പ്രണവ് മോഹന്‍ലാല്‍… താങ്കളുടെ ആദ്യ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഈ രാജേഷാണ്!!

സിനിമയെന്ന വലിയ ലോകത്തിന് പിന്നിലെ നെറികെട്ട കളികള്‍ പ്രേക്ഷകരുടെ മുന്നിലേക്ക് അധികം എത്താറില്ല. ഉദയനാണ് താരം എന്ന ചിത്രത്തിലൂടെയാണ് ഗോസിപ്പെന്ന് പറഞ്ഞ് തള്ളിയ ഇത്തരം പിന്നാമ്പുറകഥകള്‍ സ്ക്രീനിന് മുന്നിലിരുന്ന് നമ്മള്‍ പ്രേക്ഷകര്‍ കണ്ടത്. അത്തരമൊരു ചതിയുടെ കഥപറയുകയാണ് രാജേഷ് എന്ന ചെറുപ്പക്കാരന്‍.
പുനര്‍ജ്ജനി, മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി ഒരു കേന്ദ്രകഥാപാത്രമായി വെള്ളിത്തിരയ്ക്ക് മുന്നില്‍ എത്തിയ ഈ ചിത്രം മേജര്‍രവിയാണ് സംവിധാനം ചെയ്തത്. അതിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരം പ്രണവിനെ തേടിയെത്തി. ഇത്രയുമാണ് വെള്ളിത്തിരയ്ക്ക് മുന്നിലെ കഥ!! വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു വന്‍ചതിയുടെ സമാന്തരകഥയും ഈ ചിത്രത്തിനൊപ്പം നടന്നിരുന്നു. സിനിമ പുറത്തിറങ്ങി ഒന്നര പതിറ്റാണ്ടിനു ശേഷം ആ ചിത്രത്തിന് യഥാര്‍ത്ഥത്തില്‍ തിരക്കഥയൊരുക്കിയ രാജേഷ് രംഗത്ത് വന്നിരിക്കുകയാണ്. എവിടെയോ ആരൊക്കെയോ ചേര്‍ന്ന് കളിച്ച ‘ഉദയനാണ് താരം’ കളിയുടെ ബാക്കി പത്രമാണ് രാജേഷ്. തന്റെ ആത്മാവ് കൊണ്ട് താനെഴുതിയ കഥയും തിരക്കഥയും പ്രശസ്തിയ്ക്ക് വേണ്ടി മറ്റുള്ളവര്‍ ചേര്‍ന്ന് കൊത്തിപ്പറിക്കുന്നത് ഞെട്ടലോടെ കണ്ട ആ ഇരുപതുകാരനല്ല രാജേഷ് ഇന്ന്. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ലാഭേച്ഛയും ലക്ഷ്യമിട്ടുമല്ല രാജേഷ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നതും. തന്നിലെ കലാകാരന് താന്‍ തന്നെ നല്‍കുന്ന പിന്തുണയാണ് ഈ തുറന്നു പറച്ചിലെന്ന് രാജേഷ് പറയുന്നു.
എന്റെ ആത്മാവിനെ ഉരുക്കഴിച്ചാണ് ഞാന്‍ ആ കഥ എഴുതിയത്. പ്രണവ് സിനിമയിലേക്കെത്തുന്ന ഈ സന്ദര്‍ഭത്തില്‍ ഒരു വിവാദം ഉണ്ടാക്കി പ്രശസ്തി നേടുകയാണ് എന്റെ ഉദ്ദേശമെന്ന് പലരും തെറ്റിദ്ധരിച്ചേക്കാം.സ്വാഭാവികമാണത്. പക്ഷേ ഇപ്പോഴല്ലാതെ ഞാന്‍ എപ്പോഴാണ് പറയേണ്ടത്. അത്തരമൊരു പ്രശസ്തി ആയിരുന്നു ലക്ഷ്യമെങ്കില്‍ പ്രണവ് പുരസ്കാരം വാങ്ങിയ ആ ദിവസം എനിക്ക് ഒരു പത്ര സമ്മേളനം നടത്താമായിരുന്നു. എനിക്ക് വേണ്ടത് പ്രശസ്തിയോ പണമോ അല്ല. പുനര്‍ജ്ജനി എന്ന സിനിമയ്ക്ക് പിന്നില്‍ താനുണ്ടായിരുന്നു, ആ അപ്പു തന്റെ കഥാപാത്രസൃഷ്ടിയായിരുന്നു, അത് ലോകം തിരിച്ചറിയണം അത് മാത്രമാണ് ലക്ഷ്യവും ആഗ്രഹവും.
എങ്ങനെയാണ് രാജേഷ് പുനര്‍ജ്ജനിയിലേക്ക് എത്തിപ്പെടുന്നത്?
2003 ലാണ് ഈ സിനിമയുമായി ബന്ധപ്പെട്ട് രാജേഷ് അമനകര എന്ന വ്യക്തി എന്നെ കാണുന്നത് (പിന്നീട് ഇയാളുടെ പേരിലാണ് ചിത്രം പുറത്തിറങ്ങുന്നത്). അജീഷ് എരുമേലി എന്ന എന്റെ സുഹൃത്ത് വഴിയാണ് ഞാന്‍ രാജേഷ് അമനകരയെ പരിചയപ്പെടുന്നത്.
രാജേഷ് അമനകര
ഞാനും രാജേഷ് അമനകരയും അന്ന് സിനിമയുമായി നേരിട്ട് ബന്ധം ഇല്ലാത്തവരാണ്. ഞാന്‍ ചില സീരിയലുകളുടെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുകയായിരുന്നു. അമനകരയുടെ കയ്യില്‍ ഒരു ത്രഡ് ഉണ്ട് അത് ഒന്ന് ഡെലവപ് ചെയ്ത് തിരക്കഥ ഒരുക്കണം എന്നാണ് അജീഷ് പറഞ്ഞത്. ഒരു സിനിമയ്ക്ക് തിരക്കഥ ഒരുക്കണമെന്നോ, സിനിമയില്‍ വരണമെന്നോ ചിന്തിച്ചിട്ട് പോലും ഇല്ലാത്ത സമയമായിരുന്നു അത്. സിനിമയോട് ആഗ്രഹം ഉണ്ടെങ്കിലും സിനിമ എന്നത് അന്ന് എനിക്ക് പേടിപ്പിക്കുന്ന ഒരു ലോകമായിരുന്നു. അജീഷിനോടുള്ള ആത്മബന്ധത്തിന്റെ പേരിലാണ് ഈ പ്രൊജക്റ്റ് ഏറ്റെടുക്കാമെന്ന് തീരുമാനിച്ചത് തന്നെ.
പന്ത്രണ്ട് വയസ്സുള്ള ധിക്കാരിയായ ആരും പറഞ്ഞാല്‍ കേള്‍ക്കാത്ത ഒരു പയ്യന്‍. ഇത് മാത്രമാണ് രാജേഷ് അമനകര എനിക്ക് തന്ന ത്രെഡ്. ഈ കുട്ടിയായിരിക്കണം സിനിമയിലെ പ്രധാന കഥാപാത്രമെന്നും പറഞ്ഞു.
പൂജപ്പുരയിലെ ലോഡ്ജില്‍ സിനിമയ്ക്ക് തിരക്കഥ ഒരുങ്ങുന്നു
ഞാനും, രാജേഷ് അമനകരയും, അജീഷും ചേര്‍ന്നാണ് പൂജപ്പുര ജംഗ്ഷനിലെ ബ്ലുനെയില്‍ എന്ന ലോഡ്ജില്‍ ഇരുന്ന് ഇതിന്റെ വര്‍ക്ക് തുടങ്ങുന്നത്. രണ്ട് ദിവസം കൊണ്ട് സിനിമയുടെ വണ്‍ലൈന്‍ തയ്യാറാക്കി. ആദ്യം എനിക്ക് പേടിയായിരുന്നു ഈ ത്രഡില്‍ നിന്ന് എവിടെയൊക്കെ കഥ ഡെവലപ് ചെയ്യണം, എന്തെല്ലാം കഥാപാത്രം വേണം എന്നൊന്നും അറിയില്ലായിരുന്നു. രാജേഷ് അമനകരയ്ക്കും ഈ ത്രഡ് അല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു. പിന്നെ ഞാനാണ് ധിക്കാരിയായ ആ പയ്യനെ അപ്പു എന്നൊരു പേര് നല്‍കി സോപാനം പാടുന്ന ഒരു കഥാപാത്രമായി രൂപപ്പെടുത്തിയെടുത്തത്.(അപ്പു എന്ന ആ പേര് നല്‍കിയതും ഞാനാണ്. പ്രണവിനെ അടുപ്പമുള്ളവർ അപ്പു എന്നാണ് വിളിക്കുന്നത്. അന്ന് എനിക്കത് അറിയില്ലായിരുന്നു. പ്രണവിനെ മനസിൽ കണ്ടല്ല ആ തിരക്കഥ എഴുതിയതും. യാദൃശ്ഛികമാവാം. അപ്പോൾ ആ പേരാണ് എന്റെ മനസിൽ തെളിഞ്ഞത്. )
റിയാലിറ്റിയും ഫാന്റസിയും കലര്‍ന്ന ഒരു കഥയായാണ് ഞാന്‍ പുനര്‍ജ്ജനി എഴുതിയത്. അതുകൊണ്ടാണ് നാറാണത്ത് ഭ്രാന്തനെ പോലൊരു കഥാപാത്രത്തേയും തിരക്കഥയില്‍ ഉള്‍പ്പെടുത്തിയത്. പാലക്കാട് പശ്ചാത്തലമാക്കിയാണ് തിരക്കഥ ഒരുക്കിയത്. ഒന്നര ആഴ്ചകൊണ്ട് തിരക്കഥ പൂര്‍ത്തിയാക്കുകയും ചെയ്തു. എഴുത്ത് പൂര്‍ത്തിയായതോടെ ദൂരദര്‍ശനില്‍ വലയം എന്ന സീരിയലിന്റെ തിരക്കഥാകൃത്തിനെ കൊണ്ട് തിരക്കഥയില്‍ പാലക്കാടന്‍ സംഭാഷണത്തിന് വേണ്ട മാറ്റങ്ങള്‍ വരുത്തി. ഡയലോഗുകളിലെ ശൈലികളില്‍ മാത്രം മാറ്റം വരുത്തുകയാണ് ചെയ്തത്. അല്ലാതെ കഥയിലോ തിരക്കഥയിലോ അദ്ദേഹം മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. തിരക്കഥ പൂര്‍ത്തിയായതോടെ രാജേഷ് അമനകരയ്ക്കും ഇതെ കുറിച്ച് കൃത്യമായ ധാരണ വന്നു. തുടർന്ന് കാസ്റ്റിംഗും ഞങ്ങള്‍ തന്നെയാണ് ഇരുന്ന് തീരുമാനിച്ചത്. അനിലാ ശ്രീകുമാറിനേയും, ഊര്‍മ്മിളാ ഉണ്ണിയേയും, ജഗന്നാഥനേയും ചിത്രത്തില്‍ ഉള്‍പ്പെടുത്താമെന്ന ആശയം ഞാനാണ് മുന്നോട്ട് വച്ചത്. ഇവരൊക്കെയാണ് പിന്നീട് ചിത്രം ഇറങ്ങിയപ്പോള്‍ ഇതില്‍ അഭിനയിച്ചതും
പ്രണവ് സിനിമയിലേക്ക്
താരങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ ചിത്രത്തിലെ കുട്ടിയായ കേന്ദ്ര കഥാപാത്രത്തെ ആരാണ് അവതരിപ്പിക്കുക എന്നത് നിശ്ചയിക്കാനാണ് ഏറെ സമയം എടുത്തത്. അന്ന് മാസ്റ്റര്‍ അരുണിനേയും, മാസ്റ്റര്‍ അശ്വിനേയുമൊക്കെ ഈ കഥാപാത്രത്തിനായി പരിഗണിച്ചിരുന്നു. തിരക്കുകള്‍ കാരണം അവരെയൊന്നും പറ്റിയില്ല. ഒന്നരയാഴ്ചയോളം കുട്ടികള്‍ റോളര്‍സ്കേറ്റിംഗ് പഠിക്കുന്ന പല സ്ഥലങ്ങളിലൊക്കെയായി എന്റെ മനസിലുണ്ടായിരുന്ന അപ്പുവിനെ തേടി നടന്നിരുന്നു. പിന്നീട് ഞാന്‍ തന്നെയാണ് മോഹന്‍ലാലിന്റെ മകനെ സിനിമയിലേക്ക് പരിഗണിക്കാമെന്ന് പറയുന്നത്. ലുക്ക് വൈസ് നല്ല രസമുള്ള പയ്യനാണ്, ഫ്രഷ് മുഖമാണ് ഇതൊക്കെയാണ് പ്രണവിനെ പരിഗണിക്കാമെന്ന് ഞാന്‍ കരുതിയതിന്റെ കാരണങ്ങള്‍. അവരും അതിന് സമ്മതം പറഞ്ഞു.
അണിയറയില്‍ നെറികേടിന്റെ തിരക്കഥ ഒരുങ്ങുന്നു
അന്ന് സീരിയലിന്റെ വര്‍ക്കൊക്കെയായി നടക്കുകയായിരുന്നു ഞാന്‍. തിരക്കഥ എഴുത്ത് തുടങ്ങിയതോടെ അത്രയും ദിവസം ജോലിയൊന്നും ഇല്ലാതെയാണ് ഇരുന്നതും. ജോലിയില്ലാതെ ഇത്രയേറെ ദിവസം നില്‍ക്കുന്നത് എനിക്ക് അന്ന് പ്രയാസമായിരുന്നു. കഥാപാത്രത്തെ ഇവര്‍ തെരഞ്ഞെടുക്കുന്ന സമയത്ത് ഞാന്‍ വീണ്ടും കണിയാപുരത്ത് ഒരു സീരിയല്‍ വര്‍ക്കിനായി ജോയിന്‍ ചെയ്തു. തിരക്കഥയുടെ കോപ്പി സൂക്ഷിക്കണമെന്നോ, അങ്ങനെ കൊടുത്തിട്ട് പോകരുതെന്നോ എനിക്ക് അറിയില്ലായിരുന്നു. അതെല്ലാം രാജേഷ് അമനക്കരയെ ഏല്‍പ്പിച്ചാണ് ഞാൻ പോകുന്നത്. സീരിയലിന്റെ വര്‍ക്കിന് ജോയിന്‍ ചെയ്ത ശേഷം നിരവധി തവണ ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവരെ കിട്ടിയില്ല. അന്ന് മൊബൈല്‍ ഒന്നും ഇല്ല. പേജറായിരുന്നു. ഒരിക്കല്‍ അജീഷിനെ കിട്ടി. അന്ന് അജീഷ് പറഞ്ഞത് മോഹന്‍ലാലിന്റെ മകനെ അഭിനയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്ക് പോകുകയാണ്. എല്ലാം പെട്ടെന്ന് ശരിയാകുമെന്നുമാണ്. ആ വാക്ക് കേട്ട് ഞാന്‍ വീണ്ടും സീരിയല്‍ തിരക്കിലേക്ക് മടങ്ങിപ്പോയി. എന്തെങ്കിലും റെഡി ആയാല്‍ ഇവര്‍ അറിയിക്കുമെന്നായിരുന്നു ധാരണ.
15ദിവസത്തെ സീരിയലിന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിയ ഞാന്‍ ഇവരെ വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഇവരാരും എന്റെ ഫോണിന് പ്രതികരിച്ചില്ല. രണ്ട് മാസത്തിന് ശേഷം പിന്നീട് താന്‍ അറിയുന്നത് കൈരളി തീയറ്ററില്‍ തന്റെ ഈ ചിത്രത്തിന്റെ പ്രിവ്യൂ നടക്കുന്നുവെന്നാണ്. എന്റെ ഒരു സുഹൃത്തായ രാജേഷ് തലച്ചിറ പറഞ്ഞിട്ടാണ് ഞാനിത് അറിയുന്നത്. രാജേഷ് തലച്ചിറയ്ക്ക് ഞാന്‍ ഈ സിനിമയില്‍ ഉള്‍പ്പെട്ട കാര്യം അറിയാം. പൂജപ്പുര ലോഡ്ജില്‍ ഈ സിനിമയുടെ തിരക്കഥ ഞാന്‍ എഴുതുന്ന സമയത്ത് തലച്ചിറ അവിടെ വന്നിട്ടുണ്ട്. അപ്പോള്‍ സ്ക്രിപ്റ്റും വായിച്ച് കേട്ടിരുന്നു. സത്യത്തില്‍ അവൻ എന്നെ വിളിക്കുന്നത് സിനിമ പുറത്തിറങ്ങിയ സന്തോഷത്തിലാണ്. എന്നാല്‍ ഞാന്‍ അതില്‍ ഉള്‍പ്പെട്ടില്ലെന്ന് അപ്പോളാണ് ഞങ്ങള്‍ ഇരുവരും തിരിച്ചറിയുന്നത്. തിരക്കഥയുടെ മുഴുവന്‍ ക്രെഡിറ്റും രാജേഷ് അമനകരയ്ക്കും, മേജര്‍ രവിയും രാജേഷും കൂടിയാണ് ചിത്രം സംവിധാനം ചെയ്തതെന്നും ഞാന്‍ അപ്പോഴാണ് അറിഞ്ഞത്.
പിറ്റേ ദിവസം പുനര്‍ജ്ജനി എന്ന സിനിമയെ കുറിച്ച് ഒരു ചാനലില്‍ സ്പെഷ്യല്‍ ഷോയും വന്നു. രാജേഷ് അമനകരയും, മേജര്‍ രവി സാറും പങ്കെടുത്ത അരമണിക്കൂര്‍ പ്രോഗ്രാമായിരുന്നു അത്. തന്റെ ഒരു ഡ്രീം പ്രോജക്റ്റായിരുന്നു അതെന്ന് രാജേഷ് അമനകര ഈ സിനിമയെ കുറിച്ച് പറഞ്ഞത് ഞാന്‍ എന്റെ വീട്ടില്‍ ഇരുന്ന് നിസഹായനായി നിറകണ്ണുകളോടെയാണ് കേട്ടത്. പ്രശസ്തി ഒന്നും പ്രതീക്ഷിച്ചല്ല അന്ന് സിനിമയ്ക്കായി അവർക്കൊപ്പം സഹകരിച്ചത്. എന്നിട്ടും ഒന്നുമല്ലാതായി തീരുന്നതിന്റെ വേദന അത് ഞാൻ നന്നായി അനുഭവിച്ചു. വല്ലാത്ത മാനസിക സംഘർഷം അനുഭവിച്ച ദിവസങ്ങളായിരുന്നു പിന്നീട് അങ്ങോട്ട്.
ഇത് സിനിമാ രംഗത്തുള്ള മറ്റാര്‍ക്കെങ്കിലും അറിയാമോ?
എന്റെ ഗുരു ഭരണിക്കാവ് ശിവകുമാറിനോട് ഞാനീ സംഭവം പറഞ്ഞു. സാറ് പറഞ്ഞത് വെള്ളിനക്ഷത്രത്തില്‍ ഇത് വാര്‍ത്തായായി കൊടുക്കണമെന്നാണ്. നടന്‍ ക്യാപ്റ്റന്‍ രാജുവുമായി എനിക്ക് അന്ന് നല്ല അടുപ്പം ഉണ്ട്. ഇക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹവും ഇത് വാര്‍ത്തയാക്കണമെന്ന് തന്നെയാണ് പറഞ്ഞത്. വാരികയുടെ ഓഫീസില്‍ ചെന്നപ്പോള്‍ നടന്നത് എല്ലാം കൃത്യമായി എഴുതി കൊണ്ട് വരാന്‍ പറഞ്ഞു. തുടര്‍ന്ന് എല്ലാം എഴുതി ശരിയാക്കി.
ഇത്രയും നാള്‍ ഇത് പറയാതിരുന്നതിന് എന്ത് ന്യായീകരണമാണ് രാജേഷിന് പറയാനുള്ളത്?
ഞാന്‍ വലിയ ഒരു ഈശ്വര വിശ്വാസിയാണ്, അത് കൊണ്ട് തന്നെ നടന്ന എല്ലാ സംഭവങ്ങളും ഞാന്‍ എന്റെ കുടുംബ ക്ഷേത്രത്തിലെ പൂജാരിയോട് പറഞ്ഞു. എന്റെ ജീവിതത്തിലെ പല മുഹൂർത്തങ്ങളിലും ഞാൻ ഈ പൂജാരിയുടെ ഉപദേശം തേടിയിട്ടുണ്ട്. അപ്പോഴെല്ലാം കാര്യങ്ങൾ മംഗളമായി മാത്രമേ നടന്നിട്ടുള്ളൂ. മാത്രമല്ല ഈ പൂജാരിയ്ക്ക് ലാലേട്ടനുമായി നല്ല അടുത്ത ബന്ധമുണ്ട്. അദ്ദേഹം പറഞ്ഞത് ഇത് പ്രശ്നം ആക്കേണ്ടെന്നാണ്. സിനിമയിലും സീരിയലിലും തുടര്‍ന്നും നില്‍ക്കാന്‍ ഇത് പ്രശ്നമായേക്കും. അതുകൊണ്ട് നിന്റെ സമയം വരും വരെ കാത്തിരിക്കൂ എന്ന് പറഞ്ഞു.
മാത്രമല്ല ഞാന്‍ ഏറെ ആരാധിക്കുന്ന മോഹൻലാൽ എന്ന നടനും അദ്ദേഹത്തിന്റെ പുത്രനും ഞാൻ കാരണം ഒരു പ്രശ്നവും വരരുതെന്ന് എനിക്കും ഉണ്ടായിരുന്നു. സംഭവം വാർത്തയായാൽ അത് എങ്ങനെയെല്ലാം വ്യാഖ്യാനിക്കപ്പെടുമെന്ന ഭയവും എനിക്കുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഞാന്‍ പിന്നീട് വെള്ളിനക്ഷത്രത്തിന്റെ ഓഫീസിലേക്ക് പോയില്ല. എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി, തിരസ്കരിക്കപ്പെട്ടവന്റെ വേദനയുമായി ഞാൻ വീണ്ടും സീരിയൽ രംഗത്ത് സജീവമായി. മാസങ്ങള്‍ കഴിഞ്ഞ് പുനർജ്ജനി റീലീസായി. വീണ്ടും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ ചിത്രത്തിലെ അഭിനയത്തിന് പ്രണവ് മോഹന്‍ലാലിന് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡും ലഭിച്ചു. എല്ലാത്തിനും നിസഹായനായി ഞാന്‍ സാക്ഷിയായി.
രാജേഷ് അമനക്കരയെ നേരില്‍ കാണുന്നു
പിന്നീട് ഞാന്‍ ഒരു ടെലിവിഷന്‍ ചാനലില്‍ ജോലിക്ക് കയറി. വര്‍ഷങ്ങള്‍ കഴിഞ്ഞു. ഈ വിഷമം വിഷമമായി തന്നെ നിലനില്‍ക്കുന്നുണ്ടെങ്കിലും അതിന്റെ ആഘാതത്തില്‍ നിന്ന് പതിയെ ഞാന്‍ കരകയറി തുടങ്ങിയിരുന്നു. കീർത്തി ചക്ര എന്ന മേജർരവിയുടെ ചിത്രം വൻവിജയമായ സമയം. 2006ല്‍ ഞാന്‍ ജോലി ചെയ്ത ചാനലില്‍ കീര്‍ത്തിചക്രയുടെ നൂറാം ദിവത്തിന്റെ ആഘോഷ പരിപാടികള്‍ ചിത്രീകരിക്കുകയായിരുന്നു, തിരുവനന്തപുരം സെനറ്റ് ഹാളിലായിരുന്നു ചടങ്ങ്. അന്ന് മേജര്‍ രവിയോടൊപ്പം രാജേഷ് അമനകരയും പരിപാടിയിൽ പങ്കെടുക്കാനെത്തി. അന്ന് സെലിബ്രിറ്റീസിനെ കോഓര്‍ഡിനേറ്റ് ചെയ്യുന്ന ജോലിയായിരുന്നു എനിക്ക്. പരിപാടിയുടെ ബാക് സ്റ്റേജില്‍ നിന്ന് രാജേഷ് അമനകരയെ ഞാന്‍ നേരിട്ട് കണ്ടു. അന്ന് തിരക്കഥ നല്‍കി പിരിഞ്ഞതിന് ശേഷം ഞാന്‍ ആദ്യമായാണ് അമനകരയെ കാണുന്നത്.
തമ്മിൽ സംസാരിക്കാൻ ഒന്നോ രണ്ടോ മിനിട്ട് കിട്ടി. പണമോ പ്രശസ്തിയോ എനിക്ക് വേണ്ട, നിനക്ക് എന്റെ പേര് പ്രൊഡക്ഷന്‍ ബോയിയുടെ സ്ഥാനത്തെങ്കിലും ചേര്‍ക്കാമായിരുന്നു എന്ന് ഞാന്‍ പറഞ്ഞു. സിനിമയെന്തെന്ന് പോലും പൂര്‍ണ്ണമായി മനസിലാക്കാത്ത സമയത്ത് ഞാന്‍ എഴുതിയ ഒരു കഥ അത് ഇത്ര വിജയമാകുമ്പോള്‍ നിങ്ങള്‍ക്ക് എന്റെ പേര് എവിടെയെങ്കിലും പരാമര്‍ശിക്കാമായിരുന്നു എന്ന് കൂടി പറഞ്ഞു. അത് വിട്ട് പോയി, ഇനി എന്തെങ്കിലും വരുമ്പോള്‍ പരിഗണിക്കാം എന്നാണ് രാജേഷ് അമനക്കര എന്നോട് പറഞ്ഞത്. തിരക്കഥ പൂർണ്ണമായും എഴുതി നൽകിയ എന്റെ പേര് ചേർക്കാൻ വിട്ടുപോയത്രേ,
ഒന്ന് ആലോചിച്ച് നോക്കൂ ഒരു വരിയില്‍ നിന്ന് ഒരു തിരക്കഥയുണ്ടാക്കിയ എനിക്ക് കിട്ടേണ്ട ക്രെഡിറ്റ് മുഴുവന്‍ തട്ടിയെടുത്ത് എന്റെ കരിയര്‍ നശിപ്പിച്ചയാള്‍ പറയുകയാണ്, പേര് ചേർക്കാൻ വിട്ട് പോയതാണെന്ന്. !!
അത് അവിടെ അങ്ങനെ അവസാനിച്ചു.പിന്നീട് എന്റെ ജീവിതത്തില്‍ ഞാന്‍ രാജേഷ് അമനകരയെ കണ്ടിട്ടില്ല. രണ്ട് ചിത്രങ്ങള്‍ കൂടി രാജേഷ് അമനകരയുടേതായി തീയറ്ററുകളില്‍ എത്തി. ഒന്ന് അമ്മത്തൊട്ടില്‍, രണ്ട് രഞ്ജിനി ഹരിദാസ് പോലീസ് ഓഫീസറായി വേഷമിട്ട എന്‍ട്രി.
മേജര്‍ രവി ഉള്‍പ്പെടെ ആരും ഇത് അറിഞ്ഞില്ലേ?
ഇതിനിടയിലും ജോലി ചെയ്ത ചാനലിലെ വിവിധ പരിപാടികളുടെ ഭാഗമായി മേജര്‍ രവിസാറിനെ നിരവധി തവണ നേരില്‍ കാണുകയും ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ അന്നെല്ലാം സാറ് ആദ്യമായി ചെയ്ത ചിത്രത്തിന്റെ തിരക്കഥ എന്റെയായിരുന്നുവെന്ന് പറയാനുള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു.അംഗീകാരം എല്ലാം ലഭിച്ച് കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ആ സൃഷ്ടിയുടെ പിതൃത്വം അവകാശപ്പെട്ട് ചെന്നാൽ സാറ് എങ്ങനെ പ്രതികരിക്കുമെന്നും അറിയില്ലായിരുന്നു. അതിന് ശേഷം ചാനൽ ജോലിയുമായി എന്റെ ജീവിതം ഏറെ മുന്നോട്ട് പോയി. ജീവിതം കരുപ്പിടിപ്പിക്കുന്ന തിരക്കിൽ മനഃപൂർവ്വം ഈ വിഷയം മറന്നു. എങ്കിലും എവിടെയെങ്കിലും സിനിമ എന്ന വാക്ക് കണ്ടാൽ ഈ കഥകളൊക്കെ തികട്ടി തികട്ടി വരുമായിരുന്നെങ്കിലും ജീവിത തിരക്കിലും പ്രാരാബ്ധങ്ങളിലും തട്ടി അതൊക്കെ മുടങ്ങിക്കിടന്നു.
ഇപ്പോള്‍ വർഷങ്ങൾ വീണ്ടും കഴിഞ്ഞു, പ്രണവിന്റെ നായക പ്രവേശം ഇപ്പോൾ ഇത്ര ആഘോഷമാകുമ്പോള്‍ എന്റെ മനസില്‍ ഒരു വേദന. ആ നടന്‍ സിനിമയില്‍ കേന്ദ്രകഥാപാത്രമായി വന്ന് ആദ്യം പറഞ്ഞത് എന്റെ വരികള്‍ ആയിരുന്നല്ലോ എന്നെല്ലാം ഉള്ള ചിന്ത എന്നെ ആ പഴയ ഇരുപത്കാരനിലേക്ക്, ആ നിസ്സഹായാവസ്ഥയിലേക്ക് എന്നെ കൊണ്ടെത്തിച്ചു. അതാണ് ഇപ്പോള്‍ ഇതെല്ലാം തുറന്ന് പറയാന്‍ കാരണമായതും. ഇതാണ് എല്ലാം തുറന്ന് പറയാൻ പറ്റിയ സമയമെന്ന് മനസും പറഞ്ഞു. കാരണം മുമ്പ് ഞാനിതിന് തുനിഞ്ഞപ്പോഴെല്ലാം എന്തെങ്കിലും തടസ്സം ഉണ്ടാകുമായിരുന്നു. ഇന്നിപ്പോൾ അത്തരം തടസ്സങ്ങളൊന്നും ഉണ്ടായതുമില്ല. 15വര്‍ഷത്തിന് ശേഷം എനിക്ക് ഒരു ലാഭവും ഇതിലൂടെ ലഭിക്കില്ലെന്ന് അറിയാം. അതന്റെ ലക്ഷ്യവും അല്ല. ആരുടേയും ശത്രുതയും വേണ്ട, പ്രണവ് നാളെ വലിയ നടനാവും സംവിധായനാകും. അപ്പോഴും സിനിമയില്‍ മുഴുനീളെ പ്രണവ് അഭിനയിച്ചപ്പോള്‍ ആദ്യം പറഞ്ഞത് എന്റെ ഡയലോഗാണ്, പ്രണവിന്റെ അഭിനയ ജീവിതത്തിലെ ആദ്യത്തെ മികച്ച കഥാപാത്രത്തിന് ഞാനിട്ട പേരായിരുന്നു, ആ സിനിമയ്ക്ക് ഞാനാണ് പേരിട്ടത്. ഇതെല്ലാം എന്നിലെ എനിക്ക് എക്കാലത്തും സന്തോഷം തരുന്നതാണ്.
ആദി റിലീസ് ചെയ്യുന്നത് കൊണ്ടാണോ ഇതെല്ലാം ഇപ്പോള്‍ തുറന്ന് പറയുന്നത്??
അതും ഒരു കാരണമാണ്. എന്നാല്‍ എന്റെ ഭയം ഇപ്പോള്‍ നീങ്ങിയെന്നതാണ് യഥാര്‍ത്ഥ്യം.
ഈ അവഗണനയുടെ കഥ എന്റെ പ്രശസ്തരായതും അല്ലാത്തതുമായ കൂട്ടുകാര്‍ക്ക് അറിയാം. ഞാന്‍ എഴുതിയ തിരക്കഥയുടെ തൊണ്ണൂറ്റിയഞ്ച് ശതമാനത്തില്‍ അധികം സിനിമയില്‍ വന്നിട്ടുമുണ്ട്. അധികം തിരുത്തില്ലാതെ മേജര്‍ രവി അത് സിനിമയാക്കിയതും എന്നെ സംബന്ധിച്ചടുത്തോളം അഭിമാനിക്കാവുന്ന കാര്യമാണ്. പക്ഷേ അത് എന്നില്‍ മാത്രം ഒതുങ്ങിപ്പോകുന്നു എന്നതാണ് സത്യം. പലപ്പോഴും ലാലേട്ടനെ ജോലി സംബന്ധിയായി അടുത്ത് കണ്ടിട്ടുണ്ട്. അപ്പോഴൊന്നും ഇത് പറയാനുള്ള സ്പെസ് കിട്ടിയില്ല. ജോലിക്കാരനായാണ് അന്ന് ലാലേട്ടന്റെ മുന്നില്‍ നിന്നത്. ആ പരിമിതി എന്നെ പിന്നോട്ട് വലിച്ചു. ഇത്രയും വലിയ നടനോട് ഞാനെങ്ങനെയാണ് മകന്റെ ചിത്രത്തിന് പിന്നിൽ ഞാനാണെന്ന് പറഞ്ഞ് ചെല്ലുക, അദ്ദേഹത്തിന് അത് എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ എന്ന ചിന്തകളും എന്നെ ഈ സത്യം പറയുന്നതില്‍ നിന്ന് അകറ്റി. കരയുന്ന ഹൃദയത്തോടെയാണ് അത്തരം ഷൂട്ടിംഗ് സെറ്റില്‍ നിന്ന് മടങ്ങുക. എന്നാൽ ഇപ്പോൾ എനിക്ക് ഉറപ്പുണ്ട് മോഹന്‍ലാലോ പ്രണവോ ഇത് അറിഞ്ഞാല്‍ അവരെന്നോട് പ്രതികരിക്കും.കുറഞ്ഞത് സത്യാവസ്ഥ എന്തെന്ന് രാജേഷ് അരമനക്കരയോട് ചോദിക്കുകയെങ്കിലും ചെയ്യും.
ഇതിനിടെ മോഹന്‍ലാലിന്റെ പേഴ്സണല്‍ മേക്കപ്പ്മാനായ എന്റെ സുഹൃത്ത് വഴി ഈ സംഭവങ്ങൾ ലാലേട്ടനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.എന്റെ അടുത്ത സുഹൃത്ത് ആയതിനാലാണ് ഈ ആവശ്യവുമായി ഞാൻ അവനെ സമീപിച്ചത്. എനിക്ക് പറയാനുള്ളത് എല്ലാം ഞാൻ എഴുതി അവനെ ഏൽപ്പിച്ചു. ശരിയാക്കാമെന്ന് പറഞ്ഞ് മടങ്ങിയ അവൻ പതുക്കെ പതുക്കെ എന്നെ ഒഴിവാക്കാൻ തുടങ്ങി.ആ കത്തിൽ വലിയ സാഹിത്യമൊന്നും ഞാൻ പ്രയോഗിച്ചിട്ടില്ല. എന്നാൽ ചതിയിൽ തഴയപ്പെട്ട എന്റെ നിസ്സഹായാവസ്ഥ ഹൃദയം കൊണ്ടാണ് ഞാൻ എഴുതിയിത്. ആ കത്ത് ഇന്നും മോഹൻലാലിന്റെ കൈവശം എത്തിയിട്ടില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം. കാരണം ആ കത്ത് വായിച്ചാൽ അദ്ദേഹത്തിന് എന്നല്ല ആർക്കും ഈ ചതി തിരിച്ചറിയാൻ സാധിക്കും. എന്റെ ഭാഗ്യക്കേടിന് ആ വഴിയും അടഞ്ഞു.
എനിക്ക് പറയാനുള്ളത് ഇതാണ് ഞാനീ പറഞ്ഞത് മുഴുവന്‍ നൂറ് ശതമാനം സത്യമാണ്.ഹൃദയത്തിൽ കൈവച്ച് രാജേഷ് അമനക്കരയും അജീഷ് എരുമേലിയും പറയണം ഞാൻ ഈ പ്രോജറ്റിന്റെ ഭാഗമല്ലായിരുന്നുവെന്ന്. ഇത് എന്റെ തിരക്കഥയാണെന്ന് തെളിയിക്കാന്‍ എന്റെ കയ്യില്‍ യാതൊരു തെളിവുകളും ഇല്ല. ആകെ മുന്നോട്ട് വയ്ക്കാനുള്ളത് എന്റെ മനസാക്ഷിയാണ്. അതിനെ ചതിക്കുന്ന ഒന്നും ഞാന്‍ ഇത് വരെ ചെയ്തിട്ടില്ല, ഇനി ചെയ്യുകയും ഇല്ല. ലോകം തിരിച്ചറിയണം ഇത് എന്റെ കൂടി വിയര്‍പ്പായിരുന്നുവെന്ന്. അത്രമാത്രം!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here