ആകെയുള്ളത് 1520+2410 = 3,930 രൂപ

കയ്യിലുള്ളത് 1520 രൂപ.
ബാങ്ക് അക്കൗണ്ടില്‍ 2410 രൂപ.
ഇതൊരു മുഖ്യമന്ത്രിയുടെ സമ്പാദ്യമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനമായ ത്രിപുരയാണ് ജന്‍മനാട്. മുഖ്യമന്ത്രിയുടെ പേര് മണിക് സര്‍ക്കാര്‍. സിപിഐഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം കൂടിയാണ്.ആറാം തവണയും മണിക് മത്സരത്തിന് ഒരുങ്ങുകയാണ്. ബംഗ്ലാദേശിനോട് ചേര്‍ന്ന് കിടക്കുന്ന ദാന്‍പൂര്‍ മണ്ഡലത്തില്‍ നിന്നാണ് പോരാട്ടം. നാമനിര്‍ദ്ദേശ പത്രികയുടെ കൂടെ സമര്‍പ്പിച്ച സ്വത്ത് വിവരത്തില്‍ നിന്നാണ് ‘സമ്പാദ്യക്കണക്ക്’കിട്ടിയത്.
തീര്‍ന്നില്ല.സ്വന്തമായി വീടില്ല.വാഹനമില്ല.താമസം മുഖ്യമന്ത്രി എന്ന നിലയില്‍ കിട്ടിയ വസതിയില്‍.മുഖ്യമന്ത്രി എന്ന നിലയില്‍ 26,315 രൂപ മാസശമ്പളം കിട്ടും. അത് മുഴുവന്‍ പാര്‍ട്ടിക്ക് നല്‍കും. 9,700 രൂപ പാര്‍ട്ടി തിരിച്ച് കൊടുക്കും. അതുകൊണ്ടാണ് മണികും ഭാര്യയും ജീവിക്കുന്നത്. റിക്ഷയിലാണ് മണികിന്റെ ഭാര്യ പാഞ്ചാലി ഭട്ടാചാര്യയുടെ സഞ്ചാരം.റിക്ഷയില്‍ സഞ്ചരിക്കുന്ന മുഖ്യമന്ത്രി പത്‌നിമാരും ഇന്ത്യയില്‍ വേറെ ഉണ്ടാകില്ല.
മണിക്കിന്റെ രാഷ്ട്രീയ ജീവിതം
രാധാകിഷോര്‍പൂരിലെ ഇടത്തരം കുടുംബത്തില്‍ 1949 ജനുവരി 22-ന് ജനനം.അച്ഛന്‍ തുന്നല്‍ക്കാരനായിരുന്നു. അമ്മ പ്രവിശ്യാ സര്‍ക്കാരിലെ ജീവനക്കാരിയും.പഠനകാലത്ത് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായി.1968-ല്‍ സിപിഐഎമ്മില്‍ അംഗമായി.ഇതിനിടെ,എംബിബി കോളെജില്‍ നിന്ന് ബി.കോം ബിരുദം നേടി.കോണ്‍ഗ്രസ് സര്‍ക്കാരിന് എതിരായ ഭക്ഷ്യ സമരത്തിന്റെ മുന്നണിപ്പോരാളിയായി.ഇരുപത്തി മൂന്നാം വയസില്‍ സിപിഐഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗം.1978-ല്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍.മുപ്പത്തിയൊന്നാം വയസില്‍ ആദ്യമായി നിയമസഭയില്‍.1993-ല്‍ സിപിഐഎം ത്രിപുര സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.1998-ല്‍ ത്രിപുര മുഖ്യമന്ത്രിയും സിപിഐഎം പോളിറ്റ്ബ്യൂറോ അംഗവുമായി.തുടര്‍ച്ചയായ അഞ്ചാം തവണയാണ് മണിക്ദാ ത്രിപുര മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നത്. ജനസമ്മിതിയും ജനസ്‌നേഹവുമാണ് തന്റെ സമ്പാദ്യമെന്ന് ജീവിതം കൊണ്ടാണ് മണിക് വിളിച്ച് പറയുന്നത്.
ബിനോയ് കോടിയേരിയുടെ സ്വത്ത് വിവരം തിരഞ്ഞ് പോയവര്‍ മണിക്കിന്റെ ‘സമ്പാദ്യക്കണക്ക്’ കാണണം. ആ ദാരിദ്ര്യവും വാര്‍ത്തയാണ്. ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി ഒരു കമ്യൂണിസ്റ്റുകാരനാണ് എന്ന് പറയാന്‍ ചിലര്‍ക്ക് മടികാണും. വാര്‍ത്തയുടെ മാനം തീരുമാനിക്കുന്ന ആ വടി തത്കാലം കയ്യിലില്ലാത്തത് കൊണ്ടാണ് ഈ വാര്‍ത്തയില്‍ കണ്ണുടക്കിയത്. വാര്‍ത്ത,വാര്‍ത്തയാണ്….
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here