ആരാധകരെ ആവേശത്തിലാഴ്ത്തിയ നീളന്‍മുടിക്കാരന്‍; റൊണാള്‍ഡീഞ്ഞോ വിരമിക്കുന്നു

2002ലെ ലോകകപ്പ് കിരീടം ബ്രസീലിന് നേടിക്കൊടുത്ത റൊണാള്‍ഡീഞ്ഞോ കാല്‍പ്പന്തുകളിയില്‍ നിന്ന് വിരമിക്കുന്നു. 2015ല്‍ ഫ്‌ളുമിനെന്‍സ് വിട്ടശേഷം പ്രൊഫഷണല്‍ ടീമിനായി റൊണാള്‍ഡീഞ്ഞോ കളിച്ചിട്ടില്ല. പ്രൊഫഷണല്‍ ഫുട്‌ബോള്‍ രംഗത്ത് ഗ്രൊമിയോ ക്ലബില്‍ നിന്നാണ് റൊണാള്‍ഡീഞ്ഞോ ആരംഭിച്ചത്. പിന്നീട് പിഎസ്ജിക്ക് വേണ്ടിയും ബൂട്ടണിഞ്ഞു. 2002ലെ ലോകകപ്പില്‍ ബ്രസീലിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചതോടെ റൊണാള്‍ഡീഞ്ഞോ ബാഴ്‌സിലോണയില്‍ എത്തി. രണ്ട് ലീഗ് കിരീടങ്ങളും ചാമ്പ്യന്‍ ലീഗ് കിരീടവും ബാഴ്‌സയ്ക്ക് വേണ്ടി അദ്ദേഹം നേടികൊടുത്തു. 2005ലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബലന്‍ദ്യോര്‍ പുരസ്‌ക്കാരവും റോണോ സ്വന്തമാക്കിയിട്ടുണ്ട്. ബാഴ്‌സയ്ക്ക് ശേഷം ഇറ്റാലിയന്‍ ക്ലബ് എ.സി മിലാന് വേണ്ടിയും റൊണാള്‍ഡീഞ്ഞോ ബൂട്ടണിഞ്ഞു. 2013 ഏപ്രില്‍ മാസത്തില്‍ നടന്ന ചിലിക്കെതിരായ മത്സരത്തിലാണ് ബ്രസീല്‍ ജഴ്‌സി അവസാനമായി അണിഞ്ഞത്. ബ്രസീല്‍ ജഴ്‌സിയില്‍ 97 മത്സരങ്ങള്‍ കളിച്ച റൊണാള്‍ഡീഞ്ഞോ 33 ഗോളുകള്‍ നേടിയിട്ടുണ്ട്. ബാഴ്‌സക്കായി 145 മത്സരങ്ങളില്‍ നിന്ന് 70 ഗോളുകള്‍ നേടിയിട്ടുണ്ട്. 2018ലെ റഷ്യന്‍ ലോകകപ്പില്‍ റൊണാള്‍ഡീഞ്ഞോയ്ക്കുള്ള യാത്രയയപ്പ് നടത്തുമെന്ന് സഹോദരന്‍ റോബര്‍ട്ടോ അസ്സിസ് ബ്രസീലിയന്‍ മാധ്യമങ്ങളെ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here