രാജ്യത്ത് ഏറ്റവും കൂടുതൽ വർഗീയ കലാപങ്ങൾ ഉത്തർപ്രദേശിൽ

രാജ്യത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏറ്റവും കൂടുതൽ വർഗീയ കലാപങ്ങൾ റിപ്പോർട്ട് ചെയ്തത് യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശിലാണെന്ന് റിപ്പോർട്ട്. കേന്ദ്രസർക്കാർ ആണ് ഇതുസംബന്ധിച്ച കണക്ക് രാജ്യസഭയിൽ അവതരിപ്പിച്ചത്.
2014ൽ 644 കലാപങ്ങളും, 2015ൽ 751, 2016ൽ 703 എണ്ണവും ഉൾപ്പെടെ ഇക്കാലയളവിൽ ആകെ 2098 കലാപങ്ങളാണ് രാജ്യത്തുണ്ടായത്. ഇതിൽ 450 കലാപങ്ങളും നടന്നത് ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഈ കലാപങ്ങളിൽപ്പെട്ട് 77 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. കർണ്ണാടകയും മഹാരാഷ്ട്രയുമാണ് ഉത്തർപ്രദേശിന് തൊട്ടുപിന്നിൽ നിൽക്കുന്നത്. 279, 270 കേസുകളാണ് വർഗ്ഗീയകലാപവുമായി ബന്ധപ്പെട്ട് ഈ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്‌തെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തൊട്ടുപിന്നിൽ ഗുജറാത്തും ബീഹാറുമുണ്ട്. എന്നാൽ, എറ്റവും കുറവ് കലാപങ്ങൾ കേരളത്തിലാണ് രേഖപ്പെടുത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here