Advertisement

അന്യഗ്രഹ വസ്തുവെന്ന് കരുതി പങ്കിട്ടെടുത്തു; എന്തെന്നറിഞ്ഞപ്പോൾ ഞെട്ടി പ്രദേശവാസികൾ

January 22, 2018
2 minutes Read
gurgaon villagers mistook meteor for faeces

വലിയ ശബ്ദത്തോടെ ഗുഡ്ഗാവിലെ വയലിൽ പതിച്ച വസ്തുകണ്ട് ആദ്യം നാട്ടുകാർ ഒന്നമ്പരന്നു. അന്യഗ്രഹ വസ്തുവാണെന്ന് ധരിച്ച് ആ ‘അമൂല്യ’ വസ്തു എല്ലാവരും ചേർന്ന് പങ്കിട്ടെടുത്തു. ഇതെ കുറിച്ച് അധികൃതരെ അറിയിച്ച് അവർ പരിശോധിച്ചതോടെയാണ് ഈ ‘അമൂല്യ’ വസ്തു എന്തെന്ന് നാട്ടുകാർ തിരിച്ചറിയുന്നത്. അത് വേറൊന്നുമല്ല, വിമാനത്തിൽ നിന്ന് വീണ മനുഷ്യ വിസർജ്യമായിരുന്നു !

കഴിഞ്ഞ ദിവസമാണ് ഗുഡ്ഗാവിലെ പട്ടൗഡി സബ് ഡിവിഷനിലെ ബദ്‌ലി ഗ്രാമത്തിലെ വയലിൽ ഐസ് കട്ടയോട് സദൃശ്യമുള്ള കനത്തിലുള്ള വസ്തു വന്നുപതിക്കുന്നത്. വസ്തുവിന് എട്ട് കിലോഗ്രാമോളം ഭാരമുണ്ടെന്ന് അധികൃതർ പറയുന്നു. വന്നു പതിച്ച ആഘാതത്തിൽ വസ്തു പൊട്ടി തകരുകയായിരുന്നു. ഈ അവശിഷ്ടങ്ങളാണ് പ്രദേശവാസികൾ ചേർന്ന് പങ്കിട്ടെടുത്തത്.

ഇത് എന്തെന്നറിയാനുള്ള ആകാംക്ഷയിൽ ഇവർ പോലീസിൽ അറിയിക്കുകയും അവർ കാലാവസ്ഥാ നിരീക്ഷണ വകുപ്പിൽ അറിയിക്കുകയും ചെയ്തു. അധികൃതർ വന്നു പരിശോധിച്ചതോടെയാണ് അത് മനുഷ്യ വിസർജ്യമാണെന്ന് മനസ്സിലാക്കുന്നത്.

വിമാനങ്ങളിൽ നിന്ന് മനുഷ്യ വിസർജ്യം താഴെ പതിച്ചാൽ വിമാനക്കമ്പനികൾ 50,000 രൂപ പിഴ നൽകണമെന്ന് ഉത്തരവാക്കിക്കൊണ്ടുള്ള സർക്കുലർ ദേശീയ ഹരിത ട്രിബ്യൂണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് നൽകി പത്ത് ദിവസത്തിന് ശേഷമാണ് സംഭവം നടന്നിരിക്കുന്നത്. 2006 ഡിസംബർ 20 നാണ് ട്രിബ്യൂണൽ ഇത്തരത്തിലുള്ള ഉത്തരവ് ആദ്യമായി പുറത്തിറക്കുന്നത്. ഈ ഉത്തരവ് കർശനമായി പാലിക്കണമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള സർക്കുലറാണ് കഴിഞ്ഞ ദിവസം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് നൽകിയത്.

വിമാനങ്ങളിൽ നിന്നും പതിക്കുന്ന മനുഷ്യ വിസർജ്യങ്ങളെ ‘ബ്ലൂ ഐസ്’ എന്നാണ് ഏവിയേഷൺ വാക്‌ശൈലിയിൽ പറയുന്നത്. വിസർജ്യവും വിമാനത്തിലെ ടോയിലറ്റിൽ ഉപയോഗിക്കുന്ന ഡിസിൻഫക്ടന്റുകളും ഒത്തുചേർന്ന മിശ്രിതമാണ് താഴേക്ക് പതിക്കുന്നത്. ഇത് ദ്രാവകമായാണ് താഴേക്ക് പതിക്കുന്നതെങ്കിലും അത്ര ഉയരത്തിൽ അന്തരീക്ഷത്തിലെ തണുപ്പ് കാരണം തണുത്തുറഞ്ഞ് മഞ്ഞുകട്ടയായാണ് താഴേക്ക് പതിക്കുക. ഭാരമുള്ള ഇത്തരം വസ്തുക്കൾ വാമനത്തിൽ നിന്നും അത്ര ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്നത് മൂലം കനത്ത നാശനഷ്ടങ്ങളാണ് സംഭവിക്കുന്നത്.

gurgaon villagers mistook meteor for faeces

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top