ഹിന്ദുസ്ഥാൻ പെൻസിൽ അധികൃതർ ഒരു അമ്മയ്‌ക്കെഴുതിയ മറുപടി കത്ത് സോഷ്യൽ മീഡിയയുടെ മനംകവരുന്നു

സമൂഹത്തിൽ നന്മയുടെ ഉറവകൾ ഇന്നും വറ്റിയിട്ടില്ലെന്നതിന് ദൃഷ്ടാന്തങ്ങൾ ഉണ്ടായില്ലെങ്കിൽ ഈ കാപട്യം നിറഞ്ഞ ലോകത്ത് ജീവിക്കുക പ്രയാസമാകും. അതുകൊണ്ടുതന്നെയാണ് സദ്പ്രവർത്തികൾ വാർത്തകളിൽ ഇടംപിടിക്കുന്നതും. ഇന്ന് അത്തരത്തിൽ വാർത്താ പ്രാധാന്യം നേടിയത് ഹിന്ദുസ്ഥാൻ പെൻസിൽസ് ഒരു അമ്മയ്ക്ക് എഴുതിയ മറുപടി കത്താണ്.
ബഹുപൂരിപക്ഷവും വലം കയ്യന്മാരുള്ള ഈ ലോകത്ത് ഇടം കയ്യന്മാർ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് നാലു വയസ്സുകാരിയുടെ അമ്മ ശ്വേത ഹിന്ദുസ്ഥാൻ പെൻസിൽ അധികൃതരുമായി പങ്കുവെച്ചത്. ശേഷം ലഭിച്ച മറുപടിയും അതിനോടൊപ്പം ലഭിച്ച സമ്മാനവുമാണ് ശ്വേതയെ ഞെട്ടിച്ചിരിക്കുന്നത്. ഈ അനുഭവം ശ്വേത തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :
ശ്വേതയുടെ മകൾ ഇഷ സിംഗ്
“ഒരു ദിവസം സ്‌കൂളിൽ നിന്നും വന്ന മകൾ വളരെ അസ്വസ്ഥയായി കാണപ്പെട്ടു. എന്താണ് ഇതിന് കാരണമെന്ന് മകളോട് ചോദിച്ചു. അവളുടെ മറുപടി ഇങ്ങനെ, ‘ മറ്റ് കുട്ടികളെ പോലെ എനിക്ക് പെൻസിൽ ഷാർപനർ ഉപയോഗിച്ച് പെൻസൽ കൂർപ്പിക്കാൻ സാധിക്കുന്നില്ല. ‘ ഇതിന് പിന്നിലെ കാരണമെന്തെന്ന് ചിന്തിച്ചപ്പോഴാണ് വിപണിയിലുള്ള ഷാർപനറുകളെല്ലാം വലം കയ്യന്മാർക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. നാല് വയസ്സുമാത്രം പ്രായമുള്ള ഒരു ഇടം കയ്യന് അത് ഉപയോഗിക്കുന്ന പ്രയാസമാണ്.
ഞാൻ ഓൺലൈൻ ഷോപ്പിങ്ങ് സൈറ്റുകളിലെല്ലാം ഇടം കയ്യന്മാർക്കായി പ്രത്യേകം തയ്യാറാക്കിയ സ്റ്റേഷനറികൾ നോക്കി. എന്നാൽ ഇത്തരം വസ്തുക്കൾക്ക് ഭയങ്കര വിലയാണെന്ന് കണ്ടെത്തി. കേവലം ഒരു ഷാർപനറിന് തന്നെ 700 രൂപ മുതൽ 1200 രൂപ വരെയായിരുന്നു വില.
നടരാജ്, അപ്‌സര പെൻസിൽ ഇന്നിവയുടെ നിർമ്മാതാക്കളായ ഹിന്ദുസ്ഥാൻ പെൻസിൽസ് അധികൃതർക്ക് ഞാൻ ഈ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് കത്തെഴുതി. ശേഷം ഹിന്ദുസ്ഥാൻ കമ്പനിയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ എന്നെ ഫോണിൽ ബന്ധപ്പെട്ടു. എന്റെ പ്രശ്‌നങ്ങളെല്ലാം ചോദിച്ചറിഞ്ഞ ഉദ്യോഗസ്ഥൻ ഇതിൽ പരിഹാരം കണ്ടെത്താമെന്നും ഉറപ്പു നൽകി.
ഒരാഴ്ച്ചയ്ക്കകം തന്നെ എനിക്ക് ഇടം കയ്യന്മാർക്കായി പ്രത്യേകം തയ്യാറാക്കിയ ഷാർപനറുകൾ അവർ എത്തിച്ചു. അത്തരം ഷാർപ്പനറുകൾ അവർ ഉണ്ടാക്കാറില്ലായിരുന്നിട്ടുകൂടി എന്റെ മകൾക്ക് വേണ്ടിയാണ് അവർ അത് പ്രത്യേകം രൂപകൽപ്പന ചെയ്തത്. കമ്പനിക്ക് നന്ദി അറിയിക്കുന്നു. നല്ല കസ്റ്റമർ സർവീസും. “
ഹിന്ദുസ്ഥാൻ പെൻസിൽസിന്റെ ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ സഞ്ജയ് തിവാരി ഒപ്പുവെച്ച ആ മറുപടി കത്തിൽ മറ്റൊരു കാര്യം കൂടു എഴുതിയിരുന്നു….ഇടം കയ്യന്മാർക്കായി രൂപകൽപ്പന ചെയ്ത ഷാർപനറുകൾ ഇനി മുതൽ തങ്ങൾ വിപണിയിലിറക്കുമെന്ന് !
ഇടം കയ്യന്മാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഷാർപ്പനർ
ബഹുഭൂരിപക്ഷം വലംകയ്യന്മാരുള്ള ഈ ലോകത്ത് ഇടം കയ്യന്മാരുടെ സൗകര്യാർത്ഥം ഒന്നും തന്നെ രൂപകൽപ്പന ചെയ്യാറില്ല. പലപ്പോഴും നമ്മുടെയെല്ലാം ശ്രദ്ധയിൽ നിന്ന് മാറി ദൈനംദിന ജീവിതത്തിൽ അവർ നേരിടുന്ന നിരവധി പ്രശ്‌നങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ഒന്നുകൂടിയായി മാറി ഈ കത്ത്.
Mom wrote to Hindustan Pencils about her left-handed daughter’s problem
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here