പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു; ജസ്റ്റിസ് കുര്യന്‍ ജോസഫ്

സുപ്രീം കോടതിയില്‍ നിന്ന് പുറത്തിറങ്ങി വാര്‍ത്തസമ്മേളനം നടത്തിയ നാല് ജഡ്ജിമാരുടെ അഭിപ്രായ പ്രകടനങ്ങളും തുടര്‍ന്ന് ജുഡീഷ്യറിയിലുണ്ടായ പ്രതിസന്ധിയും പരിഹരിക്കപ്പെട്ടതായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്. കോടതി ബഹിഷ്‌കരിച്ച് വാര്‍ത്തസമ്മേളനം നടത്തിയ നാല് ജഡ്ജിമാരില്‍ ഒരാള്‍ ആയിരുന്നു ജസ്റ്റിസ് കുര്യന്‍ ജോസഫ്. ഇന്നലെയും ഇന്നുമായി നടന്ന ചര്‍ച്ചകള്‍ ഫലം കണ്ടെന്നും അതിനാല്‍ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെട്ടെന്നും കുര്യന്‍ ജോസഫ് പറഞ്ഞു. ജുഡീഷ്യറിയ്ക്കുള്ളില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ ജുഡീഷ്യറിയ്ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ തീര്‍ക്കുവാനാണ് ഇത്തരത്തിലൊരു വാര്‍ത്തസമ്മേളനം നടത്തിയത്. ഈ വിഷയത്തില്‍ മറ്റ് ബാഹ്യ ഇടപെടലുകള്‍ ഇല്ലെന്നും തങ്ങളുടെ അഭിപ്രായ പ്രകടനങ്ങള്‍ ഏതെങ്കിലും വ്യക്തികളില്‍ അധിഷ്ഠിതമായിട്ടുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികമായി രാഷ്ട്രപതിക്ക് ജുഡീഷ്യറിയില്‍ ഇടപെടാന്‍ ആകില്ല. ജഡ്ജിമാരെ നിയമിക്കുന്നതിന് അപ്പുറം മറ്റ് അധികാരങ്ങള്‍ ജുഡീഷ്യറിയില്‍ രാഷ്ട്രപതിയ്ക്ക് ഇല്ലെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഇത് ജുഡീഷ്യറിയെ കൂടുതല്‍ ക്രമമായും ചിട്ടയായും മുന്നോട്ട് പോകാന്‍ സഹായിക്കും. സംവിധാനത്തിലായിരുന്നു പാകപ്പിഴകള്‍. അത്തരം പ്രശ്‌നങ്ങളെല്ലാം ഇതോടെ പരിഹകരിക്കപ്പെട്ടു കഴിഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതേ കുറിച്ച് ഡല്‍ഹിയില്‍ നിന്ന് മറ്റ് അറിയിപ്പുകള്‍ ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ജസ്റ്റിസ് കുര്യന്‍ ജോസഫ് പ്രതികരിച്ചിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here