കോഹ്‌ലിയെ വിമര്‍ശിച്ച് സേവാഗ്; വിമര്‍ശിക്കരുതെന്ന് ഗാംഗുലി

സൗത്താഫ്രിക്കയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലെയും ഇന്ത്യയുടെ മോശം പ്രകടനത്തിന് ശേഷം ഇന്ന് ഇന്ത്യ മൂന്നാം ടെസ്റ്റിനായ് ജൊഹന്നാസ്ബര്‍ഗിലാണ്. മാനം കാക്കാന്‍ ഒരു വിജയമെങ്കിലും വേണമെന്ന ആഗ്രഹത്തോടെയാണ് ഇന്ത്യ ബാറ്റിംഗിനിറങ്ങിയിരിക്കുന്നത്. സൗത്താഫ്രിക്കയില്‍ മത്സരം നടക്കുമ്പോള്‍ ഇവിടെ ഇന്ത്യന്‍ ടീമിന് വിമര്‍ശന ശരങ്ങളാണ് ക്രിക്കറ്റ് പ്രേമികള്‍ സമ്മാനിക്കുന്നത്. അതിനിടയിലാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ് കോഹ്‌ലിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. കോഹ്‌ലിക്കെതിരെ സംസാരിക്കാന്‍ ധൈര്യമുള്ളവരായി ആരും ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലില്ലെന്നും എല്ലാവര്‍ക്കും കേഹ്‌ലിയെ ഭയമാണെന്നുമാണ് സേവാഗ് പറഞ്ഞത്. ക്യാപ്റ്റന്റെ തെറ്റുകള്‍ ചൂണ്ടികാണിക്കാന്‍ കഴിവുള്ള ആരും ടീമില്‍ ഇല്ലെന്നും സേവാഗ് പറഞ്ഞു. കോഹ്‌ലിയുടെ ടീം സെലക്ഷനെതിരെയും സേവാഗ് വിമര്‍ശനമുന്നയിച്ചു. ടീം സെലക്ഷനില്‍ പോലും ആരും കോഹ്‌ലിയെ ചോദ്യം ചെയ്യുന്നില്ലെന്നും സേവാഗ് വിമര്‍ശിച്ചു. എന്നാല്‍ സൗത്താഫ്രിക്കയിലെ പരമ്പര നഷ്ടത്തില്‍ കോഹ്‌ലിയെ വിമര്‍ശിക്കുന്നവര്‍ ക്ഷമ കാണിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി ഏഷ്യയില്‍ മാത്രം കളിച്ച ഇന്ത്യന്‍ ടീമിന് വിദേശ പിച്ചില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പറ്റാതെ പോയതിന് ക്യാപ്റ്റനെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും ഗാംഗുലി പറഞ്ഞു. വിരാട് കോഹ്‌ലി നേതൃത്വഗുണമുള്ള മികച്ച ക്യാപ്റ്റന്‍ തന്നെയാണെന്നും ഗാംഗുലി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here