളിലൂടെ അബി വീണ്ടും മലയാളികളെ ചിരിപ്പിച്ച് തുടങ്ങി.   അബിയുടെ ആമിനാ താത്ത കഥാപാത്രവും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്.  ബച്ചന്റെ ശബ്ദം ബച്ചന്റെ മുന്നില്‍ വച്ച് തന്നെ അനുകരിക്കാന്‍ അവസരം ലഭിച്ച താരം കൂടിയാണ് അബി. ബച്ചന്‍ അഭിനയിച്ച പരസ്യങ്ങള്‍ മലയാളത്തിലേക്ക് ഡബ്ബ് ചെയ്തിരുന്നത് അന്നും ഇന്നും അബിയായിരുന്നു.എന്നാല്‍ കാസറ്റ് യുഗം കഴിഞ്ഞതോടെ അബി പൂര്‍ണ്ണമായും ഈ പിന്‍വാങ്ങി. ചില ചാനല്‍ ഷോകളിലും, വിദേശ സ്റ്റാര്‍ ഷോകളിലും മാത്രം ഇടയ്ക്ക് പ്രത്യക്ഷപ്പെട്ടു.   മകന്‍ ഷെയിന്‍ നിഗത്തിന്റെ സിനിമാ പ്രവേശത്തോടെയാണ് വീണ്ടും അബി വാര്‍ത്തകളില്‍ നിറഞ്ഞത്.രക്തത്തില്‍ പ്ലേറ്റ് ലെറ്റ് കുറയുന്ന അസുഖവുമായി ബന്ധപ്പെട്ട് രണ്ട് കൊല്ലത്തോളമായി ചികിത്സയിലായിരുന്നു. തൃശ്ശിവപേരൂര്‍ ക്ലിപ്തം എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.
മിമിക്രിയുടെ ലോകത്തെ സൂപ്പര്‍ സ്റ്റാര്‍ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കലാകാരനാണ് ജീവിതത്തിന്റെ തിരശ്ശീലയില്‍ നിന്ന് മറഞ്ഞിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here