Advertisement

മഴയും പിങ്ക് ജേഴ്‌സിയും സൗത്താഫ്രിക്കയെ കാത്തു; ആതിഥേയര്‍ക്ക് 5 വിക്കറ്റ് വിജയം

February 11, 2018
1 minute Read
cricket

സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര നേടാന്‍ ഇന്ത്യ  ഇനിയും കാത്തിരിക്കണം. ആറ് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ മൂന്ന് ഏകദിനങ്ങളും വിജയിച്ച ഇന്ത്യയ്ക്ക് ഇന്നലെ നടന്ന നാലാം ഏകദിനത്തില്‍ തോല്‍വി. പിങ്ക് ജേഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങിയപ്പോഴെല്ലാം വിജയങ്ങള്‍ മാത്രം രുചിച്ചിട്ടുള്ള സൗത്താഫ്രിക്കന്‍ ടീം ജോഹനാസ്ബര്‍ഗിലും ആ വിജയചരിത്രം ആവര്‍ത്തിച്ചു. അഞ്ച് വിക്കറ്റിനാണ് സൗത്താഫ്രിക്ക വിജയം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സ് നേടിയപ്പോള്‍ മഴ മൂലം തടസപ്പെട്ട മത്സരത്തില്‍ സൗത്താഫ്രിക്കയുടെ വിജയലക്ഷ്യം 28 ഓവറില്‍ 202 റണ്‍സായി പുനര്‍നിര്‍ണയിക്കുകയായിരുന്നു. സൗത്താഫ്രിക്ക 25.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം നേടിയെടുത്തു. സൗത്താഫ്രിക്കയ്ക്കുവേണ്ടി ഹെയ്ന്റിച്ച് ക്ലാസന്‍ 43 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഡേവിഡ് മില്ലര്‍ (39), ഹഷിം അംല (33), എബി ഡിവില്ലിയേഴ്‌സ് (26) എന്നിവരാണ് സൗത്താഫ്രിക്കയുടെ വിജയശില്‍പികള്‍. 5 പന്തുകള്‍ മാത്രം നേരിട്ട് 23 റണ്‍സ് നേടിയ ഫെലൂക്ക്യോ ആണ് സൗത്താഫ്രിക്കയുടെ വിജയം എളുപ്പത്തിലാക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുകള്‍ നേടി.

നേരത്തേ ശിഖര്‍ ധവാന്റെ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ 289 എന്ന മികച്ച സ്‌കോറിലെത്തിയത്. 105 പന്തുകളില്‍ നിന്ന് 109 റണ്‍സ് നേടി പുറത്തായ ധവാന്‍ തന്റെ ഏകദിന കരിയറിലെ 13-ാം സെഞ്ചുറിയാണ് ഇന്നലെ നേടിയത്. എന്നാല്‍ ടീമിന്റെ തോല്‍വിയില്‍ ധവാന്റെ സെഞ്ചുറിയുടെ തിളക്കം കുറഞ്ഞുപോയി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 75 റമ്#സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ ഇന്ത്യയുടെ മധ്യനിര നിരാശപ്പെടുത്തി. മികച്ച തുടക്കം ലഭിച്ചിട്ടും അജിങ്ക്യ രാഹാനെ, ഹാര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍ തുടങ്ങിയവര്‍ക്ക് അത് മുതലെടുക്കാന്‍ കഴിഞ്ഞില്ല. ഒരു സമയത്ത് 300 ന് പുറത്തേക്ക് പോകുമെന്ന് തോന്നിയ സ്‌കോറാണ് 289ല്‍ ഒതുങ്ങിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി തരക്കേടില്ലാത്ത പ്രകടനം നടത്തി. 43 പന്തുകള്‍ നേരിട്ട ധോണി 42 റണ്‍സ് നേടി പുറത്താകാതെ നിന്നു. പരമ്പരയില്‍ ഇന്ത്യ ഇപ്പോഴും 3-1 ന് മുന്‍പിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top