ജോഹനാസില്‍ ഇന്ത്യന്‍ ടീം കാണിച്ചതാണ് നല്ല കട്ട ഹീറോയിസം

ഇന്ത്യ-സൗത്താഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചു. ഇന്ത്യ വിജയിച്ചെങ്കിലും ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഇന്ത്യയെ തോല്‍പ്പിച്ച് സൗത്താഫ്രിക്ക പരമ്പര സ്വന്തമാക്കി. എന്നിരിക്കലും ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് വിജയത്തെ വെറും ഒരു മാനം കാക്കല്‍ വിജയമായി മാത്രം കണ്ട് തള്ളികളയരുത്. ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യയുടെ ഈ വിജയത്തിന് തിളക്കം കൂടുതലാണ്.
ഗതി നിര്‍ണയിക്കാന്‍ കഴിയാത്ത സൗത്താഫ്രിക്കയിലെ വേഗമേറിയ പിച്ചുകളിലാണ് ഇന്ത്യ കളിക്കാന്‍ ഇറങ്ങിയത്. സൗത്താഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പോലും നിലയുറപ്പിക്കാന്‍ കഴിയാത്ത പിച്ചുകളില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ പതറി. ബാറ്റ്‌സ്മാന്‍മാര്‍ അടിക്കടി കൂടാരം കയറി. വലിയ ഇന്നിംഗ്‌സുകള്‍ പടുത്തുയര്‍ത്തുക എന്നത് ദുഷ്‌കരമായിരുന്നു സൗത്താഫ്രിക്കന്‍ പിച്ചുകളില്‍. അങ്ങനെയുള്ള ജോഹന്നാസ്ബര്‍ഗില്‍ ഇന്നലെ ഇന്ത്യ നേടിയ വിജയം ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ്.
2015ല്‍ നടന്ന ആദ്യ ഫ്രീഡം സീരിസില്‍ ഇന്ത്യ 3-0 ത്തിന് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു. അന്ന് ഇന്ത്യയിലായിരുന്നു ടെസ്റ്റ് പരമ്പര നടന്നത്. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നില്ലായിരുന്നെങ്കില്‍ ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ്ണ വിജയം സ്വന്തമാക്കുമായിരുന്നു. ഇന്ത്യയ്‌ക്കെതിരെ കാര്യമായി വെല്ലുവിളികള്‍ ഉയര്‍ത്താന്‍ കഴിയാതെ സൗത്താഫ്രിക്കന്‍ ടീം ടെസ്റ്റ് പരമ്പര അടിയറവ് വെക്കുകയായിരുന്നു. അന്ന് സ്പിന്നിനെ തുണക്കുന്ന പിച്ചുകള്‍ ഒരുക്കിയെന്ന് പറഞ്ഞ് സൗത്താഫ്രിക്കന്‍ താരങ്ങളും ക്രിക്കറ്റ് ബോര്‍ഡും ഇന്ത്യയെ പഴിച്ചു.
ഇനി ഇന്നലെ കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലേക്ക് നോക്കാം. ഇന്ത്യന്‍ ടീം ഇത്തവണ സൗത്താഫ്രിക്കയിലാണ്. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഒരു സന്നാഹ മത്സരം പോലും കളിക്കാതെയാണ് ടെസ്റ്റിലെ ഒന്നാം നമ്പര്‍ ടീം സൗത്താഫ്രിക്കയെ നേരിട്ടത്. സൗത്താഫ്രിക്കന്‍ പിച്ചുകള്‍ വേഗതയെ തുണക്കുന്നതും പേസ് ബൗളേഴ്‌സിന് കൂടുതല്‍ പിന്തുണ നല്‍കുന്നതുമാണെന്ന് ഇന്ത്യയ്ക്ക് അറിയാം. എങ്കിലും ആരെയും നേരിടാന്‍ ഉള്‍ക്കരുത്തുള്ള ഇന്ത്യന്‍ ബാറ്റിംഗ് ലൈന്‍ അപ്പില്‍ ക്യാപ്റ്റന്‍ കോഹ്‌ലിയും കോച്ച് രവി ശാസ്ത്രിയും കൂടുതല്‍ വിശ്വാസം അര്‍പ്പിച്ചു. എന്നാല്‍ ഇന്ത്യ മനസ്സില്‍ കരുതിയതിനേക്കാള്‍ ദുഷ്‌കരമായിട്ടാണ് സൗത്താഫ്രിക്കയിലെ പിച്ചുകള്‍ പെരുമാറിയത്. നിലയുറപ്പിക്കാന്‍ കഴിയാത്ത രീതിയില്‍ പിച്ചുകള്‍ പ്രതികരിച്ചു. സൗത്താഫ്രിക്കയുടെ പേസ് നിരയ്ക്ക് മുന്‍പില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. വലിയ സ്‌കോര്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യം. സൗത്താഫ്രിക്കയ്ക്കും ഇതേ അവസ്ഥ തന്നെ. അവിടെ അഭിനന്ദിക്കേണ്ടത് ഇന്ത്യയുടെ പേസ് നിരയെയാണ്. കൃത്യതയാര്‍ന്ന ലൈനും ലെങ്തും പാലിച്ച് സൗത്താഫ്രിക്കന്‍ പിച്ചുകളെ അവര്‍ പരമാവധി ചൂഷണം ചെയ്തു. എന്നാല്‍ അവര്‍ കാണിച്ച കൂറ് ഇന്ത്യയുടെ ബാറ്റ്‌സാമാന്‍മാര്‍ക്ക് പുലര്‍ത്തിയില്ല. ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഇന്ത്യയുടെ പരാജയത്തിന്റെ കാരണം അന്വേഷിച്ച് കൂടുതല്‍ തല പുകയ്‌ക്കേണ്ട ആവശ്യമില്ല. എങ്കിലും ഇന്ത്യയില്‍ വന്നപ്പോള്‍ ഇന്ത്യന്‍ പിച്ചുകളെ കുറ്റം പറഞ്ഞ സൗത്താഫ്രിക്കന്‍ താരങ്ങളെ പോലെ സൗത്താഫ്രിക്കയിലെ ദുഷ്‌കരമായ പിച്ചുകളെ ഇന്ത്യന്‍ നിര ഒരിക്കലും പഴിച്ചില്ല. ആദ്യ രണ്ട് ടെസ്റ്റുകളിലെ അനുഭവം ഇന്ത്യന്‍ ബാറ്റ്‌സമാന്‍മാരെ വലിയ പാഠം പഠിപ്പിച്ചു. അവിടെ നിന്ന് ലഭിച്ച ഊര്‍ജ്ജമാണ് ഇന്ത്യയെ ജോഹന്നാസ്ബര്‍ഗിലെ വിജയികളാക്കിയത്.
ബിസിസിഐ സഹതപിക്കുന്നുണ്ടാകും. ടെസ്റ്റ് പരമ്പര തുടങ്ങുന്നതിന് മുന്‍പ് ഇന്ത്യന്‍ ടീമിന് വേണ്ടി പിച്ചുകളുടെ സ്വാഭാവം മനസ്സിലാക്കാന്‍ എങ്കിലും രണ്ട് സന്നാഹ മത്സരങ്ങള്‍ ഒരുക്കിയിരുന്നുവെങ്കില്‍ ചരിത്രം മറ്റൊന്നാകുമായിരുന്നു. സൗത്താഫ്രിക്കയില്‍ ഒരു സമ്പൂര്‍ണ്ണ പരമ്പര നേട്ടം ഇന്ത്യ കൊതിച്ചിരുന്നു. കാരണം, അതിന് കഴിവുള്ളവര്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ട്. സമ്പൂര്‍ണ്ണ വിജയം മാത്രം ലക്ഷ്യം വെച്ച് ഇന്ത്യയെ വെല്ലുവിളിച്ച സൗത്താഫ്രിക്കയ്ക്ക് ജോഹന്നാസ് മറക്കാന്‍ ആഗ്രഹിക്കുന്ന പാഠമാണ്. ഇന്ത്യയുടെ ചുണക്കുട്ടികളെ അഭിനന്ദിക്കാതെ നിവൃത്തിയില്ലെന്ന് സാരം.
ടീം സെലക്ഷനില്‍ പറ്റിയ ഏറ്റവും വലിയ പാളിച്ചയായിരുന്നു അജിങ്ക്യ രഹാനെയെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ പുറത്തിരുത്തിയത്. മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിംങ്‌സില്‍ രഹാനെ നേടിയ 48 റണ്‍സിന് അത്രമേല്‍ വിലയുണ്ടായിരുന്നു. തകര്‍ച്ചയുടെ വക്കുകളില്‍ രഹാനെ എന്നും ഒരു രക്ഷകനാണ്. രാഹുല്‍ ദ്രാവിഡും വി.വി.എസ് ലക്ഷമണും തീര്‍ത്ത വിടവ് ഇല്ലാതാക്കാന്‍ കഴിവും പ്രാപ്തിയുമുള്ള താരമാണ് രഹാനെ. വിദേശത്തേക്ക് പറക്കുന്ന ഇന്ത്യന്‍ ടീമില്‍ ഒഴിച്ച് കൂടാനാവാത്ത താരമാണ് രഹാനെയെന്ന് സെലക്ഷന്‍ കമ്മിറ്റി ഇനിയെങ്കിലും ഓര്‍ത്താല്‍ നല്ലത്.
ജോഹന്നാസില്‍ നേടിയ വിജയം പരമ്പര നഷ്ടത്തിന് ബദലാകുകയില്ലെങ്കിലും ഈ വിജയത്തിന് ചരിത്ര താളുകളില്‍ വലിയ് സ്ഥാനമുണ്ട്. ഈ വിജയം അടുത്ത വരുന്ന ഏകദിനങ്ങള്‍ക്കും ട്വന്റി-20 പോരാട്ടങ്ങള്‍ക്കും ഇന്ത്യന്‍ ടീമിന് വലിയ ഊര്‍ജ്ജം നല്‍കും. ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയെ തള്ളി പറഞ്ഞ ക്രിക്കറ്റ് ആരാധകര്‍ക്ക് ഈ വിജയം വലിയ ആശ്വാസമേകുകയും ചെയ്യുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here