മിസ്റ്റര്‍ മോദീജി..,ഇനി ചോദ്യങ്ങള്‍ ഉയരും.ഗുജറാത്തില്‍ ഒരു ജിഗ്നേഷ് മേവാനിയുണ്ട്…

ഗുജറാത്തില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തിയതിനെ എല്ലാവരും വാനോളം പുകഴ്ത്തുമ്പോള്‍ ദേശീയ ശ്രദ്ധ കിട്ടേണ്ട ഒരു നായകന്‍ ഗുജറാത്തിലെ നിയമസഭയിലേക്ക് ഉയര്‍ത്തപ്പെട്ടു കഴിഞ്ഞത് വിസ്മരിക്കുക അസാധ്യം. ദലിത് വിഭാഗത്തെ ഒന്നിച്ച് നിര്‍ത്തി ഗുജറാത്തില്‍ വന്‍ പ്രക്ഷോഭം ഒരുക്കിയതിലൂടെയാണ് ജിഗ്നേഷ് മേവാനി രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചത്. സൗരാഷ്ട്രയിലെ ഉന എന്ന ഗ്രാമത്തില്‍ ഗോസംരക്ഷകരില്‍ നിന്ന് പീഢനമേറ്റ ദലിതുകള്‍ക്ക് വേണ്ടി അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ മേവാനി 2016ല്‍ രംഗത്തെത്തി. പിന്നീടങ്ങോട്ട് 35കാരനായ മേവാനി രാഷ്ട്രീയ പോര്‍മുഖത്ത് സാക്ഷാല്‍ മോദിക്ക് പോലും എതിരാളിയായി. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ശബ്ദമുയര്‍ത്താന്‍ മടിച്ചിടത്തുപോലും ജിഗ്നേഷിന് വ്യക്തമായ ശബ്ദമുണ്ടായിരുന്നു. 2016 ഓഗസ്റ്റ് 15ന് അഹമ്മദാബാദ് മുതല്‍ ഉന വരെ നടത്തിയ ദലിത് അസ്മിത യാത്രയില്‍ ഇരുപതിനായിരത്തോളം ദലിതര്‍ ഒന്നിച്ച് കൂടി. അന്ന് മുന്നില്‍ നിന്ന് നയിച്ചവനെ ചിതറിക്കപ്പെട്ടു കിടന്നിരുന്ന ദലിതര്‍ അവരുടെ നായകനാക്കി. ആ നായകന്‍ ഇന്ന് മുതല്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ ജനനായകനാണ്. ഗുജറാത്തിലെ വദ്ഗാമില്‍ ജനവിധി തേടിയ ജിഗ്നേഷ് മേവാനി ഇരുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചാണ് ഗുജറാത്ത് നിയമസഭയിലെത്തുന്നത്. സവര്‍ണ നിലപാടുകളെ നിഷ്‌കരുണം തള്ളി കളഞ്ഞും ബിജെപിയുടെ ജാതി മത ദ്രുവീകരണത്തെ നിശിതമായി വിമര്‍ശിച്ചും ദലിത് ഏകോപനം സാധ്യമാക്കുന്നതില്‍ വിജയിക്കാന്‍ കഴിഞ്ഞത് മേവാനിയെ കൂടുതല്‍ ജനപ്രിയനാക്കി.
മോദിക്കെതിരെ ശക്തമായി പ്രതികരിക്കുന്ന ഈ നേതാവിന് പിറകില്‍ സോഷ്യലിസത്തില്‍ വിശ്വസിക്കുന്ന നിരവധി യുവാക്കള്‍ അണിചേര്‍ന്നു. അതിന്റെ അലയടികള്‍ ഗുജറാത്തിന് പുറത്തേക്കും വ്യാപിച്ചു. ദലിതരേയും പിന്നോക്ക വിഭാഗക്കാരേയും വേണ്ടവിധം പരിഗണിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞത് കേരളത്തില്‍ വെച്ചാണ്. ശക്തമായ നിലപാടുകളായിരുന്നു ജിഗ്നേഷിനെ മറ്റുള്ളവരില്‍ നിന്ന് വിത്യസ്തനാക്കിയത്. കോണ്‍ഗ്രസ് കൂടെ ചേരാന്‍ ക്ഷണിച്ചപ്പോള്‍ ഒറ്റക്ക് നില്‍ക്കാനുള്ള വ്യക്തമായ തീരുമാനമെടുത്തതും അതിനാലാണ്. മറ്റുള്ളവര്‍ വച്ചു നീട്ടുന്ന അപ്പകഷ്ണം കൊണ്ട് വിശപ്പടക്കാന്‍ അയാള്‍ തയ്യാറല്ല. ഗുജറാത്ത് നിയമസഭയില്‍ ഇനി അയാളുടെ ശബ്ദമുയരും.
മിസ്റ്റര്‍ മോദീജി..,ഇനി ചോദ്യങ്ങള്‍ ഉയരും.ഗുജറാത്തില്‍ ഒരു ജിഗ്നേഷ് മേവാനിയുണ്ട്…പ്രതികരിക്കുന്നവരെ നിശബ്ദമാക്കുമ്പോഴും കൂടുതല്‍ പ്രതികരണ ശേഷിയുള്ളവര്‍ ഉദയം ചെയ്തുകൊണ്ടിരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here