2017 ലെ മികച്ച 10 നടിമാരിൽ പാർവതിയും

2017 ലെ മികച്ച 10 ബോളിവുഡ് നടിമാരുടെ പട്ടിക പുറത്തുവിട്ട് ഇന്ത്യൻ എക്‌സ്പ്രസ്. മലയാളികൾക്ക് അഭിമാനമായി പട്ടികയിൽ പാർവതിയും ഇടംനേടിയിട്ടുണ്ട്. ഇർഫാൻ ഖാനൊപ്പം അഭിനയിച്ച ഖരീബ് ഖരീബ് സിംഗിൾ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരം പട്ടികയിൽ ഇടം പിടിച്ചത്.
സിനിമകളിൽ വെറുതെ വന്നുപോകുന്ന നായികക്കുമപ്പുറം ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് നായകപ്രാധാന്യത്തിൽ നിന്നും
സിനിമയെ സ്ത്രീകേന്ദ്രീകൃതമാക്കി മാറ്റുന്ന നല്ല മാറ്റങ്ങൾക്കാണ് 2017 സാക്ഷ്യം വഹിച്ചത്. 2017 ൽ പുറത്തിറങ്ങിയ തുമ്ഹാരി സുലു, ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ, ഫില്ലൗരി എന്നിവ നമ്മുടെ നടിമാരുടെ കയ്യിൽ സിനിമ ഭദ്രമാണെന്ന് കാണിച്ചുതന്നു.
ഇന്ത്യൻ എക്‌സ്പ്രസ് പുറത്തുവിട്ട മികച്ച 10 അഭിനേത്രികളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് സൈറ വസീമാണ്. സീക്രട്ട് സൂപ്പർസ്റ്റാറിലെ അഭിനയത്തിലൂടെയാണ് താരം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ദംഗലിലൂടെയാണ് സൈറ തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിച്ചത്.
രണ്ടാം സ്ഥാനം ആലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ എന്ന ചിത്രത്തിലെ നാല് പ്രധാന സ്ത്രീവേഷങ്ങൾ കൈകാര്യം ചെയ്തവർക്കാണ്. രത്‌ന പതക്, കൊങ്കൊണ സെൻ ശർമ, അഹാന കുമ്ര, പ്ലബതി ബോർഥകുർ എന്നിവർക്കാണ് രണ്ടാം സ്ഥാനം.
പട്ടികയിൽ അഞ്ചാം സ്ഥാനമാണ് പാർവതിക്ക്. 35 വയസ്സുള്ള വിധവയുടെ വേഷമാണ് പാർവതി ഖരീബ് ഖരീബ് സിംഗിളിൽ അവതരിപ്പിക്കുന്നത്. ഭർത്താവ് മരിക്കുന്നതോടെ നിറമുള്ള ജീവിതത്തോട് വിടപറഞ്ഞ് ഒതുങ്ങി കൂടുന്നതിന് പകരം ജീവിതത്തിൽ നിന്ന് മറഞ്ഞ് പോയ സന്തോഷങ്ങളെ വീണ്ടും തരിച്ച് പിടിക്കാനായി നടത്തുന്ന യാത്രയാണ് ചിത്രം. ഈ യാത്രയിലാണ് യോഗിയെ (ഇർഫാൻ ഖാൻ) കണ്ടുമുട്ടുന്നതും.
പട്ടിക :
1. സൈറ വസീം (സീക്രട്ട് സൂപ്പർസ്റ്റാർ)
2. ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ താരങ്ങൾ
3. വിദ്യാ ബാലൻ (തുമ്ഹാരി സുലു)
4. ഭൂമി പഡ്‌നേക്കർ ( ടോയ്‌ലറ്റ് ഏക് പ്രേം കഥ)
5. പാർവതി (ഖരീബ് ഖരീബി സിംഗിൾ)
6. സ്വര ഭാസ്‌കർ (അനാർക്കലി ഓഫ് ആരാഹ്)
7. ശ്വേത തൃപാഠി ( ഹരാംഖോർ)
8. അനുഷ്‌ക ശർമ (ഫില്ലൗരി)
9. കൃതി സനോൺ (ബറേലി കി ബർഫി)
10. സിമ്രാൻ (കങ്കണ റണൗട്ട്)
parvathy in indian express top 10 actresses of bollywood
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here