പൂരനഗരി ഉണര്‍ന്നു;ഇനി കലയുടെ മേളം

58-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ശക്തന്റെ തട്ടകത്തില്‍ അരങ്ങുണര്‍ന്നു. ഇനി അഞ്ച് നാള് കലയുടെ കേളികൊട്ടാണ്. തേക്കിന്‍കാട് മൈതാനിയിലെ പ്രധാന വേദികളിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. വിദ്യാര്‍ത്ഥികളുടെ കലാപെരുമയെ നെഞ്ചിലേറ്റി ഹര്‍ഷാരവം മുഴക്കാന്‍ ഒരു മടിയുമില്ലാതെ ആയിരങ്ങളാണ് ഒരോ വേദികളിലും എത്തിയിരിക്കുന്നത്. കലാപ്രേമികളെ സാക്ഷിയാക്കി തേക്കിന്‍കാട് മൈതാനിയിലെ പ്രധാന വേദിയായ നീര്മാതളത്തില് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് കലോത്സവം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന ദൃശ്യതാളവിസ്മയം പൂരക്കാഴ്ചയോളം മാറ്റ് പുലര്‍ത്തി. കലാധ്യാപകരായ 58 പേര് ചേര്‍ന്ന് ആലപിച്ച സ്വാഗതഗാനത്തോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചത്. വിദ്യാഭ്യാമന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 12 മരചുവടുകളിലായി വിവിധ കലാരൂപങ്ങള്‍ അരങ്ങേറിയത് വേറിട്ട കാഴ്ചയായിരുന്നു. ആയിരം കുട്ടികള്‍ പങ്കെടുത്ത മെഗാതിരുവാതിരയും ശ്രദ്ധ നേടി. ഹൈസ്കൂൾ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടവും ഭരതനാട്യവും ഹയർസെക്കൻഡറി വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യ മത്സരവും തേക്കിൻ കാട് മൈതാനത്തെ വേദികളിൽ നടക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here