ആഷസ് അഞ്ചാം ടെസ്റ്റിലും ഇംഗ്ലണ്ട് ചാരമായി

ഓസ്‌ട്രേലിയ നേടിയ 303 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടാന്‍ കഴിയാതെ ആഷസ് പരമ്പയിലെ അഞ്ചാം ടെസ്റ്റിലും ഇംഗ്ലണ്ട് നിര അടിയറവ് പറഞ്ഞു. ഓസീസിന് ഒരു ഇന്നിങ്‌സിന്റെയും 123 റണ്‍സിന്റെയും ഉജ്ജ്വല വിജയം. അഞ്ച് മത്സരങ്ങളുള്ള ആഷസ് പരമ്പര 4-0 ത്തിന് ഓസീസ് സ്വന്തമാക്കി. ഒരു മത്സരം മാത്രമാണ് സമനിലയില്‍ പിരിഞ്ഞത്. അഞ്ചാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് നേടിയ 346 റണ്‍സിന് മറുപടിയായി ഓസീസ് 649 റണ്‍സ് നേടിയിരുന്നു. 303 റണ്‍സിന്റെ ലീഡ് വഴങ്ങേണ്ടി വന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് വീഴുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 180 റണ്‍സിന് ഇംഗ്ലണ്ടിന് എല്ലാം വിക്കറ്റുകളും നഷ്ടപ്പെട്ടു. കമ്മിന്‍സ് നാല് വിക്കറ്റുകളും ലിയോണ്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ഉസ്മാന്‍ ക്വാജ, ഷോണ്‍ മാര്‍ഷ്, മിച്ചല്‍ മാര്‍ഷ് എന്നിവരുടെ സെഞ്ചുറികളുടെ കരുത്തിലാണ് ഓസീസ് ഓന്നാം ഇന്നിങ്‌സില്‍ 649 റണ്‍സ് നേടിയത്. പരമ്പരയില്‍ ഉടനീളം ആധിപത്യം ഉറപ്പിച്ച ഓസീസിന് മുന്‍പില്‍ ഇംഗ്ലണ്ട് തകര്‍ന്നടിയുകയായിരുന്നു. കമ്മിന്‍സ് കളിയിലെ താരമായപ്പോള്‍ ഒസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് പരമ്പരയിലെ താരമായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here